പണക്കാട് തങ്ങന്മാരെ പുലഭ്യം പറയുന്ന ഉമർ ഫൈസി, വെള്ളാപ്പള്ളിക്കെതിരെ എന്തെങ്കിലും മിണ്ടിയോ...? -ഷാഫി ചാലിയം

കോഴിക്കോട്: സാദിഖലി തങ്ങൾക്കെതിരായ വിമർശനത്തിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് ഷാഫി ചാലിയം. പണക്കാട് തങ്ങന്മാരെ പുലഭ്യം പറയുന്ന ഉമർ ഫൈസി, മലപ്പുറത്തിനെതിരെയും മുസ്‌ലിംകൾക്കെതിരെയും വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ എന്തെങ്കിലും മിണ്ടിയോ എന്ന് അദ്ദേഹം ചോദിച്ചു.

‘വെള്ളാപ്പള്ളി എന്തെല്ലാം മുസ്‌ലിം സമുദായത്തെക്കുറിച്ച് പറയുന്നു. പണക്കാട് തങ്ങന്മാരെ പുലഭ്യം പറയാൻ നടക്കുകയാണ് എന്നല്ലാതെ വെള്ളാപ്പള്ളി എന്ന കൊടും വർഗീയവാദിക്കെതിരെ ഇവന്മാർ ആരെങ്കിലും എന്തെങ്കിലും മിണ്ടിയോ? ഈ സമുദായത്തിലെ എല്ലാ വിഭാഗവും മുസ്‌ലിം ലീഗിലുണ്ട്. എല്ലാ വിഭാഗങ്ങളുമായും എങ്ങനെയാണ് ജീവിച്ച് പോകേണ്ടത് എന്ന മാതൃക ബാഫഖി തങ്ങളും പൂക്കോയ തങ്ങളും കാണിച്ച് തന്നിട്ടുണ്ട്. ബാഫഖി തങ്ങൾ കെ.എം. മൗലവിയോടൊപ്പമാണ് ജീവിച്ചത്. ഒരാൾ സലഫിയാണ്, ബഫഖി തങ്ങൾ അഹ്‌ലുസ്സുന്നത്തി വൽ ജമാഅയാണ്. അവർക്ക് യോജിപ്പിന്‍റെ വഴിയുണ്ടായിരുന്നു. മുസ്‌ലിംകളെയും നാടിനെയും ബാധിക്കുന്ന കാര്യങ്ങളിൽ ഒരുമിച്ച് നില്‍ക്കാൻ ആ രണ്ട് മഹാന്മാരായ മനുഷ്യർക്ക് സാധിച്ചിട്ടുണ്ട്. തുടർന്ന് വന്ന പൂക്കോയ തങ്ങൾക്കും എൻ.വി. അബ്ദുസ്സലാം മൗലവിയും തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നു. പാണക്കാട്ടേക്ക് എൻ.വി. അബ്ദുസ്സലാം മൗലവി വന്നാൽ അദ്ദേഹത്തെ ഇമാമായി നിർത്തും പൂക്കോയ തങ്ങൾ... ഫിഖ്ഹ് വിഷയങ്ങളിൽ രണ്ടഭിപ്രായമുണ്ടെങ്കിലും യോജിക്കുന്ന മേഖലയുണ്ട്. ശിഹാബ് തങ്ങലും അങ്ങനെയായിരുന്നു...’

‘തിരൂരങ്ങാടി യത്തീംഖാനയുടെ ഉള്ളിൽ മുജാഹിദിന്‍റെ പള്ളിയുണ്ട്. ആ പള്ളിക്ക് തറക്കല്ലിട്ടത് ബാഫഖി തങ്ങളാണ്. ഇന്ന് സാദിഖലി തങ്ങളെങ്ങാനും പോയി ഒരു മുജാഹിദ് പള്ളിക്ക് തറക്കല്ലിട്ടാൽ ഇസ്‌ലാമിൽനിന്ന് ഇവർ പുറത്താക്കും... ഹൈദറലി തങ്ങൾ വരെ വളരെ ഉഷാറായിരുന്നു എന്നാണ് പറയുന്നത്...’ -ഷാഫി ചാലിയം പറഞ്ഞു.

കഴിഞ്ഞ ദിവസം, പാണക്കാട് തങ്ങളെ വിമർശിച്ചതിന് ഉമർ ഫൈസിയെ സമസ്ത ശാസിച്ചിരുന്നു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ എന്നിവരാണ് ഉമർ ഫൈസിയെ ശാസിച്ചത്. പാണക്കാട് സാദാത്തുക്കളെ സംബന്ധിച്ച് പരാമർശിച്ച ചില പ്രയോഗങ്ങൾ സമസ്തയുടെ ഒരു പ്രവർത്തകനും ഒരിക്കലും ഭൂഷണമല്ലാത്തതും തീർത്തും അപമര്യാദയുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശാസന. ഇത്തരം പ്രവർത്തനം സമസ്തയുടേയോ പ്രവർത്തകരുടേയോ രീതിയല്ലെന്നും ഇതിനുള്ള പരിഹാരം ഉടൻ ഉണ്ടാക്കേണ്ടതാണെന്നും ഉമർ ഫൈസിയെ ഓർമപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - shafi chaliyam against Umar faizy mukkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.