കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫിന് വെറും 25 സീറ്റ് മാത്രമേ കിട്ടുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ബി.ജെ.പി 15 സീറ്റ് പിടിക്കുമെന്ന് പറഞ്ഞാലോ? അതോ യു.ഡി.എഫ് 115 സീറ്റുമായി അധികാരത്തിൽ എത്തുമെന്ന് പറഞാലോ?
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഓരോ മുന്നണികളും അവരുടെ സീറ്റുകൾ മാത്രമല്ല എതിരാളികളുടെ സീറ്റുകളും കണക്കുകൂട്ടുന്ന തിരക്കിലാണ്. കണക്കുകൾ നൽകുന്ന കൂടുതൽ ആത്മവിശ്വാസത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് ഓരോരുത്തരും ഇറങ്ങുമ്പോൾ ഗ്രൗണ്ട് റിയാലിറ്റി എന്താണ്? മുകൾത്തട്ടിൽ നിന്ന് കാണുന്ന കാഴ്ചകളാണോ യഥാർഥത്തിൽ അടിത്തട്ടിലുള്ളത്? അതോ അവിടെ വേറെ കാഴ്ചകളാണോ? എന്നാൽ അടിത്തട്ടിലെ കാഴ്ചകളിൽ പോലും വ്യത്യാസം പലതുണ്ട്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കും എവിടെയും സാധ്യതകളും അവസരങ്ങളും നൽകുന്നതാണ് നിലവിലുള്ള സാഹചര്യങ്ങളും കണക്കുകളും. ഏതു ടീമിനും വിജയി ആകാം.
ഏതു ടീമിനും പരാജയപ്പെട്ടവരാകാം. എല്ലാവർക്കുമുള്ള അവസരങ്ങളും പ്രതിസന്ധികളും ഇവിടെ നിലവിലുണ്ട്. സാധ്യതകളെയും വെല്ലുവിളികളെയും കൃത്യമായി മനസ്സിലാക്കുകയും സ്ട്രാറ്റജി ഒരുക്കുകയും അതു പഴുതില്ലാതെ നടപ്പാക്കുകയും ചെയ്യുന്നവരായിരിക്കും അവസാന വിജയി.
കേരളത്തിൽ ജനങ്ങൾക്കിടയിലൂടെ ഇറങ്ങി നടക്കുമ്പോൾ കാണുന്ന കാഴ്ചകൾ തികച്ചും വ്യത്യസ്തമാണ്. തികഞ്ഞ ശുഭാപ്തിവിശ്വാസമുള്ളവർ, സാഹചര്യങ്ങൾ അമ്പേ മനസ്സു മടുപ്പിച്ചവർ, ഏതു സാഹചര്യത്തിലും ഒബ്ജക്ടീവ് ആയി കാര്യങ്ങളെ വിലയിരുത്തുന്നവർ, നിർവികാരരായി നിഷ്പക്ഷമായി നിലനിൽക്കുന്നവർ.
അങ്ങനെ പലവിധമാളുകൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സാധ്യതകളെ വിലയിരുത്തുന്നത് എങ്ങനെയാണെന്ന് പരിശോധിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (ഐ.എം.എം) സ്ട്രാറ്റജി പ്രഫസറും കേരള ഇന്നവേഷൻ കൗൺസിൽ മുൻ അംഗവുമായ പ്രഫസർ തോമസ് ജോസഫ്. മുൻ കാല തെരഞ്ഞെടുപ്പുകളിലും സ്ട്രാറ്റജികൾ രൂപപ്പെടുത്തിയിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം.
