തിരുവനന്തപുരം: ആശയക്കുഴപ്പങ്ങൾക്കും വിലക്കയറ്റത്തെക്കുറിച്ചുള്ള ആധിക്കുമിടെ നിത്യോപയോഗ സാധനങ്ങൾക്കുള്ള അഞ്ച് ശതമാനം നികുതി വർധന പ്രാബല്യത്തിൽ. ചില്ലറയായി തൂക്കി വിൽക്കുന്ന അരിയും ഗോതമ്പുമടക്കം ധാന്യങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കിയിട്ടുണ്ട്. എത്ര ചെറിയ അളവാണെങ്കിലും പാക്ക് ചെയ്തതും സീൽ ചെയ്തതുമായ സാധനങ്ങൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി ബാധകമാണ്.
നിലവിൽ നിത്യോപയോഗ സാധനങ്ങളിൽ നാമമാത്രം ഒഴിവാക്കിയാൽ ബഹുഭൂരിപക്ഷവും ചെറിയ അളവിൽതന്നെ പാക്ക് ചെയ്തും സീൽ ചെയ്തുമാണ് വിപണികളിലുള്ളത്. പാക്ക് ചെയ്യാതെ വരുന്ന സാധനങ്ങൾതന്നെ സൂപ്പർമാർക്കറ്റുകളിലടക്കം സൗകര്യത്തിനായി പാക്ക് ചെയ്തുവെക്കുന്ന രീതിയാണുള്ളത്. അവ്യക്തത തുടരുന്നതിനാൽ ഇത്തരം സാധനങ്ങൾ തിങ്കളാഴ്ച പഴയ വിലക്കാണ് വിറ്റത്.
പേരിലെ 'നികുതിയൊഴിവാക്കൽ' എന്നതല്ലാതെ ഞായറാഴ്ച രാത്രിയിലെ ധനകാര്യമന്ത്രാലയത്തിന്റെ വിശദീകരണം വലിയ ഇളവോ ആനുകൂല്യമോ നൽകില്ലെന്നതാവും വിലക്കയറ്റ കാലത്തെ വിപണി അനുഭവം. വലിയ മില്ലുകളിൽ മൊത്തക്കച്ചവടക്കാർക്ക് നൽകുന്ന അരിക്ക് അഞ്ച് ശതമാനം നികുതിയുണ്ട്.
ബ്രാൻഡ് ആയും അല്ലാതെയും വിപണിയിലെത്തുന്ന അരി മില്ലുകളിൽ അഞ്ച് ശതമാനം നികുതി ഈടാക്കി എത്തുന്നവയാണ്. അരി വിപണിയിൽ പൊതുവിൽ വില വർധനയുണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതുസംബന്ധിച്ച് കേന്ദ്രത്തോട് സംസ്ഥാനം വ്യക്തത തേടിയിരുന്നെങ്കിലും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.
മിൽമയുടെ പാലുൽപന്നങ്ങൾക്ക് തിങ്കളാഴ്ച വില വർധന നിലവിൽവന്നു. തിരുവനന്തപുരം മേഖലക്ക് കീഴിൽ 500 എം.എൽ പാക്കറ്റിന് 27 രൂപയായിരുന്നത് 30 ആയാണ് വർധിച്ചത്.
സംഭാരം, ലെസി എന്നിവയുടെ വിലയിൽതന്നെ ജി.എസ്.ടി ഉൾക്കൊള്ളിച്ചതിനാൽ വിൽപന വിലയിൽ മാറ്റം വരില്ലെന്നാണ് മിൽമ അധികൃതർ പറയുന്നത്. 200 എം.എൽ സംഭാരത്തിന് 10 രൂപയാണ് വില. സമീപകാലത്താണ് ഈ വിലവർധനയുണ്ടായത്. 180 എം.എൽ ലെസിക്ക് 20 രൂപയും.
മലബാർ മേഖലയിൽ അളവ് കുറച്ച് പഴയ വിലക്ക് നൽകുകയാണ് ചെയ്യുന്നത്. 525 എം.എൽ തൈരാണ് 30 രൂപക്ക് നൽകിയിരുന്നതെങ്കിൽ ഇത് 500 എം.എൽ ആയി കുറച്ചു. അഞ്ച് രൂപക്ക് നൽകിയിരുന്ന 180 എം.എൽ സംഭാരം 175 എം.എൽ ആയും കുറച്ചു. ലെസി 180 എം.എൽ 175 ആയി കുറച്ചാണ് വില 10 രൂപയായി നിലനിർത്തിയത്.
തിരുവനന്തപുരം: ജി.എസ്.ടി കൗൺസിൽ യോഗത്തിലെ തീരുമാനത്തിന് വിരുദ്ധമായാണ് ഉത്തരവിറങ്ങിയതെന്നും നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി വർധിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധം കൗൺസിലിൽ ഉയർത്തിയിട്ടുണ്ടെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഔദ്യോഗിമായി കത്തെഴുതുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ആഡംബര സാധനങ്ങളുടെ നികുതി മൂന്നിലൊന്നായി കുറക്കുകയും നിത്യോപയോഗ സാധനങ്ങളുടേത് കൂട്ടുകയുമാണ് കേന്ദ്രസർക്കാർ ചെയ്തത്. ആഡംബര സാധനങ്ങളുടെ നികുതി 28ൽനിന്ന് 12 ശതമാനത്തിലേക്കാണ് കുറച്ചത്.
നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്ക് കുറക്കുകയും ആഡംബര വസ്തുക്കളുടേത് പഴയപടി പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് സർക്കാർ നിലപാട്. വിലക്കയറ്റം തടയാൻ ശക്തമായ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.