തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകുമെന്ന് സൂചന. കുറ്റപത്രം സമർപ്പിക്കുന്നതിൽ വൈകുന്നത് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വീഴ്ചയായി പ്രതിപക്ഷം ഉൾപ്പടെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാവാത്തതും അറസ്റ്റുകൾ ബാക്കിയുള്ളതുമാണ് തടസമാകുന്നത്. ഇതിനാൽ കൂടുതൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാകും. ഫെബ്രുവരി പത്തിനുള്ളിലെങ്കിലും കുറ്റപത്രം നൽകാനാണ് എസ്.ഐ.ടിയുടെ ശ്രമം.
എന്തൊക്കെ കാരണം ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും ഭാഗിക കുറ്റപത്രമെങ്കിലും സമർപ്പിക്കേണ്ടതായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വർണക്കൊളളയിൽ അറസ്റ്റുകളുണ്ടായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതിരിക്കുകയും എസ്.ഐ.ടിയുടെ നടപടികൾ നീളുന്നതും പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടാൻ ഇടയാക്കുന്നുവെന്നാണ് വിമർശനം എന്നാൽ പഴുതടച്ച കുറ്റപത്രം തയാറാക്കേണ്ടതുണ്ടെന്ന വിശദീകരണമാണ് എസ്.ഐ.ടി നൽകുന്നത്.
അന്താരാഷ്ട്ര സംഘത്തിന്‍റെ ഇടപെടൽ ആരോപണങ്ങൾ, വാജിവാഹനം, കൊടിമരം എന്നിവയുമായി ബന്ധപ്പെട്ടെ ക്രമക്കേട് തുടങ്ങിയ സംശയങ്ങളെല്ലാം അന്വേഷണപരിധിയിൽ വന്നു. ഇത് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകാൻ ഇടയാക്കിയെന്നാണ് എസ്.ഐ.ടിയുടെ വിശദീകരണം. 1998ൽ യു.ബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞതിന്‍റെ കണക്കുകൾ കൃത്യമായ രേഖയില്ല. അതിനാൽ കൊളളയുടെ അളവ് തിട്ടപ്പെടുത്താൻ വി.എസ്.എ.സ്‍സിയിലെ ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കണം. കുറ്റകൃത്യത്തിന്‍റെ വ്യാപ്തിയും നഷ്ടമായ സ്വർണത്തിന്‍റെ അളവും വ്യക്തമാകാതെ കുറ്റപത്രം നൽകിയാൽ കോടതിയിൽ നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ കൂടി കുറ്റപത്രം വൈകുന്നതിന് കാരണമാകും.
ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലകകേസിൽ ജാമ്യം കിട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.