മുന്നണി വോട്ടർമാർ ആറു വിധം
എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുമായി ബന്ധപ്പെട്ട് ആറ് തരത്തിലുള്ള ആളുകളാണ് നിലവിൽ സജീവമായുള്ളത്. ഓരോ മുന്നണിയെയും അഗാധമായി വിശ്വസിക്കുന്ന അവരിൽ കടുത്ത ആത്മവിശ്വാസമുള്ള VOTER-O (Optimist) ഒരു വശത്ത്. ഏതു സാഹചര്യത്തിലും തന്റെ മുന്നണിക്ക് വൻ ജയസാധ്യതയുണ്ടെന്നു വിശ്വസിക്കുന്നവരാണിവർ. അതേസമയം എല്ലാം കൈവിട്ടു പോയെന്നും ഇനിയും തിരിച്ചടിയാണു വരാനുള്ളതെന്നും വിശ്വസിക്കുന്ന VOTER-P (Pessimist) മറുവശത്ത്.
ഓരോ മുന്നണിക്കും VOTER-Oയും VOTER-Pയും ഉണ്ട്. ഇതൊന്നുമല്ലാത്ത ചെറിയ ചായ് വോടു കൂടി കാര്യങ്ങളെ കാണുന്നവരും തികച്ചും നിഷ്പക്ഷമായി കാര്യങ്ങളെ കൃത്യമായ കാഴ്ചയോടു കൂടി കാണുന്നവരുമുണ്ട്. ഇവരെല്ലാം കൂടി ചേരുന്നതാണ് യഥാർഥ ചിത്രം.
വിവിധ വീക്ഷണ കോണുകളിലൂടെ കാര്യങ്ങളെ സമീപിച്ചാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഓരോ മുന്നണിക്കും കിട്ടാൻ സാധ്യതയുള്ള സീറ്റുകളുടെ പ്രവചനം ഇങ്ങനെയായിരിക്കും:
1. എൽ.ഡി.എഫ്
വോട്ടർ O-85
വോട്ടർ P- 25
2. എൻ.ഡി.എ
വോട്ടർ O -15
വോട്ടർ P– 0
3. യു.ഡി.എഫ്
വോട്ടർ O– 115
വോട്ടർ P- 55
എൻ.ഡി.എക്ക് 15 എവിടെ? പൂജ്യം എന്തു കൊണ്ട്?
VOTER-O
എൻ.ഡി.എയുടെ ഒപ്റ്റിമിസ്റ്റിക് വോട്ടറുടെ അനാലിസിസ് പ്രകാരം അവർക്ക് 15 സീറ്റുകൾ കിട്ടും. എന്താണ് അതിന്റെ ലോജിക്. 30000 വോട്ടുകൾ കൂടുതലുണ്ടാകുകയും സി.പി.എം ഒന്നാം സ്ഥാനത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തും നിൽക്കുകയും ചെയ്യുന്ന സ്ഥലങ്ങളിൽ ബി.ജെ.പിക്ക് ജയ സാധ്യതയുണ്ട്.
ശബരിമല, സി.പി.എമ്മിനെതിരെയുള്ള ശക്തമായ എതിർവികാരം എന്നിവ കണക്കാക്കുമ്പോൾ സി.പി.എമ്മിലെ കടുത്ത ഹിന്ദുവോട്ടുകൾ ബി.ജെ.പിയിലേക്കു വഴിമാറും. അങ്ങനെ ബി.ജെ.പി ജയിക്കും. ഈ വോട്ടർമാർ ഒരിക്കലും കോൺഗ്രസിന് വോട്ട് ചെയ്യില്ല.
കോഴിക്കോട് നോർത്ത്, മലമ്പുഴ, ചെങ്ങന്നൂർ തുടങ്ങിയ മണ്ഡലങ്ങൾ ഇതിന് ഉദാഹരണമാണ്.
ബി.ജെ.പി മൂന്നാം സ്ഥാനത്തുള്ള ആറ്റിങ്ങലിൽ 10000–12000 വോട്ടുകൾ സി.പി.എമ്മിൽ നിന്നു മറിഞ്ഞാൽ ബി.ജെ.പിക്കു ജയിക്കാം. ഇങ്ങനെ വന്നാൽ സി.പി.എമ്മിനു കിട്ടുന്ന സീറ്റുകൾ കുത്തനെ ഇടിയും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്റെ കണക്ക് അനുസരിച്ച് ആകെ 30 മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ് മുന്നിലുള്ളത്. ഇതിൽ നിന്നു കുത്തനെ ഇടിയുക കൂടി ചെയ്താൽ 25ൽ കൂടുതൽ എന്തായാലും എൽ.ഡി.എഫിനു കിട്ടില്ല.
