പുഷ്പഹാസൻ
ചിതറ: നാടിന് അഭിമാന നിമിഷം സമ്മാനിച്ച് സംസ്ഥാനത്തെ മികച്ച ഹൈടെക് കർഷകനായി ചിതറ സ്വദേശി പുഷ്പഹാസൻ. പരമ്പരാഗത കൃഷിരീതികളെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ചാണ് ചിതറ കൃഷിഭവൻ പരിധിയിലെ ചിതറ ഇടക്കുന്നിൽ പി-ദിനിയയിൽ പുഷ്പഹാസൻ സംസ്ഥാന കൃഷിവകുപ്പിന്റെ പുരസ്കാരത്തിന് അർഹനായത്.
വർഷങ്ങളായി കൃഷിരംഗത്ത് സജീവമായ പുഷ്പഹാസൻ, പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് പരമാവധി വിളവും ഗുണമേന്മയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈടെക് രീതികളിലേക്ക് തിരിഞ്ഞത്. കൃത്യതാ കൃഷി രീതിയിലൂന്നി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ ഫാമിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കൃഷിരീതികൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളിൽനിന്നും കീട ആക്രമണങ്ങളിൽനിന്നും വിളകളെ സംരക്ഷിച്ച് വർഷം മുഴുവൻ ഉയർന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വിളവെടുക്കാൻ പോളിഹൗസ് സംവിധാനം ആണ് സഹായമൊരുക്കുന്നത്.
ജലച്ചെലവ് ഗണ്യമായി കുറച്ച്, ചെടികളുടെ വേരുകളിലേക്ക് നേരിട്ട് ആവശ്യത്തിന് മാത്രം വെള്ളം നൽകുന്ന തുള്ളിനന രീതി (ഡ്രിപ് ഇറിഗേഷൻ) ജലസംരക്ഷണത്തിലും ഉൽപാദനവർധനയിലും വലിയ പങ്ക് വഹിക്കുന്ന (ഓട്ടോമേറ്റഡ് ഫെർട്ടിഗേഷൻ) രീതിയിലുമാണ് കൃഷി ഇദ്ദേഹം സംരക്ഷിക്കുന്നത്. ചെടികൾക്ക് ആവശ്യമായ ദ്രാവക രൂപത്തിലുള്ള പോഷകങ്ങൾ കൃത്യമായ അളവിലും സമയത്തും നനവെള്ളത്തോടൊപ്പം നൽകുന്ന സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്നു. കീടനാശിനികളുടെ ഉപയോഗം പരമാവധി കുറച്ച്, ഉപഭോക്താക്കൾക്ക് വിഷരഹിതവും സുരക്ഷിതവുമായ കാർഷിക ഉൽപന്നങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതാണ് ഇദ്ദേഹത്തിന്റെ ഫാമിനെ വേറിട്ടുനിർത്തുന്നത്.
കൃഷി ലാഭകരമല്ലെന്ന് കരുതി ഈ മേഖലയിൽനിന്ന് അകന്നുനിൽക്കുന്ന പുതിയ തലമുറക്ക് മുന്നിൽ, സാങ്കേതികവിദ്യയും കൃത്യമായ മാനേജ്‌മെന്റും ഉണ്ടെങ്കിൽ കൃഷി വൻ വിജയമാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പുഷ്പഹാസൻ. ഹൈടെക് കൃഷിരീതികൾ നേരിട്ട് കണ്ടുപഠിക്കാനും അത് തങ്ങളുടെ തോട്ടങ്ങളിൽ നടപ്പാക്കാനും താൽപര്യമുള്ള നിരവധി യുവാക്കൾക്കും കർഷകർക്കും ഇദ്ദേഹത്തിന്റെ ഫാം ഇന്ന് ഒരു തത്സമയ പരിശീലന കേന്ദ്രം പോലെ പ്രയോജനപ്പെടുന്നു. നാടിന്റെ പിന്തുണയും ഹൃദ്യമായ അഭിനന്ദനങ്ങളും കൃഷിഭവന്റെ ഭാഗത്തുനിന്ന് ലഭിച്ച കൃത്യമായ സാങ്കേതിക മാർഗനിർദേശങ്ങളും പ്രോത്സാഹനങ്ങളുമാണ് ഈ നേട്ടത്തിന് അടിത്തറയിട്ടതെന്ന് പുഷ്പഹാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.