കോട്ടയം: എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യനീക്കം വീണ്ടും പൊളിഞ്ഞു. എസ്.എൻ.ഡി.പിയുമായി ഐക്യത്തിനില്ലെന്ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് തീരുമാനമെടുത്തു. എൻ.എസ്.എസിന്റെ അടിസ്ഥാനമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും എല്ലാ സമുദായങ്ങളുമായി സൗഹൃദത്തിൽ പോകാനാണ് എൻ.എസ്.എസ് ആഗ്രഹിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഐക്യം പ്രായോഗികമല്ലെന്നാണ് ഇതുമായ ബന്ധപ്പെട്ട വാർത്താകുറിപ്പിൽ എൻ.എസ്.എസ് വ്യക്തമാക്കിയിരിക്കുന്നത്.
പല കാരണങ്ങളാലും പല തവണ എൻ.എസ്.എസ്. - എസ്.എൻ.ഡി.പി. ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങളാൽതന്നെ വ്യക്തമാകുന്നു. എൻ.എസ്.എസ്സിൻ്റെ അടിസ്ഥാന മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാനും ആവില്ല.അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എൻ.എസ്.എസ്സിന് എല്ലാ രാഷ്ട്രീയപ്പാർട്ടികളോടും സമദൂരനിലപാട് ഉള്ളതിനാൽ.
മറ്റെല്ലാ സമുദായങ്ങളോടും എന്ന വണ്ണം എസ്.എൻ.ഡി.പി.യോടും സൗഹാർദ്ദത്തിൽ വർത്തിക്കാനാണ് എൻ.എസ്.എസ്. ആഗ്രഹിക്കുന്നത്.എൻ.എസ്.എസ്. - എസ്.എൻ.ഡി.പി. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നുവെന്ന് വാർത്താകുറിപ്പിൽ എൻ.എസ്.എസ് വ്യക്തമാക്കി.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഐക്യം എന്ന ആശയം മുന്നോട്ടുവെച്ചത്. ഇതിനോട് ജി.സുകുമാരൻ നായർ യോജിക്കുകയായിരുന്നു. പിന്നീട് ഇതുസംബന്ധിച്ച ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളിയെ എസ്.എൻ.ഡി.പി ചുമതലപ്പെടുത്തുകയും ചെയ്തു. തുഷാർ എൻ.എസ്.എസ് ആസ്ഥാനത്ത് ചർച്ചക്ക് എത്താനിരിക്കെയാണ് ഐക്യം പൊളിഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.