തിരുവനന്തപുരം: ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും അധ:പതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രണ്ട് പൊലീസുകാരാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിങ് മാളില്‍ പൊലീസുകാരനെ എസ്.എഫ്.ഐകാർ ആക്രമിച്ചപ്പോള്‍ കോഴിക്കോട് മറ്റൊരു പൊലീസുകാരനെ പട്ടാപ്പകല്‍ ഒരു ക്രിമിനല്‍ കുത്തി പരിക്കേല്‍പ്പിച്ചു. വടിവാളുകള്‍ക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പി.ആര്‍ ഏജന്‍സികള്‍ ഊതി വീര്‍പ്പിച്ച അതേ പിണറായി വിജയന്‍ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓര്‍ക്കണം.
ഷോപ്പിങ് മാളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതും മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാണ്. എന്നിട്ടും മര്‍ദ്ദനത്തിന് ഇരയായ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേര്‍ന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നാണ് കേസ്. അതേസമയം, പിന്നാലെ നടന്ന് ആക്രമിച്ച എസ്.എഫ്.ഐ സംഘത്തിനെതിരെ നിസാര വകുപ്പുകള്‍ മാത്രം. അറസ്റ്റും ഇല്ല.
പ്രതികളാകുന്ന സ്വന്തക്കാരെയും സി.പി.എം ക്രിമിനല്‍ സംഘങ്ങളെയും ആഭ്യന്തരമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്ന പിണറായി വിജയന്‍ ചേര്‍ത്ത് പിടിക്കുന്ന ആദ്യ സംഭവമല്ല ഇത്. സി.പി.എം പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമ ബംഗാളില്‍ ഭരണത്തിന്റെ അന്ത്യനാളുകളില്‍ സംഭവിച്ചതൊക്കെയും കേരളത്തിലും ആവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.