പാലക്കാട്: കേരളത്തിൽ സ്നേഹം പ്രകടിപ്പിച്ച് ചുറ്റിത്തിരിയുന്ന സംഘ് പരിവാറുകാർ മറ്റിടങ്ങളിൽ ക്രിസ്ത്യൻ സമൂഹത്തെ വലിയതോതിൽ ആക്രമണത്തിന് ഇരയാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം പാലക്കാട് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ശക്തമായ മതനിരപേക്ഷ സാമൂഹിക അന്തരീക്ഷമാണ് സംഘ്പരിവാറിനെ ഇത്തരം നീക്കത്തിൽനിന്നും പിന്തിരിപ്പിക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയ ലാഭം മോഹിച്ച് സംഘ്പരിവാറുകാർ ഇവിടെ ക്രൈസ്തവരോട് സ്നേഹത്തോടെ നീങ്ങുന്നത്.
ക്രൈസ്തവർ വലിയതോതിൽ മതപരിവർത്തനം നടത്തുന്നുവെന്നാണ് ആരോപണം. എന്നാൽ, ക്രിസ്ത്യൻ ജനസംഖ്യ ഇപ്പോഴും 2.3 ശതമാനം മാത്രമാണ്. ഫാഷിസ്റ്റ് കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്ന പ്രസ്ഥാനമാണ് ആർ.എസ്.എസ്.
ആഭ്യന്തര ശത്രുക്കളായി അവർ കാണുന്നത് മുസ്ലിംകളെയും ക്രൈസ്തവരേയും കമ്യൂണിസ്റ്റുകളെയുമാണ്. ന്യൂനപക്ഷ വേട്ടയിലൂടെ രാജ്യത്തെ മതനിരപേക്ഷത തകർക്കാനാണ് ശ്രമം. മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമഭേദഗതിയും മുസ്ലിം വിവാഹ മോചനം ക്രിമിനൽ കുറ്റമാക്കിയതും ഗോവധ പ്രശ്നവുമെല്ലാം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്.
ബി.ജെ.പിയുടെ ബി ടീം ആകുകയാണ് കോൺഗ്രസ്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പ്രത്യയശാസ്ത്രപരമായ പ്രതിരോധം തീർക്കുന്നതിന് പകരം ബി.ജെ.പിയുമായി സമരസപ്പെടുന്ന സമീപനമാണ് കോൺഗ്രസിന്‍റേത്. കേരളത്തിന്‍റെ വികസനം തകർക്കാൻ യു.ഡി.എഫും ബി.ജെ.പിയും ജമാഅത്തെ ഇസ്ലാമിയും കൂട്ടുചേർന്നിരിക്കുകയാണെന്ന് പിണറായി ആരോപിച്ചു.
എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ എത്തിയത് വികസന നേട്ടംകൊണ്ടാണെന്ന് തിരിച്ചറിഞ്ഞ ഇവർ, ഇനി ഇവിടെ ഒരു വികസനവും വേണ്ടെന്നും എല്ലാത്തിനേയും എതിർക്കണമെന്നും തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാറിനെ ഉപയോഗിച്ചും പദ്ധതികളെ തടയാൻ ശ്രമിക്കുന്നു.
ബി.ജെ.പിയും യു.ഡി.എഫും ഒത്തുചേർന്നാണ് കെ-റെയിലിനെ തകർക്കാൻ നീക്കം നടത്തുന്നത്. ഇതിന്‍റെയെല്ലാം കൂടെ ജമാഅത്തെ ഇസ്ലാമിയുമുണ്ട്. ഇസ്ലാമിക രാഷ്ട്രവാദവുമായി നടക്കുന്ന ജമാഅത്തിന്‍റെ പരിസ്ഥിതി സ്നേഹവും ജനാധിപത്യവാദവും തുറന്നുകാട്ടണമെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.