ലാവലിൻ കേസിൽ സെപ്റ്റംബർ 13ന് സുപ്രീംകോടതി വാദം കേൾക്കും, തീയതി മാറ്റരുതെന്ന് ജസ്റ്റിസ് യു.യു. ലളിത്
ന്യൂഡൽഹി: വിവാദമായ ലാവലിൻ കേസിൽ സെപ്റ്റംബർ 13ന് സുപ്രീംകോടതി വാദം കേൾക്കും. മുൻ വൈദ്യുത മന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയതിനെതിരെ സി.ബി.ഐ. സമർപ്പിച്ച അപ്പീൽ ഹരജിയാണ് സുപ്രീംകോടതി പരിഗണിക്കുക.
ബുധനാഴ്ച അഭിഭാഷകർ ലാവലിൻ കേസ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. കേസ് പല തവണയായി മാറ്റുകയാണെന്നും ഇത്തരത്തിൽ മാറ്റുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. അപ്പീൽ അടക്കമുള്ള മറ്റ് കേസുകൾ പരിഗണിക്കേണ്ടതുണ്ടെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.
കേസ് സെപ്റ്റംബർ 13ന് തന്നെ പരിഗണിക്കുമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് യു.യു. ലളിത്, കേസ് പട്ടികയിൽ നിന്ന് മാറ്റരുതെന്നും ഉത്തരവിട്ടു. ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരൺ എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ, ആഗസ്റ്റ് 22ന് കേസ് പരിഗണിക്കുമെന്നാണ് സുപ്രീംകോടതിയുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിരുന്നത്.
2017 ആഗസ്റ്റ് 23നാണ് ലാവലിൻ കേസിൽ പിണറായി വിജയൻ, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രൻ, കെ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈകോടതി കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. കൂടാതെ, ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, എം.വി. രാജഗോപാൽ, ആർ. ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു.
ഹൈകോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബർ 19നാണ് സി.ബി.ഐ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ അടക്കമുള്ളവർ നൽകിയ അപ്പീലിൽ വിചാരണ നേരിടണമെന്ന ഉത്തരവ് സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് വാദം കേൾക്കുന്നത് നിരവധി തവണ മാറ്റിയിരുന്നു.
ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് നടന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.