സമസ്ത ശതാബ്​ദി സമ്മേളനം: പ്രബോധക സംഗമം തുടങ്ങി

കുണിയ (കാസര്‍കോട്): സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി പ്രബോധക സംഗമം തുടങ്ങി. വരുംതലമുറക്ക്​ സമസ്ത പണിയുന്ന ആത്​മീയ അടിത്തറയുടെ സുപ്രധാന ഏടാണ്​ നാസ്വിഹ്​ അംഗങ്ങൾക്കുള്ള പഠന പരിപാടി.

ശതാബ്​ദി സമ്മേളനത്തിന്റെ പ്രധാന ഇനമായ​ പ്രതിനിധി ക്യാമ്പാണ്​ വ്യാഴാഴ്ച കുണിയയിലെ നഗരിയില്‍ നടന്നത്. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നും ദ്വീപുകളില്‍നിന്നും എത്തിയവര്‍ക്ക് പുറമെ ജി.സി.സി രാഷ്ട്രങ്ങളില്‍നിന്നും പ്രതിനിധികളെത്തി. രണ്ടു സെഷനുകളില്‍ നടന്ന പ്രബോധക സംഗമം പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഇസ്‍ലാമിന്റെ സൗന്ദര്യം സമൂഹത്തിന് കൈമാറുന്ന ദൗത്യമാണ് പ്രബോധനത്തിലൂടെ നിര്‍വഹിക്കുന്നതെന്നും പ്രബോധകന്മാര്‍ മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ് സംവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സത്യവും നന്മയും പ്രചരിപ്പിക്കുന്നതും മൗലിക മൂല്യങ്ങള്‍ പഠിപ്പിക്കുന്നതും സമൂഹ ബോധവത്കരണവും മാതൃകാപരമായ ജീവിതവും പ്രബോധനത്തിലൂടെ നേടിയെടുക്കാനാവുമെന്നും തങ്ങള്‍ വ്യക്തമാക്കി.

സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍ അധ്യക്ഷത വഹിച്ചു. ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ പ്രാര്‍ഥന നടത്തി. ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ആമുഖ പ്രസംഗം നടത്തി. ‘പ്രബോധനം എന്ത്, എന്തിന്’ വിഷയം ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ‘പ്രബോധനം, പ്രാധാന്യം’ വിഷയം ഇബ്രാഹിം ഫൈസി പേരാല്‍, ‘പ്രബോധനം മനോഭാവം’ വിഷയം മുഹമ്മദ് ജസീല്‍ കമാലി, ‘പ്രബോധനം സമീപനം’ വിഷയം ഡോ. സാലിം ഫൈസി കൊളത്തൂര്‍ എന്നിവര്‍ അവതരിപ്പിച്ചു.

രണ്ടാം സെഷനില്‍ ഹാഷിറലി ശിഹാബ് തങ്ങള്‍ ആമുഖപ്രസംഗം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ് ശരീഫ് ബാഖവി വേശാലയുടെ അധ്യക്ഷതയില്‍ എന്‍.കെ. അബ്ദുൽ ഖാദിര്‍ മുസ്‍ലിയാര്‍ പൈങ്കണ്ണിയൂര്‍ ഉദ്ഘാടനം ചെയ്തു. ‘പ്രബോധനം എ.ഐ സാധ്യത’ വിഷയം അബ്ദുല്‍ ഹക്കീം ഫൈസി തോട്ടരയും ‘പ്രബോധനം നാട്ടിലും മറുനാട്ടിലും’ വിഷയം ഫരീദ് റഹ്‌മാനി കാളികാവും ‘പ്രബോധനം സാമൂഹിക പരിസരം’ വിഷയം റഫീഖ് ചെന്നൈയും അവതരിപ്പിച്ചു.

അഞ്ചു വേദികളിലായാണ്​ പരിപാടികൾ നടക്കുന്നത്​. വേദി രണ്ടില്‍ നേതൃസംഗമം മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.കെ. മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷതവഹിച്ചു. സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത പോഷകഘടകങ്ങളുടെ ഭാരവാഹികള്‍ സംഘടന കര്‍മപദ്ധതി അവതരണം നടത്തി. ചടങ്ങില്‍ ഇസ്തിഖാമ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. 

Tags:    
News Summary - Samastha Centenary Conference: Preachers' Meeting Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.