VOTER-P
(ബിജെപിക്ക് പൂജ്യം. )
ബി.ജെ.പിക്ക് ഒറ്റ സീറ്റു പോലും കിട്ടില്ല. കാരണം ബി.ജെ.പിയുടെ വോട്ടുകളും വോട്ടു ബാങ്കുകളും എവിടെയെല്ലാമാണെന്ന് കേരളത്തിൽ വെളിപ്പെട്ടു കഴിഞ്ഞു. ഓവർ എക്സ്പോസ്ഡ് ആയ സ്ഥിതിക്ക് ഇത്തരം സ്ഥലങ്ങളിൽ കേരളത്തിലെ മതേതര മനസ്സുകൾ ഒരുമിച്ചു നിൽക്കും. അവർ അവിടെ ജയസാധ്യതയുള്ള എൽ.ഡി.എഫിന്റെയോ യു.ഡി.എഫിന്റെയോ സ്ഥാനാർഥിക്കു വോട്ട് ചെയ്യും. നിലവിലെ സാഹചര്യത്തിൽ അതു കോൺഗ്രസിലേക്കു ഷിഫ്റ്റ് ചെയ്യാനാണു സാധ്യത.
വട്ടിയൂർകാവ്, നേമം എന്നിവിടങ്ങളിൽ ബി.ജെ.പി ഒന്നാം സ്ഥാനത്താണ്. ‘ആന്റി ബി.ജെ.പി’
സ്ട്രാറ്റജിക്ക് വോട്ട് ചെയ്യാൻ ഇവിടെയുള്ള ആളുകൾ തീരുമാനിച്ചാൽ വോട്ടുകൾ ഏകീകരിക്കപ്പെടും. ഇവിടെ ബി.ജെ.പിയെ തോൽപ്പിക്കാൻ ശക്തിയുള്ള സ്ഥാനാർഥി വന്നാൽ ആളുകൾ അങ്ങോട്ട് വോട്ട് ചെയ്യും.
ബി.ജെ.പി ഒന്നാമതുള്ള മണ്ഡലത്തിൽ ആരാണോ ആദ്യം മികച്ച സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് അവർക്ക് വോട്ട് ചെയ്യാൻ അവിടെയുള്ള മതേതര വോട്ടർമാർ ആദ്യമേ തന്നെ തീരുമാനമെടുക്കും. ഉദാഹരണം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമം. ബി.ജെ.പിക്കെതിരെ ക്രെഡിബിൾ ഫസ്റ്റ് കാൻഡിഡേറ്റ് ആയി വന്നത് വി. ശിവൻകുട്ടിയാണ്. കെ. മുരളീധരൻ എത്തുമ്പോഴേക്കും ആർക്കു വോട്ട് ചെയ്യണമെന്നു ജനം തീരുമാനിച്ചു കഴിഞ്ഞിരുന്നു.
2. എൽ.ഡി.എഫ്
എന്തുകൊണ്ട് 85? എന്തുകൊണ്ട് 25?
VOTER-O
(85ൽ കുറയില്ല)
നിലവിലെ സാഹചര്യത്തിൽ 85 സീറ്റുകൾ എന്തായാലും ജയിക്കുമെന്നാണ് ഇവരുടെ അനാലിസിസ്. അതിനുള്ള കാരണം ഇതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ ഉണ്ട്. വലിയ തിരിച്ചടിക്ക് ഇടയിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും 58 സീറ്റുകൾ കൈവശമുണ്ട്. ബി.ജെ.പി കാര്യമായി വോട്ട് പിടിക്കുന്നുണ്ട്. അങ്ങനെ ബി.ജെ.പി പിടിക്കുന്ന സീറ്റുകളിൽ 15 എണ്ണം മാത്രമാണ് സി.പി.എമ്മിനു മാക്സിമം നഷ്ടപ്പെടാൻ പോകുന്നത്. ബാക്കി ബി.ജെ.പി പിടിക്കാൻ പോകുന്നതു മുഴുവൻ കോൺഗ്രസ് വോട്ടുകളാണ്.
