പാലക്കാട്: വ്യവസായ ആവശ്യത്തിന് ജലമൂറ്റുന്നത് വിലയിരുത്താൻ ടെലിമെട്രി ഡിജിറ്റൽ സംവിധാനം ഫ്ലോ മീറ്ററുകളിൽ ഘടിപ്പിക്കണമെന്ന നിർദേശവുമായി കേന്ദ്ര ഭൂജല അതോറിറ്റി. ജലമെടുക്കൽ സ്വയം അളക്കുകയും തത്സമയം ഇന്റർനെറ്റ് സംവിധാനസഹായത്തോടെ ഡേറ്റ കൈമാറുകയും ചെയ്യുന്ന സംവിധാനമാണ് ടെലിമെട്രി.
ജല ഉപയോഗം സ്വയം അളന്ന് ജി.പി.ആർ.എസ് വഴി ക്ലൗഡ് പ്ലാറ്റ്‌ഫോമിലേക്ക് ഡേറ്റ കൈമാറുകയാണ് ഫ്ലോ മീറ്റർ ടെലിമെട്രിയിലൂടെ നടക്കുന്നത്. എവിടെനിന്നും ജല ഉപയോഗം തൽക്ഷണം ട്രാക്ക് ചെയ്യാനാകും എന്നതാണ് ഇതിന്റെ നേട്ടം. ഇതുസംബന്ധിച്ച മാർഗനിർദേശം മാസങ്ങൾക്കുമുമ്പ് സംസ്ഥാന ഭൂജല അതോറിറ്റിക്ക് നൽകിയിട്ടുണ്ട്.
ദേശീയ ജലനയം പുതുക്കുന്നതുമായി ബന്ധപ്പെട്ട വിലനിർണയത്തിനുള്ള നടപടിയാണ് ഇതെന്ന് വിലയിരുത്തലുണ്ട്. ഇതിനിടെ, ടെലിമെട്രിയിലൂടെ ലഭിക്കുന്ന, സംസ്ഥാനത്തെ ഭൂജല വിവരങ്ങളടങ്ങിയ അതീവ പ്രാധാന്യമുള്ള ഡേറ്റ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 230ഓളം കുടിവെള്ള വ്യവസായ കമ്പനികളോട് ഡിജിറ്റൽ ടെലിമെട്രി സംവിധാനത്തോടെയുള്ള ഫ്ലോ മീറ്ററുകൾ ഘടിപ്പിക്കാൻ ഭൂജല വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ജലമൂറ്റൽ കമ്പനികൾ വെള്ളമെടുക്കുന്നത് അളക്കാനുള്ള ഫ്ലോ മീറ്ററുകൾ നിലവിൽ തന്നെ വകുപ്പ് നിർബന്ധമാക്കിയിട്ടുണ്ട്.
ഭൂഗർഭജലം കുറഞ്ഞ ഗുരുതര മേഖലകളായ ചിറ്റൂർ, മലമ്പുഴ എന്നിവിടങ്ങളിൽ കർശന നിയന്ത്രണമാണുള്ളത്. വ്യക്തമായ നിരീക്ഷണം, ചോർച്ച കണ്ടെത്തൽ, കാര്യക്ഷമമായ ബില്ലിങ് എന്നിവക്കായാണ് ഇത് നടപ്പാക്കുന്നതെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ കൃത്യമായ മേൽനോട്ടത്തിന് നെട്ടോട്ടമോടുന്ന ഭൂജലവകുപ്പ് ജീവനക്കാർക്കും ടെലിമെട്രി സഹായകമാകും.
കേരളത്തിന്റെ ഭൂജല അളവിന്റെ വിവരശേഖരണമാണ് നടക്കുകയെന്നതിനാൽ ഡേറ്റ അതിപ്രാധാന്യമുള്ളതാണ്. വിവരങ്ങൾ ശേഖരിക്കപ്പെടുന്ന ക്ലൗഡ് പ്ലാറ്റ്ഫോമിന് രഹസ്യാത്മകത ഉണ്ടായില്ലെങ്കിൽ കുടിവെള്ള കുത്തക കമ്പനികൾ ദുരുപയോഗം ചെയ്യുമെന്നതാണ് പ്രധാന ആശങ്ക. അതിനാൽ ഈ നടപടിയിൽ സ്വകാര്യ ഏജൻസികളുടെ ഇടപെടൽ ഉണ്ടാകരുതെന്ന ആവശ്യമുയർന്നിട്ടുണ്ട്.
അതേസമയം, അര ലക്ഷത്തോളം രൂപ ചെലവ് വരുമെന്നതിനാൽ പല കമ്പനികളും ഫ്ലോ മീറ്റർ ടെലിമെട്രി സംവിധാനത്തിലാക്കാൻ മടിക്കുകയാണ്. ഫ്ലോ മീറ്റർ നടപ്പാക്കുന്നതിനെതിരെ കമ്പനികളുടെ കൂട്ടായ്മ നിയമനടപടി സ്വീകരിച്ചുകൊണ്ടിരിക്കെയാണ് ടെലിമെട്രികൂടി നിർബന്ധമാക്കിയ ഉത്തരവിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.