വിഴിഞ്ഞം: വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിന്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ, എം. വിൻസെന്റ് എം.എൽ.എ എന്നിവർ സന്ദർശിച്ചു. ജോണിനെ കാണാതായിട്ട് 11 ദിവസങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ വരവ്. സന്ദർശന വേളയിൽ ജോണിന്റെ രണ്ട് മക്കൾ കണ്ണീരോടെയും എന്നാൽ ഉറച്ച ശബ്ദത്തോടെയും തങ്ങൾ നേരിടുന്ന സുരക്ഷാ വീഴ്ചകളും ആവശ്യങ്ങളും മന്ത്രിമാരുടെ സംഘത്തിന് മുന്നിൽ തുറന്നുപറഞ്ഞു
2017ലെ ഓഖി ദുരന്തം കഴിഞ്ഞ് ഇത്രയും വർഷമായിട്ടും കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താൻ ഒരു കൃത്യമായ എസ്.ഒ.പി ഇതുവരെയും വികസിപ്പിച്ചെടുത്തിട്ടില്ലെന്ന് മക്കൾ ചൂണ്ടിക്കാട്ടി. കടലിൽ പോകുന്നവരുമായി ആശയവിനിമയം നടത്താൻ ഒരു ‘ടു-വേ കമ്മ്യൂണിക്കേഷൻ’ സംവിധാനം ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി.
കാലാവസ്ഥാ മുന്നറിയിപ്പുകൾ വരുന്നത് വളരെ വൈകിയാണ്. ഉച്ചക്ക് ഒരു മണിക്ക് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് ലഭിക്കുന്നത് വളരെ വൈകിയാണ്. വൈകുന്നേരമാണ് തീരത്ത് സൈറൻ മുഴങ്ങുന്നത്. അപ്പോഴേക്കും അവർ കടലിൽ പോയിട്ടുണ്ടാകും. കടലിൽ ഉള്ളവർക്ക് തിരികെ വരാൻ കൃത്യമായ ആശയവിനിമയ മാർഗ്ഗങ്ങൾ ലഭിക്കുന്നില്ല.
നിലവിൽ കൃത്യമായതും പ്രാദേശികവുമായ കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ ലഭ്യമല്ല. രണ്ട്, മൂന്ന് ദിവസങ്ങൾക്ക് മുമ്പ് 40 കി.മീ വേഗതയിൽ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതുമൂലം മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുകളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. കാറ്റടിക്കുമെന്ന് കരുതി പണിക്ക് പോകാതിരിക്കുമ്പോൾ അവരുടെ അന്നന്നത്തെ വരുമാനമാർഗ്ഗം തടസ്സപ്പെടുകയാണ്. അതിനാൽ പ്രാദേശിക തലത്തിൽ കൃത്യമായ പ്രവചനങ്ങൾ നൽകാൻ സാധിക്കണം.
മറൈൻ ആംബുലൻസുകളേക്കാൾ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ എയർ ആംബുലൻസുകൾ ലഭ്യമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു
കൂടാതെ, രാത്രികാലങ്ങളിൽ പോലും പെട്ടെന്ന് പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റെസ്ക്യൂ സ്റ്റേഷനുകൾ തീരദേശത്ത് വേണം
നിലവിലുള്ള ഓഫീസ് സമയ ക്രമീകരണങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ മത്സ്യത്തൊഴിലാളികളെയും പങ്കാളികളാക്കണം. പ്രക്ഷുബ്ധമായ കടലിൽ എങ്ങനെയൊരു ബോട്ട് ഹാൻഡിൽ ചെയ്യണമെന്ന് നന്നായി അറിയാവുന്നത് പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കാണ്.
അതിനാൽ അവരെക്കൂടി രക്ഷാപ്രവർത്തനങ്ങളുടെ ടീമിൽ പങ്കാളികളാക്കണം. സാലറിക്ക് വേണ്ടിയല്ല, മറിച്ച് പ്രളയകാലത്തെയൊക്കെപ്പോലെ ഒരു പൊതുസേവനമായിട്ടാണ് അവർ ഇതിനെ കാണുന്നത്
.എന്നാൽ ഇതേ മത്സ്യത്തൊഴിലാളികളെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന പ്രവണതകൾ ഉണ്ടാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി
മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുമ്പോൾ ഭരണാധികാരികൾ നടത്തുന്ന ചില പരാമർശങ്ങൾ തങ്ങളെ വേദനിപ്പിക്കുന്നുണ്ടെന്ന് മക്കൾ പറഞ്ഞു .മൂന്ന് ദിവസം കഴിഞ്ഞിട്ടേ കടലിൽ പോയി ഇറങ്ങാൻ പറ്റുകയുള്ളൂ എന്ന് മന്ത്രി മുരളീധരൻ പറഞ്ഞതും, ‘ഞങ്ങൾ കരക്കാർ കടലിലേക്ക് വന്നാലുള്ള അവസ്ഥ അറിയാമല്ലോ’’ എന്ന് മുഖ്യമന്ത്രി ഫോൺ കോളിൽ സൂചിപ്പിച്ചതും തങ്ങളെ വളരെയധികം വേദനിപ്പിച്ചതായി അവർ വ്യക്തമാക്കി. തങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തികളിൽ നിന്നും ഇത്തരം പരാമർശങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് അവർ കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ പ്രതീക്ഷ തങ്ങളുടെ പപ്പ ഇപ്പോഴും തിരികെ വരുമെന്ന് തന്നെയാണ് കുടുംബം ഉറച്ചു വിശ്വസിക്കുന്നത്. നാളെയും ഇവിടുള്ള മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകേണ്ടതുണ്ട്
.അതിനാൽ വീട്ടിലിരിക്കുന്ന അമ്മമാർക്കും പെണ്ണുങ്ങൾക്കും സമാധാനത്തോടെ ഇരിക്കാൻ വേണ്ടിയാണ് രാഷ്ട്രീയത്തിനതീതമായി തങ്ങൾ ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്ന് ജോണിന്റെ മക്കൾ പറഞ്ഞു
അധികൃതരുടെ പ്രതികരണം മക്കളുടെ വേദനയും ബുദ്ധിമുട്ടുകളും നൂറ് ശതമാനവും ഉൾക്കൊള്ളുന്നുവെന്ന് ആഭ്യന്തര മന്ത്രി, ഫിഷറീസ് മന്ത്രി, എം.എൽ.എ എന്നിവർ പറഞ്ഞു. ഫിഷറീസ് മന്ത്രി തീരദേശത്ത് എത്തുന്നില്ല എന്ന ശക്തമായ വിമർശനങ്ങൾ നിലനിന്നിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം ഫിഷറീസ് മന്ത്രിയും കാണാതായ ജോണിന്റെ വീട്ടിൽ സന്ദർശനം നടത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.