സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

കൊച്ചി: 'വിശ്വാസത്തിന്‍റെ അഭിമാനസാക്ഷ്യം; വിമോചനത്തിന്‍റെ പാരമ്പര്യം' പ്രമേയത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് രണ്ടാം സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിലായി കൊച്ചിയിൽ നടക്കും. ശനിയാഴ്ച രാവിലെ പത്തിന് കലൂർ ഇന്‍റർനാഷനൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്‍റ് ഡോ. നഹാസ് മാള പതാക ഉയർത്തും. രാവിലെ മുതൽ ഞായറാഴ്ച ഉച്ചവരെയുള്ള വിവിധ സെഷനുകളിൽ 10,000 യുവജന പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. ഫാഷിസ്റ്റുകാല ഇന്ത്യയെ അഭിമുഖീകരിക്കാൻ യുവാക്കളെ സജ്ജരാക്കുക, ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകൾ ശക്തിപ്പെടുത്തുക, വർധിച്ചുവരുന്ന ഇസ്‍ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പൊതുജനപിന്തുണയോടെ ഭരണകൂടത്തിൽ സമ്മർദം ചെലുത്തുക, യുവാക്കളുടെ കർമശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക തുടങ്ങിയവയാണ് വിവിധ സെഷനുകളുടെ ഊന്നൽ.

ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ ജനറൽ സെക്രട്ടറി ടി. ആരിഫലി ഉദ്ഘാടനം ചെയ്യുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ സെഷനുകളിലായി സംഘടനയുടെ സംസ്ഥാന നേതാക്കളും മുനവറലി ശിഹാബ് തങ്ങൾ, അബ്ദുൽ ശുക്കൂർ ഖാസിമി, സി.എം. മൗലവി, സ്വലാഹുദ്ദീൻ മദനി, ടി.കെ. അഷ്റഫ്, വി.എച്ച്. അലിയാർ ഖാസിമി, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, ആദിത്യ മേനോൻ, മാങ് തെയ്ൻ ശ്വീ (സ്വതന്ത്ര റോഹിങ്ക്യ കൂട്ടായ്മ), റിജാഉൽ കരീം, ആസിഫ് മുജ്തബ തുടങ്ങിയവരും പങ്കെടുക്കും.

ഞായറാഴ്ച ഉച്ചക്ക് രണ്ടിന് യുവജനറാലിക്ക് ശേഷം കലൂർ സ്റ്റേഡിയത്തിലെ ശാഹീൻബാഗ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പതിനായിരങ്ങൾ പങ്കെടുക്കും. നാലുമണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനം ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്യും. ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ മുഖ്യാതിഥിയായിരിക്കും. ആകാർ പട്ടേൽ (ആംനസ്റ്റി ഇൻറർനാഷനൽ), സാമൂഹിക പ്രവർത്തക ഫാത്തിമ ശബരിമാല, നർഗിസ് ഖാലിദ് സൈഫി (ആക്ടിവിസ്റ്റ്), ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിക്കും. 

Tags:    
News Summary - The Solidarity State Conference begins tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.