ഉദാരണത്തിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച സ്ഥലങ്ങളിലെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടിയിരിക്കുന്നത് ബി.ജെ.പിക്കാണ്. അങ്ങനെ നോക്കിയാൽ 15 സീറ്റുകൾ ഒഴികെ ബാക്കി എല്ലായിടത്തും ബി.ജെ.പി പിടിച്ചിരിക്കുന്നത് കോൺഗ്രസ് വോട്ടുകളാണ്. അതുകൊണ്ട് എൽ.ഡി.എഫ് സീറ്റുകൾ നഷ്ടപ്പെടില്ല. മാക്സിമം നഷ്ടപ്പെടാൻ പോകുന്നത് 15 സീറ്റുകളാണ്. അതിനാൽ 85 സീറ്റ് എന്തായാലും ലഭിക്കും.
കുണ്ടറ, കോവളം എന്നിവ യു.ഡി.എഫ് ജയിച്ച മണ്ഡലങ്ങളാണ്. എന്നാൽ, ഇവിടെ നിലവിൽ എൽ.ഡി.എഫ് മുന്നിലാണ്. കോട്ടയത്ത് യു.ഡി.എഫിന് 30000 വോട്ട് ലീഡ് ഉണ്ടായിരുന്നത് ഇപ്പോൾ 4000 വോട്ട് ആയി കുറഞ്ഞു.
ബി.ജെ.പി എവിടെയൊക്കെ എക്സ്ട്രാ വോട്ട് പിടിക്കുന്നുണ്ടോ അതൊക്കെ യു.ഡി.എഫിന്റെതാണ്. എൽ.ഡി.എഫിന്റേത് വെറും 15 മണ്ഡലങ്ങളിൽ മാത്രമാണ് പിടിക്കുന്നത്.
VOTER-P
( 25 കിട്ടിയാൽ ഭാഗ്യം)
തദ്ദേശ തെരഞ്ഞെടുപ്പിനെ നോക്കി വിലയിരുത്തണ്ട. പ്രാദേശികമായ ബന്ധങ്ങൾ കൊണ്ട് പലരും ജയിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് പരിഗണിച്ചു നോക്കിയാൽ 30 സീറ്റിൽ പോലും ലീഡ് ഇല്ല. അതിനേക്കാൾ നെഗറ്റീവ് ആണ് ഇപ്പോഴുള്ള പോപ്പുലർ ഇമേജ്. അന്നത്തേക്കാൾ കൂടുതൽ വൈരാഗ്യത്തിൽ ജനം വോട്ട്ചെയ്യാൻ സാധ്യതയുണ്ട്. അതിനുള്ള സൂചന മാത്രമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിട്ടിയ തിരിച്ചടി.
സർക്കാറിനെതിരെയുള്ള ഭൂരിഭാഗം എതിർവോട്ടുകളും ബി.ജെ.പിക്കു പോയാൽ ബി.ജെ.പി അഞ്ചോ ആറോ സീറ്റുകൾ കൂടി ജയിച്ചേക്കാം. അതോടെ 30 പിന്നെയും ഇടിഞ്ഞ് 25ൽ എത്തും. കൂടുതൽ സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ലോക്സഭയിൽ ഉള്ളതിനേക്കാളും ദയനീയമായിരിക്കും പ്രകടനം.
3. യു.ഡി.എഫ്
എന്തുകൊണ്ട് 115? എന്തുകൊണ്ട് 55?
