യുദ്ധസ്മരണകളിൽ സുബേദാർ ഗോപാലകൃഷ്ണൻ നായർ

ചെറുതുരുത്തി: രാജ്യം ഓരോ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോഴും യുദ്ധസ്മരണകളുടെ പോരാട്ടവീര്യം കൈവിടാതെ സൂക്ഷിക്കുകയാണ് സുബേദാർ ഗോപാലകൃഷ്ണൻ നായർ. വയറു നിറച്ച് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്ന കുടുംബത്തിൽനിന്ന് രാജ്യത്തിന്റെ കാവലാളായി പൊരുതിയ ഓർമകളിലാണ് ഗോപാലകൃഷ്ണൻ നായർ.

1945 ജനുവരി 19ന് ചെറുതുരുത്തി പൈങ്കുളം റോഡ് ഒന്നാം മൈലിന് സമീപം കോതനാത്ത് പടിഞ്ഞാറേ (ശിശിരം) വീട്ടിൽ പിതാവ് അച്യുതൻ നായരുടെയും മാതാവ് കുഞ്ഞിലക്ഷ്മി അമ്മയുടെയും 12 മക്കളിൽ നാലാമനായാണ് ജനനം. പിതാവ് റെയിൽവേ ഉദ്യോഗസ്ഥൻ ആണെങ്കിലും 12 മക്കളെ വളർത്താൻ പാടുപെടുന്ന ദിനങ്ങളായിരുന്നു. വയറുനിറച്ച് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ കഥകൾ സഹോദരി ഭർത്താവായ പട്ടാള ഉദ്യോഗസ്ഥൻ ഭാസ്കരൻ നായരിൽനിന്ന് കേട്ടറിഞ്ഞതും പട്ടാളത്തിൽ ചേർന്നാൽ മൂന്നുനേരം വയറുനിറച്ച് ഭക്ഷണവും ലഭിക്കുമെന്നതും കേട്ടപ്പോൾ വിവരം വീട്ടുകാരെ അറിയിച്ചു.

ഒരു കാരണവശാലും പട്ടാളത്തിൽ ചേരരുത് എന്നാണ് അച്ഛൻ പറഞ്ഞത്. എന്നാൽ, 1963ല്‍ 18ാമത്തെ വയസ്സിൽ കോഴിക്കോട് പട്ടാളത്തിൽ ആളെ എടുക്കുന്നുണ്ട് എന്നറിഞ്ഞ ഗോപാലകൃഷ്ണൻ വീട്ടുകാരെ അറിയിക്കാതെ അവിടെ എത്തി. സെലക്ഷൻ കിട്ടി മൂന്നാം ദിവസമാണ് വീട്ടുകാർ അറിയുന്നത്. 1965ൽ ഇന്ത്യ- പാകിസ്താൻ യുദ്ധത്തിൽ പീരങ്കി ഉപയോഗിച്ച് യുദ്ധം ചെയ്യുന്ന സൈന്യത്തിനൊപ്പമായിരുന്നു ജോലി. രാവും പകലുമില്ലാതെ കടുത്ത തണുപ്പും സഹിച്ചാണ് യുദ്ധം ചെയ്തത്.

ആ വിജയദിനങ്ങൾ ഇന്നും മായാതെ ഉള്ളിലുണ്ട്. 1971ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലും പങ്കെടുത്തു. യുദ്ധം ജയിച്ചതിനെ തുടർന്ന് നിരവധി അംഗീകാരങ്ങളും ലഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ദേവകിയെ കല്യാണം കഴിച്ചു. ഗോപകുമാർ (പട്ടാളം) പ്രദീപ് കുമാർ (ബാങ്ക് ഉദ്യോഗസ്ഥൻ) എന്നിവരാണ് മക്കൾ. നിലവിൽ ഗോപാലകൃഷ്ണൻ കലാമണ്ഡലത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു.  

Tags:    
News Summary - Subedar Gopalakrishnan Nair in war memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.