പണ്ട് തിരുവനന്തപുരം നഗരം വൃത്തികേടാക്കിയ സി.പി.എം സമരം എന്തിനായിരുന്നു? ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞത് പോലെ പിണറായിയെ കല്ലെറിയുമെന്ന ഭയം വേണ്ട -വി.ഡി. സതീശൻ

കൊച്ചി: സമരം ചെയ്ത് മുഖ്യമന്ത്രിയെ രാജി വയ്പ്പിക്കാന്‍ പറ്റില്ലെന്നാണ് കോടിയേരി പറയുന്നതെങ്കിൽ പണ്ട് തിരുവനന്തപുരം നഗരം മുഴുവന്‍ വൃത്തികേടാക്കി സി.പി.എം സമരം ചെയ്തത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി്ഡി. സതീശൻ. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞത് പോലെ പിണറായിയെ കല്ലെറിയുമെന്ന ഭയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്‌ന സുരേഷിനെതിരെ സര്‍ക്കാരും സി.പി.എമ്മും കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കാത്ത കേസ് ചുമത്തി അന്വേഷണത്തിനായി എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ 12 അംഗ സംഘത്തെ നിയോഗിച്ചത് കേട്ടുകേള്‍വിയില്ലാത്തതാണ്. മറ്റൊരു പ്രതിയെ ഗുണ്ടകളെ പോലെ പൊലീസ് തട്ടിക്കൊണ്ട് പോയി ഫോണ്‍ പിടിച്ചെടുത്തു. ഹൈക്കോടതി നിയമവിരുദ്ധമെന്നു പറഞ്ഞ കമ്മീഷന്റെ കാലാവധി നീട്ടിനല്‍കി. ഇതിനൊക്കെ പിന്നാലെയാണ് മൊഴിയില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരന്‍ സ്വപ്‌നയുമായി സംസാരിക്കുന്നത്.

അയാളെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് ഇതുവരെ തയാറായിട്ടില്ല. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ചില ഏജന്‍സികള്‍ വഴി പണമിടപാട് ഉണ്ടെന്ന് അയാള്‍ പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല. സ്വപ്‌ന നല്‍കിയിരിക്കുന്ന കുറ്റസമ്മത മൊഴിയ്‌ക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാം. മൊഴി തെറ്റാണെന്ന് തെളിഞ്ഞാല്‍ അവരെ ഏഴ് വര്‍ഷത്തേക്ക് ശിക്ഷിക്കും. എന്നിട്ടും കോടതിയില്‍ പോകാത്തത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു.

Full View

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ അപകീര്‍ത്തികരമായ ആരോപണം വന്നാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാം. അതിനും തയ്യാറായില്ലല്ലോ. ഇതൊന്നും ചെയ്യാതെയാണ് കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കാത്ത കേസ് ചുമത്തി എ.ഡി.ജി.പിയെ അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്. ഒത്തുതീര്‍പ്പിന് സമീപിച്ചെന്ന് പ്രതിയായ സ്ത്രീ പറയുന്ന മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ പൊലീസ് വിട്ട ഇടനിലക്കാരന്‍ ആയിരുന്നോ? അവര്‍ സത്യം തുറന്ന് പറയാതിരിക്കാന്‍ വേണ്ടിയാണോ പഴയ മാധ്യമ പ്രവര്‍ത്തകനെ പൊലീസ് വിട്ടത്? വേണ്ടാത്തത് എന്തോ നടന്നിട്ടുണ്ട്. ഒത്തുതീര്‍പ്പിനുള്ള ശ്രമം നടന്നിട്ടുണ്ട്. നിയമം കയ്യിലെടുത്ത് സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ട് പോകുകയാണ്. ഈ മൂന്ന് കാര്യങ്ങള്‍ക്കും ഉത്തരം പറയാതെ പ്രതിപക്ഷത്തിന്റെ പാപ്പരത്തമെന്നല്ല കോടിയേരി പറയേണ്ടത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരെ കുറ്റസമ്മത മൊഴിയില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസും യു.ഡി.എഫും സമരം ചെയ്യുന്നത്. തട്ടിപ്പ് കേസിലെ പ്രതിയില്‍ നിന്നും പരാതി എഴുതി വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ട പിണറായി വിജയന് യു.ഡി.എഫ് സമരം ചെയ്യുമ്പോള്‍ വിഷമം വരുന്നത് എന്തിനാണ്?

പണ്ട് സെക്രട്ടേറിയറ്റ് വളയുകയും കേരളം മുഴുവന്‍ സമരം നടത്തുകയും ചെയ്ത ആളല്ലേ പിണറായി. അന്ന് അദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ഉളുപ്പുണ്ടെങ്കില്‍ രാജിവയ്ക്കണമെന്നാണ് ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞത്. പണ്ട് പിണറായി പറഞ്ഞ അതേ വാചകം യു.ഡി.എഫും ആവര്‍ത്തിക്കുന്നു. മൊഴി സംബന്ധിച്ച് അന്വേഷണം നടത്താനും മുഖ്യമന്ത്രി കസേരയില്‍ നിന്നും മാറി നില്‍ക്കാനും പിണറായി തയാറാകണം. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല.

സി.പി.എമ്മിലെ ഒരാളും ഇക്കാര്യത്തില്‍ മറുപടി പറയാന്‍ പോലും തയാറായിട്ടില്ല. നേരത്തെ ആരോപണം ഉണ്ടായിട്ടും എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തതെന്ന് ബി.ജെ.പി നേതാക്കള്‍ വിശദീകരിക്കണം. നേരത്തെയും രഹസ്യമൊഴി വന്നതിന് പിന്നാലെ സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് അന്വേഷണം അട്ടിമറിക്കുകയായിരുന്നു.

മുഖ്യമന്ത്രിക്കെതിരെ പ്രതിയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ വരുന്നത് അറിഞ്ഞപ്പോള്‍ തന്നെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ ഒരു വര്‍ഷത്തിന് ശേഷം ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തു. ഇനി ഈ രണ്ട് കേസുകളിലും ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കും. കുഴല്‍പ്പണ കേസും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും സെറ്റില്‍ ചെയ്തത് പോലെ ഈ കേസുകളും ഒത്തുതീര്‍പ്പാക്കും. ഓഡിയോയുടെ സത്യസന്ധത സംബന്ധിച്ചും അന്വേഷിക്കണം. ഒരു കേന്ദ്ര ഏജന്‍സിയെയും യു.ഡി.എഫിന് വിശ്വാസമില്ല. അതുകൊണ്ട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം -സതീശൻ ആവശ്യപ്പെട്ടു. 

Tags:    
News Summary - Swapna Suresh's audio clip: VD Satheesan against CPM and Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.