പേരിനൊപ്പം കെ.എ.എസ് എന്നു ചേർക്കാൻ മന്ത്രിസഭ യോഗം അനുമതി നൽകി


സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ പ്രവേശിക്കുന്ന കെ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് പേരിനൊപ്പം കെ.എ.എസ്. എന്നു ചേര്‍ക്കാന്‍ അനുമതി നല്‍കും. അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥര്‍ പേരിനൊപ്പം ഈ സർവീസിന്റെ ചുരുക്കപ്പേര് ഉപയോഗിക്കുന്ന മാതൃകയിലാവും ഇത്. പരിശീലനം പൂര്‍ത്തിയാക്കുന്ന കെ.എ.എസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥര്‍ ജൂലൈ ഒന്നിന് വിവിധ വകുപ്പുകളില്‍ ചുമതലയേല്‍ക്കും.

ക്രിമിനല്‍ നടപടി സംഹിതയില്‍ ഭേദഗതി

ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്മാരുടെ ശിക്ഷാവിധിക്കെതിരായ അപ്പീല്‍ കേള്‍ക്കാന്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിമാര്‍ക്കും ചീഫ് ജുഡീഷയല്‍ മജിസ്‌ട്രേറ്റ്മാര്‍ക്കും അനുമതി നല്‍കും. ഇതിന് ക്രിമിനല്‍ നടപടി സംഹിതയിലെ 381-ാം വകുപ്പ് ഭേദഗതി ചെയ്യും. ഹൈക്കോടതി രജിസ്ട്രാറുടെ നിർദേശമനുസരിച്ചാണ് തീരുമാനം. ഇതു സംബന്ധിച്ച കരട് ബില്ലും ധനകാര്യ മെമ്മോറാണ്ടവും അംഗീകരിച്ചു.

വിരമിക്കല്‍ പ്രായം 56 ആക്കി

കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എന്‍വയോണ്‍മെന്റ് സെന്ററിലെ ശാസ്ത്രവിഭാഗം ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 55 വയസില്‍ നിന്നും 56 വയസാക്കി ഉയര്‍ത്തി സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

രണ്ടാമത്തെ ഐടി കെട്ടിടം

കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 184 കോടി രൂപ ചെലവില്‍ രണ്ടാമത്തെ ഐ.ടി കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി. ഇതില്‍ 100 കോടി രൂപ കിഫ്ബി ഫണ്ടില്‍ നിന്നാണ്. പദ്ധതിയുടെ എസ്.പി.വി.യായി കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എല്‍)നെ നിയോഗിക്കാനും തീരുമാനിച്ചു.

ഓഫീസ് സമുച്ചയം

ഉന്നത വിദ്യാഭ്യസ കൗണ്‍സിലിന് ഓഫീസ് സമുച്ചയം നിര്‍മ്മിക്കുന്നതിന് അനുമതി. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ കൈവശമുള്ള നാല് ഏക്കര്‍ 73 സെന്റ് ഭൂമിയില്‍ നിന്നും 48.8 സെന്റ് സ്ഥലം വ്യവസ്ഥകളോടെ പാട്ടത്തിന് നല്‍കും.

ചികിത്സാസഹായം

മലപ്പുറം ഏറനാട് താലൂക്കില്‍ അറയിലകത്ത് വീട്ടില്‍ ഹാറൂണിന്റെ മകന്‍ ഷഹീന് ചികിത്സക്കായി മരുന്ന് വാങ്ങിയ ഇനത്തില്‍ ചെലവായ 67,069 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് റീ ഇംബേഴ്‌സ് ചെയ്ത് നല്‍കും. Systemic onset Juvenile Idiopathic Arthritis Disease എന്ന സന്ധിവാത രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഷഹീന്റെ തുടര്‍ ചികിത്സ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുവാന്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനെ ചുമതലപ്പെടുത്തി.

സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍

ഹൈക്കോടതിയിലെ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ (ഇറിഗേഷന്‍) തസ്തികയിലേക്ക് അഡ്വക്കേറ്റ് ജനറല്‍ ശുപാര്‍ശ ചെയ്ത അഡ്വ. സുജിത് മാത്യു ജോസിനെ നിയമിക്കാന്‍ തീരുമാനിച്ചു. കൊച്ചി കലൂര്‍ സ്വദേശിയാണ്.

പുനര്‍നിയമനം

കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും നിർവഹിച്ചുവരുന്ന പി.വി. ശശീന്ദ്രന് 01.06.2023 മുതല്‍ പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചു. ആറു മാസത്തേയ്‌ക്കോ പുതിയ മാനേജിംഗ് ഡയറക്ടറെ നിയമിക്കുന്നതുവരെയോ ആകും നിയമനം.

ശമ്പളപരിഷ്‌കരണം

സംസ്ഥാന ഐ.ടി മിഷനിലെ 27 തസ്തികളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിന് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകാരം നല്‍കി. പരിഷ്‌ക്കരണം 2020 ഏപ്രിൽ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കേരള സ്റ്റേറ്റ് ബിവറേജസ് കേര്‍പ്പറേഷനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ 11-ാം ശമ്പള പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലെ എസ്.എ.ല്‍ആര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഏകീകരിച്ച് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. 

Tags:    
News Summary - The cabinet meeting gave permission to add KAS to the name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.