തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തൃശൂർ ജില്ലയിൽ സർപ്രൈസ് സ്ഥാനാർഥികൾക്കൊപ്പം പതിവ് മുഖങ്ങളും സീറ്റിനായി ശ്രമം തുടങ്ങി. കനഗോലു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിന് ഒരുങ്ങുന്നതെങ്കിൽ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമേ തീരുമാനമുണ്ടാകൂവെന്നാണ് സൂചന.
ലോക്സഭ തെരഞ്ഞെടുപ്പിലെ നേട്ടം തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാതിരുന്ന ബി.ജെ.പിയും ബി.ഡി.ജെ.എസും നിയമസഭയിൽ പ്രഗത്ഭരെ അണിനിരത്താനുള്ള നീക്കത്തിലാണ്. ഗുരുവായൂർ നിയോജക മണ്ഡലം ഏറ്റെടുക്കണമെന്ന കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹം സാധിക്കാനിടയില്ല.
ഇവിടെ മത്സരിക്കുമെന്ന ഉറപ്പിലാണ് മുസ്‍ലിം ലീഗിന്റെ നീക്കങ്ങൾ. ചാലക്കുടി ഏറ്റെടുക്കണമെന്ന് സി.പി.എം പ്രവർത്തകരും ഇരിങ്ങാലക്കുടയിൽ മത്സരിക്കണമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വവും ആഗ്രഹിക്കുന്നുണ്ട്. തൃശൂർ നിയമസഭ മണ്ഡലത്തിൽ ഇടതുമുന്നണിക്ക് സർപ്രൈസ് സ്ഥാനാർഥിയുണ്ടാകുമെന്ന പ്രചാരണം ശക്തമാണ്. നടി ഭാവനയുടെ പേര് ആഴ്ചകളായി പ്രചരിക്കുന്നുണ്ടെങ്കിലും അത് തമാശ മാത്രമാണെന്നാണ് അവരുടെ മറുപടി. തെരഞ്ഞെടുപ്പിൽ ഭാവന മത്സരിക്കില്ലെന്ന് അവരോട് അടുപ്പമുള്ളവരും വ്യക്തമാക്കുന്നു.
അതേസമയം, സിനിമ മേഖലയിലെ ചിലരുമായി ബന്ധപ്പെട്ട് ഭാവനയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നതായി ഇടതു നേതാക്കൾ സൂചിപ്പിക്കുന്നുണ്ട്. തൃശൂർ നിയമസഭ മണ്ഡലം സി.പി.ഐയുടേത് ആയതിനാൽ ഇടതു സ്വതന്ത്ര എന്ന നിലയിൽ മത്സരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. നടൻ ദിലീപിന് കോൺഗ്രസിനോടുള്ള അടുപ്പം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് മത്സരിപ്പിക്കാനുള്ള ശ്രമം.
ഇത്തരത്തിൽ സർപ്രൈസ് സ്ഥാനാർഥി വന്നാൽ സംസ്ഥാനത്ത് മൊത്തം അത് നേട്ടമാകുമെന്ന വിലയിരുത്തലുമുണ്ട്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ബാക്കി സ്ഥാനാർഥികൾ സംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് നടക്കുന്നത്. സിറ്റിങ് എം.എൽ.എമാരിൽ ബഹുഭൂരിഭാഗവും തുടരാനും സാധ്യതയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കർശന മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി തുടർച്ചയായി രണ്ട് പ്രാവശ്യം വിജയിച്ചവരെയും വീണ്ടും മത്സരിപ്പിക്കാമെന്ന കാര്യത്തിൽ ഏകദേശ ധാരണയുണ്ട്.
മന്ത്രി കെ. രാജനും ഇ.സി. ടൈസണും അടക്കം സി.പി.ഐ നേതാക്കൾ വീണ്ടും മത്സരിക്കുമെന്നാണ് സൂചന. ചാലക്കുടി സീറ്റ് കേരള കോൺഗ്രസ് മാണിയിൽനിന്ന് തിരിച്ചുവാങ്ങണമെന്ന ആവശ്യം സി.പി.എമ്മിലുണ്ട്. മൂന്ന് പ്രാവശ്യം എം.എൽ.എയായ ബി.ഡി. ദേവസിയെ സ്ഥാനാർഥിയാക്കിയാൽ ചാലക്കുടി തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലുമുണ്ട്. ജനതാദൾ എസും ചാലക്കുടിക്ക് അവകാശം ഉന്നയിക്കുന്നുണ്ട്.
കേരള കോൺഗ്രസിന് ജില്ലയിൽ കൈമാറാൻ വേറെ സീറ്റില്ലാത്തതിനാൽ ചാലക്കുടി തിരിച്ചെടുക്കൽ നടക്കില്ലെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽനിന്ന് വിഭിന്നമായി തേദ്ദശ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതിന്റെ പ്രതീക്ഷയിലാണ് കോൺഗ്രസും യു.ഡി.എഫും നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. കനേഗാലു റിപ്പോർട്ടിൽ അടക്കം പേരുവന്ന മുതിർന്ന നേതാക്കൾ അടക്കം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ജില്ലയിൽ പകുതി സീറ്റെങ്കിലും നേടണമെന്ന ലക്ഷ്യത്തിൽ ഒരേ സമയം മുതിർന്ന നേതാക്കളെയും പുതുമുഖങ്ങളെയും അണിനിരത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. 13 സീറ്റിൽ 11ലും കോൺഗ്രസാണ് മത്സരിക്കാൻ സാധ്യത. ഗുരുവായൂരിൽ മുസ്‍ലിം ലീഗും ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസും മത്സരിക്കുമെന്നാണ് സൂചന. ഗുരുവായൂർ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ഡി.സി.സി ഉന്നയിച്ചിരുന്നെങ്കിലും യു.ഡി.എഫ് സംസ്ഥാന നേതൃത്വം വഴങ്ങില്ലെന്നാണ് സൂചന.
ജില്ലയിലെ ഏക സീറ്റും വിജയ സാധ്യതയുള്ളതുമായ ഗുരുവായൂർ ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നാണ് ലീഗ് ജില്ല നേതൃത്വത്തിന്റെ നിലപാട്. യു.ഡി.എഫിനുള്ളിൽ വിള്ളൽ വീഴ്ത്താനാണ് പ്രചാരണം നടത്തുന്നതെന്നും ലീഗ് നേതാക്കൾ പറയുന്നു. നാല് പതിറ്റാണ്ടായി കേരള കോൺഗ്രസ് മത്സരിക്കുന്ന ഇരിങ്ങാലക്കുടയും ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൽനിന്ന് ഉയർന്നിട്ടുണ്ടെങ്കിലും പരിഗണിക്കാൻ സാധ്യതയില്ല.
എൻ.ഡി.എയും െതരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടന്നിട്ടുണ്ടെങ്കിലും സ്ഥാനാർഥികളുടെ കാര്യത്തിൽ വ്യക്തമായ തീരുമാനമുണ്ടായിട്ടില്ല. മൂന്ന് സീറ്റുകളിൽ വിജയ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ പ്രമുഖരെ സ്ഥാനാർഥിയാക്കാൻ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുന്നണിയിലേക്ക് കടന്നുവന്ന ട്വന്റി 20ക്ക് ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട നിയമസഭ സീറ്റുകൾ കൈമാറാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിൽ പ്രതിഫലനം ഉണ്ടാക്കാൻ സാധിക്കാതിരുന്നത് ബി.ഡി.ജെ.എസിന്റെ സാധ്യതകളും ഇല്ലാതാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.