VOTER-O
യു.ഡി.എഫിന് 115 സീറ്റുവരെ കിട്ടും. 1977ലെ വിജയത്തേക്കാൾ വലിയ വിജയമായിരിക്കും. 110 സീറ്റ് ലോക്സഭയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുന്നിലെത്തി. ആലത്തൂരും തൃശൂരും തിരുവനന്തപുരത്തും ചില മണ്ഡലങ്ങളിൽ അടി കിട്ടി. അതുകൂടി ഇനിയും പരിഹരിക്കാവുന്നതേ ഉള്ളൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എക്സ്പോസ്ഡ് ആയിതനേക്കാൾ ജനങ്ങൾക്കിടയിൽ വീണ്ടും സി.പി.എം എക്സ്പോസ്ഡ് ആയി. ജനം കൂടുതൽ വെറുത്തു.
ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ ചേർക്കാത്ത യു.ഡി.എഫിന്റെ 20 ലക്ഷത്തോളം വോട്ടർമാർ ഇപ്പോഴും പുറത്തു നിൽക്കുന്നുണ്ട്. അതു പൂർണമായും ചേർക്കണം. ബീഹാറിലെയോ ഹരിയാനയിലെയോ പോലെയുള്ള തെരഞ്ഞെടുപ്പ് ഫ്രോഡുകൾ നടക്കാത്ത സുതാര്യമായ സത്യസന്ധമായ തെരഞ്ഞെടുപ്പ് നടക്കുക കൂടി ചെയ്താൽ ലോക്സഭയിലേക്കാൾ കൂടുതൽ സീറ്റുകൾ കൈയിലെത്തും.
കേരളത്തിൽ ബി.ജെ.പിക്ക് ഒരിക്കലും അധികാരത്തിൽ വരാനാവില്ല. അതിനാൽ സി.പി.എമ്മിലെ ആന്റി സർക്കാർ വോട്ടുകൾ ഒരിക്കലും ബി.ജെ.പിയിലേക്കു പോകില്ല. ബൂത്ത് കൃത്യമായി മാനേജ് ചെയ്യാൻ കഴിഞ്ഞാൽ, വിട്ടു പോയ 20 ലക്ഷം വോട്ടുകൾ ചേർക്കാൻ കഴിഞ്ഞാൽ, കള്ളവോട്ട് തടയാൻ കഴിഞ്ഞാൽ, ഇലക്ട്രൽ ഫ്രോഡ്സ് നടക്കില്ല എന്ന് ഉറപ്പാക്കിയാൽ – 115 സീറ്റിന്റെ മിന്നും ജയം ഉറപ്പ്.
VOTER-P
(എവിടുന്ന് കിട്ടാൻ 55?)
തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ ആവേശത്തിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം നേരത്തെയാക്കും. എഴുപതോളം പുതിയ സ്ഥാനാർഥികളുണ്ടാകും. ഇതിന്റെ പേരിൽ എന്തായാലും തർക്കമുണ്ടാകും.
അതോടെ പൊതുജനത്തിനു വിശ്വാസം കുറയും. സർക്കാർ വിരുദ്ധ വോട്ടുകൾ ബി.ജെ.പിക്കു പോകും. അങ്ങനെ വന്നാൽ ബി.ജെ.പി സീറ്റുകൾ കൂടും. കോൺഗ്രസ് സീറ്റുകൾ 55ലേക്ക് കുറയും. ലീഗും സഖ്യകക്ഷികളും കൂടി 25 വാങ്ങും. ബാക്കി30 തനിച്ച കണ്ടെത്താൻ കോൺഗ്രസിനു കഴിയുമോ?<
..............
ഈ പറഞ്ഞത് ഒന്നും സംഭവിക്കില്ല. എല്ലാം മിതമായ നിരക്കിലേ സംഭവിക്കു. ബാലൻസ്ഡ് ആയി യു.ഡി.എഫ് 80–എൽ.ഡി.എഫ് 60 എന്ന നിലയിൽ എത്തും. 2011ലെ പോലെ 72–68 എന്നതു പോലും ആവർത്തിക്കാം. ഒരുപക്ഷേ ബി.ജെ.പി ആഗ്രഹിക്കുന്ന 65–10–65 എന്നതും വന്നേക്കാം.
