കൊട്ടിക്കേറിയിറങ്ങി; കേരളം നാളെ വിരൽചൂണ്ടും

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഭരണക്കസേരയിൽ ആരെന്ന് വിരൽചൂണ്ടാൻ മണിക്കൂറുകൾ ശേഷിക്കെ ഉരുകിത്തിളച്ച പ്രചാരണപ്പോരിന് കൊട്ടിക്കലാശം. ഭരണത്തുടർച്ചയുടെ കോട്ട കാക്കാൻ ഇടതുപക്ഷ തന്ത്രങ്ങളും ചെങ്കോട്ടകളിലടക്കം വിള്ളൽ വീഴ്ത്തി അധികാരം തിരിച്ചുപിടിക്കാനുള്ള യു.ഡി.എഫ് തന്ത്രങ്ങളും ചതുരംഗക്കളത്തിൽ കറുത്ത കുതിരകളാകാനുള്ള ബി.ജെ.പി സ്വപ്നങ്ങളും ഇനി ജനസമക്ഷം.

തെരുവുകളിൽ അലയടിച്ച മുദ്രാവാക്യങ്ങൾക്കും ആകാശമുയർന്ന കൊടിക്കൂറകൾക്കും ഇനി വിശ്രമമാണെങ്കിലും രാഷ്ട്രീയ കേരളത്തിന്റെ അണിയറകളിൽ ഉറക്കമില്ലാത്ത രാവാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുംകൊണ്ട് കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ, ശക്തിപ്രകടനത്തിന്റെ അവസാന ലാപ്പിലും മുന്നണികൾ ഒപ്പത്തിനൊപ്പമായിരുന്നു. വാശിയും ആവേശവും ഒരുപോലെ അലയടിച്ച കൊട്ടിക്കലാശം ചൊവ്വാഴ്ച വൈകീട്ട് ആറിന് അടങ്ങിയതോടെ ബുധനാഴ്ചത്തെ നിശബ്ദ പ്രചാരണത്തിനുശേഷം വ്യാഴാഴ്ച കേരളം ബൂത്തിലെത്തി അഞ്ച് വർഷത്തെ ഭരണം ആർക്കെന്ന് വിധിയെഴുതും. മാർച്ച് 15ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ തുടങ്ങിയ വോട്ടോട്ടം അവസാനിക്കുന്നത് 24ാം നാളിൽ.

മിക്ക മണ്ഡലങ്ങളുടെയും ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു ആവേശം നിറച്ച കൊട്ടിക്കലാശം. പാട്ടും ബഹളവും കൊടിതോരണങ്ങളും ഉയർന്നുപൊങ്ങിയ കൊട്ടിക്കലാശ വേദിയിൽ സ്ഥാനാർഥികളുമെത്തി. തലസ്ഥാനത്ത് വട്ടിയൂർക്കാവ് മണ്ഡലത്തിന്‍റെ കൊട്ടിക്കലാശം നടന്ന പേരൂർക്കടയിൽ മൂന്ന് മുന്നണി സ്ഥാനാർഥികളും ക്രെയിനിൽ കയറി അഭിവാദ്യം ചെയ്താണ് അണികളെ ആവേശത്തിലാക്കിയത്. ചിലയിടങ്ങളിൽ കൊട്ടിക്കലാശം സംഘർഷത്തിലേക്ക് നീങ്ങുന്നത് പൊലീസ് ഇടപെട്ട് തടഞ്ഞു. സംഘർഷ സാധ്യത മുന്നിൽ കണ്ട് ചില മണ്ഡലങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കി.

Tags:    
News Summary - The campaign peaks and fades; Kerala heads to the polls tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.