സർപ്രൈസും സസ്പെൻസും നിറച്ച് കോൺഗ്രസ് ആദ്യഘട്ട പട്ടിക

തിരുവനന്തപുരം: മാരത്തോൺ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും പിന്നാലെ തർക്കസീറ്റുകൾ ഒഴിച്ചിട്ടും അനുനയവാതിൽ തുറന്നിട്ടുമാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നത്. പ്രഖ്യാപിച്ച മണ്ഡലങ്ങൾക്കൊപ്പം പ്രഖ്യാപിക്കാത്ത മണ്ഡലങ്ങളും ചർച്ചയാകുന്നുവെന്നതാണ് ആദ്യഘട്ട പട്ടികയുടെ പ്രത്യേകത. എം.പിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഹൈകമാൻഡ് കാർക്കശ്യം പറയുമ്പോഴും കെ. സുധാകരൻ കലാപക്കൊടി ഉയർത്തിയ കണ്ണൂരിനെയും അടൂർ പ്രകാശ് അവകാശവാദമുന്നയിച്ച കോന്നിയെയും കെ.സി. വേണുഗോപാലിന് താൽപര്യമുള്ള ആലപ്പുഴയെയും ഒഴിച്ചിട്ടുണ്ട്. സിറ്റിങ് എം.എൽ.എമാരുൾപ്പെടുന്നതാണ് ആദ്യഘട്ട പത്രികയെന്ന് പറയുമ്പോഴും എൽദോസ് കുന്നപ്പിള്ളി മത്സരിക്കുന്ന പെരുമ്പാവൂരിനെ ഉൾപ്പെടുത്തിയില്ലെന്നതാണ് ശ്രദ്ധേയം. മറ്റൊരു സിറ്റിങ് മണ്ഡലം തൃപ്പൂണിത്തുറയാണെങ്കിലും കെ. ബാബു സ്വയം പിന്മാറാൻ സന്നദ്ധത അറിയിച്ചതാണ് ആദ്യപട്ടികയിൽ ഉൾപ്പെടാതിരിക്കാൻ കാരണം.

91 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇനിയും 36 സീറ്റുകളിലാണ് സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ളത്. 14 സീറ്റുള്ള തിരുവനന്തപുരത്ത് 12 സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്. ഇതിൽ മൂന്നിടത്ത് മാത്രമേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളൂ. മുതിർന്ന നേതാക്കൾ മത്സര താൽപര്യമറിയിച്ച ഇവിടെ കൂടുതൽ ചർച്ചകൾക്ക് വേണ്ടിയാണ് തീരുമാനം വൈകിപ്പിക്കുന്നതെന്നാണ് വിവരം. തിരുവനന്തപുരത്ത് 14ൽ 13ഉം ഇടതുമുന്നണിയുടെ കൈവശമാണ്. സീറ്റുകൾ പിടിച്ചെടുക്കാൻ കടുത്ത മത്സരവും മുന്നൊരുക്കവും നടത്തേണ്ട സാഹചര്യത്തിലാണ് അവസാന നിമിഷത്തിലെ അനിശ്ചിതത്വം. അതേസമയം, നേതാക്കളുടെ കോലം കത്തിക്കലടക്കം പ്രതിഷേധങ്ങൾ അരങ്ങേറിയ ചിറയിൻകീഴിൽ പിന്നോട്ടു പോകാൻ നേതൃത്വം തയാറായില്ല. രമ്യ ഹരിദാസ് തന്നെയാണ് ഇവിടെ സ്ഥാനാർഥി.

പത്തനംതിട്ടയിലെ സീറ്റുകളൊന്നിലും സ്ഥാനാർഥികളായിട്ടില്ല. മന്ത്രി വീണ ജോർജിനെ നേരിടാൻ ആറന്മുളയിൽ അബിൻ വർക്കിയുടെ പേരാണ് ഉയർന്നതെങ്കിലും അതിൽപോലും തീരുമാനത്തിലെത്താനായില്ല. സി.പി.എം വിട്ടിറങ്ങിയ വിമതർ മത്സരിക്കുന്ന അമ്പലപ്പുഴയിലും തളിപ്പറമ്പിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത് കൃത്യമായ സൂചനയാണ്. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ. സുരേഷിന് സീറ്റ് അനുവദിച്ചതും ഈ നിലപാടിന്‍റെ രാഷ്ട്രീയത്തുടർച്ച.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനുവേണ്ടി സ്ഥാനാർഥിത്വം ത്യജിച്ച മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയിയൊണ് തവനൂരിൽ കെ.ടി. ജലീലിനെ നേരിടാൻ പരിഗണിച്ചത്. ശക്തമായ ത്രികോണപ്പോര് നടക്കുന്ന പാലക്കാട്ട് സിനിമ നടൻ രമേഷ് പിഷാരടിയെ നിയോഗിച്ചാണ് കോൺഗ്രസിന്‍റെ വേറിട്ട പരീക്ഷണം. വൈക്കത്ത് സണ്ണി എം. കപിക്കാടിന്‍റെ പേര് കേട്ടെങ്കിലും പരിഗണിച്ചിട്ടില്ല. 55 പേരുടെ പട്ടികയിൽ അഞ്ച് പേരാണ് വനിതകൾ.

Tags:    
News Summary - The first phase list of Congress is revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.