കൊച്ചി: ശമ്പളവർധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർക്കാൻ ഹൈകോടതിയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിൽ തീരുമാനമായില്ല. ഹൈകോടതി നിർദേശിച്ചപ്രകാരം മീഡിയേഷൻ സെൻററിൽ അഡ്വ. പി.എം. മുഹമ്മദ് ഷിറാസിന്‍റെ മധ്യസ്ഥയിൽ രാവിലെ ആരംഭിച്ച ചർച്ച വൈകുന്നേരംവരെ നീണ്ടെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.
അടിസ്ഥാനശമ്പളം 40,000 രൂപയാക്കണമെന്ന ആവശ്യത്തിൽ നഴ്സുമാരുടെ സംഘടനാ പ്രതിനിധികൾ ഉറച്ചുനിന്നു. എന്നാൽ, മിനിമം വേതനവുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലെ നടപടിക്രമങ്ങൾ പൂർത്തയാകുംവരെ കാത്തിരിക്കണമെന്നതടക്കം ആവശ്യങ്ങളാണ് ആശുപത്രി മാനേജ്മെന്‍റുകൾ മുന്നോട്ടുവെച്ചത്. ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറാവാതെ വന്നതോടെ സംഘടനാ തലത്തിൽ തീരുമാനമെടുത്ത് നിലപാട് അറിയിക്കാൻ മീഡിയേറ്റർ കക്ഷികൾക്ക് നിർദേശം നൽകി.
തുടർന്ന് തിങ്കളാഴ്ച വീണ്ടും തുടരാൻ തീരുമാനിച്ച് ചൊവ്വാഴ്ചത്തെ ചർച്ച അവസാനിപ്പിച്ചു. നഴ്സുമാരുടെ സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് മധ്യസ്ഥ ചർച്ചക്ക് കോടതി കഴിഞ്ഞയാഴ്ച നിർദേശം നൽകിയത്. വ്യാഴാഴ്ച വീണ്ടും ഹരജി പരിഗണിക്കാനിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ വ്യാഴാഴ്ചവരെ നഴ്സുമാർ സമരത്തിൽനിന്ന് പിന്മാറി ജോലിയിൽ പ്രവേശിക്കണമെന്നും ഇവർക്കെതിരെ മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന് പ്രതികാര നടപടികളുണ്ടാവരുതെന്നും കോടതി നിർദേശിച്ചിരുന്നു. യു.എൻ.എ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി അത്യാഹിത, തീവ്രപരിചരണ വിഭാഗങ്ങളടക്കം മുടങ്ങിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകൾ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.