തിരുവനന്തപുരം: ശശി തരൂർ സി.പി.എമ്മിലേക്ക് എന്ന വ്യാപക പ്രചരണങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തരൂരിനെ പോലെ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവ് മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് മുരളീധരൻ പ്രതികരിച്ചു.
ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലാണ്. ഏപ്രിൽ ഒന്നാം തീയതി മാത്രം പറയാനാകുന്ന കാര്യം. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് അഭിപ്രായ വ്യത്യാസം ഉണ്ടാകാം. മഹാപഞ്ചായത്തിൽ തരൂരിന്‍റെ പേര് പരാമർശിക്കാത്തത് അദ്ദേഹത്തിന് പ്രയാസമുണ്ടായിട്ടുണ്ട്. രാഹുൽ ഗാന്ധി എഴുതി നൽകിയ പേരുകളാണ് വായിച്ചത്. രാഹുൽ മനഃപൂർവം പേര് ഒഴവാക്കിയിട്ടില്ല.
തരൂരിന് പ്രയാസമുണ്ടായാൽ ഗൗരവമായി പാർട്ടി കാണും. രണ്ട് ദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി തരൂരുമായി നേരിട്ട് സംസാരിക്കും. അദ്ദേഹത്തിന്‍റെ പ്രയാസം പരിഹരിക്കും. മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലാത്തത് കൊണ്ട് ഇത്തരം സംഭവങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നത്. തങ്ങൾക്കൊന്നും ഇത് പ്രശ്നമല്ലെന്നും മുരളീധരൻ വ്യക്തമാക്കി.
സ്ഥാനാർഥി നിർണയ ചർച്ചക്ക് പോയപ്പോൾ ഞങ്ങളെയൊക്കെ ഒഴിവാക്കി. ഞങ്ങൾ ഒന്നും പരാതി പറഞ്ഞില്ല. പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ ജയിക്കണം. അതിനാലാണ് പ്രതികരിക്കാത്തതെന്നും മുരളീധരൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹി വിളിച്ചു ചേർത്ത യോഗത്തിൽ ശശി തരൂർ പങ്കെടുത്തിരുന്നില്ല. എറണാകുളത്ത് തദ്ദേശ ജനപ്രതിനിധികൾക്ക് സീകരണം നൽകിയ മഹാപഞ്ചായത്തിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി തരൂരിനുണ്ട്. ഇതിനാലാണ് യോഗത്തിൽ നിന്നും വിട്ടുനിന്നതെന്നാണ് സൂചന. എന്നാൽ, ഡി.സി ബുക്സിന്റെ കോഴിക്കോട്ട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനാൽ എത്താൻ കഴിയില്ലെന്ന് തരൂർ അറിയിച്ചിട്ടുണ്ടെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറയുന്നത്.
അതിനിടെ, യു.ഡി.എഫുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിനെ ഒപ്പം നിർത്താൻ സി.പി.എം നീക്കങ്ങൾ നടത്തുന്നതായി സൂചനയുണ്ട്. ദുബൈയിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചക്ക് മുൻഗണന എടുക്കുന്നതെന്നും സൂചനയുണ്ട്. ഞായറാഴ്ച രാവിലെയാണ് ശശി തരൂർ ദുബൈയിലേക്ക് തിരിച്ചത്. ഇന്നലെ വൈകീട്ട് ശശി തരൂരും മുഖ്യമന്ത്രിയുമായി അടുപ്പുമുള്ള വ്യവസായിയുമായി കൂടിക്കാഴ്ച നടക്കുമെന്നായിരുന്നു വിവരം.
27നാണ് തിരുവനന്തപുരത്ത് നടക്കുന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ശശി തരൂർ പങ്കെടുത്തേക്കില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇടഞ്ഞുനിൽക്കുന്ന ശശി തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അതിനിടയിലാണ് സി.പി.എം ഇത്തരമൊരു നീക്കവുമായി മുന്നോട്ടു പോകുന്നത്.
കോൺഗ്രസുമായി ചില പ്രശ്നങ്ങളുണ്ടെന്നും അതെല്ലാം നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും കഴിഞ്ഞ ദിവസം ശശി തരൂർ വ്യക്തമാക്കിയിരുന്നു. പാർലമെന്റിൽ സംഘടനയുടെ പ്രഖ്യാപിത നിലപാടുകൾ ഒരിക്കലും ലംഘിച്ചിട്ടില്ല. സംഘടനക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ മാധ്യമങ്ങളിലൂടെയല്ല, സംഘടനക്കുള്ളിൽ തന്നെ ചർച്ച ചെയ്യണമെന്നും തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.