അങ്ങനെ ഘട്ടം വന്നാൽ കോൺഗ്രസിന്റെ ഏഴോളം എം.പിമാരെ മത്സരത്തിന് ഇറക്കണം. 2001ന് ശേഷം ഒരിക്കലും വിജയിക്കാത്ത മണ്ഡലങ്ങളിൽ മത്സരിക്കാൻ അവരെ നിയോഗിക്കണം.
പാർട്ടിക്ക് 100 സീറ്റ് കിട്ടുകയാണെങ്കിൽ അവർ എം.പിയായി തുടരട്ടെ. അധിരാകാരത്തിലുള്ള യു.ഡി.എഫിന് ഇവിടെ പുതുമുഖങ്ങളെ ഉപതെരഞ്ഞെടുപ്പിൽ ജയിപ്പിച്ചെടുക്കാൻ പ്രയാസമില്ല. അത്രയും സീറ്റ് കിട്ടിയില്ല, ചെറിയ വ്യത്യാസമേ ഉള്ളൂ എങ്കിൽ അവർ നിയമസഭയിൽ തുടരുക. ലോക്സഭയയിലേക്ക് വേറെ തെരഞ്ഞെടുപ്പ് നടത്തുക.
എം.കെ.രാഘവൻ, കെ.സുധാകരൻ, ഷാഫി പറമ്പിൽ, ശശി തരൂർ, എൻ.കെ.പ്രേമചന്ദ്രൻ, അടൂർ പ്രകാശ് എംപിമാരും പഴയപടക്കുതിരകളായ മുല്ലപ്പള്ളി, വി.എം.സുധീരൻ അടക്കമുള്ളവർക്ക് വിവിധ ജില്ലകളിൽ 2001നു ശേഷം ജയിക്കാൻ കഴിയാത്ത മണ്ഡലങ്ങളിൽ ജയിച്ചു കയറാൻ സാധിക്കും.
കണ്ണൂരിലോ തളിപ്പറമ്പിലോ സുധാകരനും, കോഴിക്കോട് നോർത്തിലോ പേരാമ്പ്രയിലോ എം.കെ. രാഘവനും നാദാപുരത്തും കൊയിലാണ്ടിയിലും മുല്ലപ്പള്ളി രാമചന്ദ്രനും ജയിക്കാൻ എളുപ്പമാണ്. ഷാഫി പറമ്പിലിന് ബാലുശ്ശേരിയിലോ വടകരയിലോ പേരാമ്പ്രയിലോ എവിടെ വേണമെങ്കിലും ജയിക്കാം.
ഇരവിപുരത്തോ കൊല്ലം ടൗണിലോ കൊട്ടാരക്കരയിലോ എൻ.കെ.പ്രേമചന്ദ്രനു ജയിക്കാനാകും.
തിരുവനന്തപുരത്തെ ബി.ജെ.പിയുടെ സൂപ്പർ മണ്ഡലങ്ങളിൽ പോലും ശശി തരൂരിനു ജയിക്കാം.
തിരുവനന്തപുരത്ത് ഏറ്റവും ദയനീയമായി നിൽക്കുന്ന പാറശാലയിൽ പോലും ശശി തരൂരിനു ജയിക്കാനാകും. 3–4 ആ സീറ്റിനു ഭരണം പോകുന്ന തിരിച്ചടി ഒഴിവാക്കാൻ ഇതാണു നല്ലത്. പ്രത്യേകിച്ച് ഒന്നും ആവശ്യപ്പെടാതെ തന്നെ പാർട്ടിയെ അധികാരത്തിൽ എത്തിക്കാൻ മത്സരിക്കാൻ ഇവർ തയാറാകണം. ആ നിലപാടിൽ മുന്നോട്ടു വന്നാൽ മൊത്തത്തിലുള്ള പാർട്ടി ഇമേജ് പോലും മാറും.
