കോഴിക്കോട്: മുപ്പതാമത് ഐ.എഫ്.എഫ്.കെ രാജ്യാന്തര മത്സരവിഭാഗത്തിലേക്ക് ‘തന്തപ്പേര്’ (Life of a phallus) തെരഞ്ഞെടുക്കപ്പെട്ടു. ഉടലാഴമെന്ന ആദ്യ സിനിമയിലൂടെ അന്തർദേശീയ ശ്രദ്ധനേടിയ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയുടെ രണ്ടാമത് സിനിമയാണ് തന്തപ്പേര്.
ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോലനായ്ക്ക വിഭാഗത്തിൽനിന്ന് ഒരാൾ ഇന്ത്യൻ സിനിമയുടെ നായകനാകുന്നു എന്നതാണ് തന്തപ്പേരിന്റെ പ്രത്യേകത. തുളു, തെലുങ്ക്, കന്നട, തമിഴ് തുടങ്ങിയ ഭാഷകളുടെ സങ്കരരൂപമായ ചോലനായ്ക്ക ഭാഷയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകൻ ജിയോബേബിയും പ്രധാന വേഷത്തിലെത്തുന്നു.
കഴിഞ്ഞ ആറുവർഷമായുള്ള കഠിനശ്രമത്തിലൂടെയാണ് സിനിമ പൂർത്തിയാക്കിയത്. 20ലധികം ചോലനായ്ക്ക വിഭാഗത്തിൽപെട്ട അഭിനേതാക്കൾക്ക് ദീർഘകാലത്തെ അഭിനയ പരിശീലനം നൽകിയിരുന്നു. സിനിമയിലെ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്ന പൂച്ചപ്പാറ മണി ചിത്രീകരണ കാലത്തിനിടെ ആനയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. 200 താഴെ മാത്രം ജനസംഖ്യയുള്ള ഗോത്രവിഭാഗമാണ് ചോലനായ്ക്കർ. ഇവരുടെ ജീവിതരീതി ഒരു ചലച്ചിത്രത്തിനുവേണ്ടി പകർത്തുക എന്നത് വെല്ലുവിളിയായിരുന്നു എന്ന് സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.