തിരുവനന്തപുരം: കാലികമായ രീതികളും സമ്പ്രദായങ്ങളും പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാരും കരാറുകാരും സ്വായത്തമാക്കണമെന്നും അതിന് അവർക്ക് പരിശീലനം നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ എഞ്ചിനീയർമാർക്ക് ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉള്ള വൈദഗ്ധ്യം എടുത്തുപറയേണ്ട കാര്യമില്ല. പക്ഷെ, കാലികമായ കാര്യങ്ങൾ എൻജിനീയർമാരിൽ എത്തേണ്ടതുണ്ട്. പുതിയ രീതികളെക്കുറിച്ച് എൻജിനീയർമാരും അതുപോലെ കരാറുകാരും അറിയണം. അതിന് അവർക്ക് പരിശീലനം നൽകേണ്ടതുണ്ട്. പൊതുമരാമത്ത് വകുപ്പിൽ മാത്രമല്ല കാലികമായ അറിവ് സമ്പാദിക്കാൻ ഉള്ള പരിശീലനം എല്ലാവർക്കും നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ നിർമാണം നടക്കുന്ന റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നീ സ്ഥലങ്ങളിൽ എത്തി തൽസമയം ഗുണനിലവാര പരിശോധന നടത്തുന്ന സംവിധാനമാണ് ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ്. മൂന്ന് ബസുകളിലായി അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ള ലാബ് തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും കേന്ദ്രമായി പ്രവർത്തിക്കും.
ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വകുപ്പിൽ ഏറ്റവും ആധുനികമായ രീതികൾ ഉപയോഗിക്കുമ്പോൾ തെറ്റായ ചില പ്രവണതകൾ ഇല്ലാതാക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, വി ശിവൻകുട്ടി, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.