കൃത്യമായ കാഴ്ചപ്പാടുകളുള്ള കാര്യങ്ങളെ നിലവിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായി മനസിലാക്കുന്ന നിഷ്പക്ഷ കാഴ്ചപ്പാടുള്ള വോട്ടറാണ് എട്ടാമൻ. അയാളുടെ അനാലിസിസ് പ്രകാരം ആരും പ്രതീക്ഷിക്കാത്ത ഒന്നോ രണ്ടോ സീറ്റുകൾ ബി.ജെ.പി പിടിക്കും. എ ക്ലാസ് മണ്ഡലങ്ങളെല്ലാം ജനങ്ങൾക്ക് തിരിച്ചറിയാമെന്നതിനാൽ സ്ട്രാറ്റജി വോട്ടിങിൽ ബി.ജെ.പി തോൽക്കും. എന്നാൽ, അപ്രതീക്ഷിതമായ ഒന്നോ രണ്ടോ മണ്ഡലത്തിൽ ജയിച്ചു വന്നേക്കാം.
എൽ.ഡി.എഫിന്റ കാര്യത്തിൽ വളരെ സ്ട്രോങ് സെറ്റ്ബാക്കുള്ള സമയമാണ്. എന്നാലും, ആ സമയത്തു തന്നെ എങ്ങനെ വന്നാലും അവർക്ക് വളരെ അനുകൂലമായ സാഹചര്യമുണ്ട്. എസ്. സി, എസ്.ടി, ഈഴവ വോട്ടുകളിലെ ഉറച്ച പിന്തുണ ബലമായുണ്ട്.
അതേസമയം ക്രിസ്ത്യൻ– മുസ്‍ലിം ബെൽറ്റുകളായ വയനാട്, മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി പത്തനംതിട്ട എന്നിങ്ങനെയുള്ള ആറ് ജില്ലകൾ യു.ഡി.എഫിനു നല്ല മേൽക്കൈ ഉണ്ടാകും. കോൺഗ്രസിന്റെ സംഘടനാ സംവിധാനം മോശമായ ബാക്കിയുള്ള തിരുവനന്തപുരം, കൊല്ലം, പാലക്കാട് മുതലായ സ്ഥലങ്ങളിൽ നല്ല തിരിച്ചടി നേരിടും. നല്ല തിരഞ്ഞെടുപ്പ് മാനേജ്മെന്റ് സംവിധാനമില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകും. സ്ഥാനാർഥി നിർണയവും ഇലക്ഷൻ മാനേജ്മെന്റും വളരെ നിർണായകമാണ്.
കോൺഗ്രസിന്റെ വിജയം എന്നു പറയുന്നത് സ്ഥാനാർഥി നിർണയത്തെ അനുസരിച്ചാണ്. 140 മണ്ഡലങ്ങളിലും 1–5 വരെ എലിജിബിൾ കാൻഡിഡേറ്റ് ഉണ്ടാകും. നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചാൽ സീറ്റ് കിട്ടാത്തവർ എതിർ ചേരിയുമായി അലയൻസ് ഉണ്ടാക്കിയാൽ ട്രാജഡി ഉണ്ടാകാൻ സാധ്യതയുണ്ട്.
പൊളിറ്റിക്കൽ കരിയർ എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന ഭീതിയിൽ സീറ്റ് നഷ്ടപ്പെടുന്നവർ വലിയ പ്രശ്നമുണ്ടാക്കും. ഉദാഹരണത്തിന് സീറ്റ് കിട്ടാത്ത ടി.കെ. ഹംസ മറുവശത്തു പോയി ആര്യാടനെ തോൽപിച്ചത് ഓർക്കുക.
സമാന സാഹചര്യം ഇത്തവണയും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ സ്ഥാനാർഥി നിർണയം വളരെ പതിയെ നടത്തുക. സ്ഥാനാർഥി നിർണയം വേഗത്തിലാക്കിയാൽ 115ൽ നിന്ന് 85ലേക്ക് സീറ്റുകൾ ഇടിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.