കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിന്‍റെ പശ്ചാത്തലത്തിൽ വഖഫ് സ്വത്തുക്കളുടെ വിവരം ഡിസംബർ അഞ്ചിനകം കേന്ദ്ര സർക്കാർ രൂപീകരിച്ച ഉമീദ് പോർട്ടലിൽ അപ് ലോഡ് ചെയ്യണമെന്ന ഉത്തരവ് ദുരുദ്ദേശ്യപരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ഇത്തരമൊരു സർക്കുലർ ഉള്ളതായി അധികമാർക്കും അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇനി സർക്കുലറിനെക്കുറിച്ച് അറിയുന്നവരാണെങ്കിൽ പോലും അതിന്‍റെ വിശദാംശങ്ങളെക്കുറിച്ച് മഹൽ / വഖഫ് സ്വത്തുക്കളുടെ അധികാരികളിൽ അധികമാർക്കും ധാരണയില്ല. അപ് ലോഡിങ് വർക്ക് എങ്ങനെ ചെയ്യുമെന്ന പരിശീലനം ബന്ധപ്പെട്ടവർക്ക് നൽകാൻ വഖഫ് ബോർഡ് തീരുമാനിച്ചിട്ടുണ്ടെങ്കിലും വിവരം പോർട്ടലിൽ ഉൾപ്പെടുത്തുന്നതിനായി നിശ്ചയിച്ച ഡിസംബർ അഞ്ചിന് തൊട്ടുതലേന്നൊക്കെയാണ് അവ നടത്തുന്നത്. അതുകൊണ്ട് ഒരു കാര്യവുമില്ല.
അടിയന്തരമായി വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശം അനവധി വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്താനായുള്ള ഗൂഢാലോചനയാണ്. ഡിസംബർ അഞ്ച് എന്ന തൊട്ടടുത്തുള്ള തീയതിയിൽ അപ് ലോഡ് ചെയ്യപ്പെടാതെ പോകുന്ന സ്വത്തുക്കൾ വഖഫ് അല്ലാതെ പ്രഖ്യാപിക്കപ്പെടും.
മുസ് ലിം ജനവിഭാഗങ്ങളുടെ സമ്പത്തും സ്വത്തുവകകളും തകർക്കുകയെന്ന വഖഫ് ഭേദഗതി നിയമത്തിന്‍റെ ഭാഗമായുള്ള ഗൂഢാലോചന തന്നെയാണ് ഇതിന് പിന്നിലും ഉള്ളത്. ആവശ്യമായ പരിശീലന പരിപാടികൾ ഫലപ്രദമായി നടത്തി പോർട്ടലിൽ അപ് ലോഡിങ് നടത്തുന്നതിനുള്ള മതിയായ സമയവും സാവകാശവും അനുവദിക്കപ്പെടണമെന്നും ഇല്ലെങ്കിൽ പ്രതിഷേധിക്കുമെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.