കല്‍പറ്റ: യു.ഡി.എഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി പറയുന്നതായി പ്രിയങ്കാ ഗാന്ധി എം പി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്‍കിയ ഓരോ നേതാവിനും പ്രവര്‍ത്തകനും അഗാധമായ നന്ദിയെന്നും പ്രിയങ്ക കുറിച്ചു. ‘കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാനും, അവരുടെ ശബ്ദങ്ങൾ ശ്രദ്ധയോടെ കേൾക്കാനും, സത്യസന്ധവും, കാരുണ്യപൂർണവും, ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതുമായ ഭരണത്തിനായി എല്ലാ ദിവസവും പ്രവർത്തിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തവും ഹൃദയംഗമവുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി ഒരു രാഷ്ട്രീയ ഫലത്തേക്കാൾ കൂടുതലാണ്. തങ്ങളുടെ പോരാട്ടങ്ങൾ മനസ്സിലാക്കുകയും ആത്മാർഥതയോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു സർക്കാറിനായുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നത് -പ്രിയങ്ക കുറിച്ചു.
തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയമാണ് നേടിയത്. കോർപറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്തുകൾ എന്നിവയിൽ യു.ഡി.എഫ് വ്യക്തമായ മുൻതൂക്കം നേടി. സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ പരമ്പരാഗതമായ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ കൈവിട്ട തൃശൂർ, എറണാകുളം കോർപറേഷനുകളിൽ യു.ഡി.എഫ് തിരിച്ചുപിടിച്ചു. തിരുവനന്തപുരം കോർപറേഷനിൽ മുന്നേറാനായതാണ് എൻ.ഡി.എയുടെ പ്രധാനനേട്ടം.
നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യു.ഡി.എഫിനെ അഭിനന്ദിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തുവന്നിരുന്നു. ഏറെ നിര്‍ണായകവും ഹൃദ്യവുമായ ജനവിധിയാണിതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ് ഫലമെന്നും രാഹുൽ എക്സിൽ കുറിച്ചു.
‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വിശ്വസിച്ച കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യം. ഏറെ നിര്‍ണായകവും ഹൃദ്യവുമായ ജനവിധിയാണിത്. യു.ഡി.എഫിന്റെ വര്‍ധിച്ച് വരുന്ന വിശ്വാസ്യതയുടെ വ്യക്തമായ സൂചനയും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അവരെ കേള്‍ക്കുന്ന അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്വമുള്ള ഭരണകര്‍ത്താക്കളെയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്. ജനങ്ങളെ കേൾക്കുകയും അവയോട് പ്രതികരിക്കുകയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നതെന്ന സന്ദേശം വ്യക്തമാണ്. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നിൽക്കുക, അവരുടെ ദൈനംദിന ആശങ്കകൾ പരിഹരിക്കുക, സുതാര്യവും ജനങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഭരണം ഉറപ്പാക്കുക എന്നിവയിലാകണം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ പ്രതിനിധികള്‍ക്കും അഭിനന്ദനങ്ങള്‍. ഈ വിജയം സാധ്യമാക്കുന്നതിനായി പ്രയത്‌നിച്ച എല്ലാ പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അര്‍പ്പണ ബോധത്തിനും കഠിനാധ്വാനത്തിനും നന്ദി’ -രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.