പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ അരങ്ങ് ഇന്ന് ഉണരും

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് (ജനുവരി 25) അരങ്ങ് ഉണരും. ഉച്ചയ്ക്ക് മൂന്നിന് തോപ്പില്‍ഭാസി ബ്ലാക്ക്‌ബോക്‌സ് തിയേറ്ററില്‍ അര്‍ജെന്റീനയില്‍ നിന്നുള്ള നാടകമായ ഫ്രാങ്കെന്‍സ്റ്റൈന്‍ പ്രൊജക്ട് അരങ്ങേറുന്നതോടെ നാടകോത്സവത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും. റോമാന്‍ ലമാസ് സംവിധാനം ചെയ്ത ഈ സ്പാനിഷ് നാടകത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്കിങ്ങ് ആരംഭിച്ച് ആദ്യമണിക്കൂറില്‍ തന്നെ വിറ്റുതീര്‍ന്നു. ഈ നാടകത്തിന്റെ ഓഫ്‌ലൈന്‍ ടിക്കറ്റുകള്‍ ഇന്ന് രാവിലെ ഒന്‍പതിനും നാടകം ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പും അക്കാദമിയിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭിക്കും.

വൈകീട്ട് അഞ്ചിന് അക്കാദമി അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനം റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. വിഖ്യാത സിനിമാ സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഗുജറാത്തി നാടകകൃത്തും സിനിമാസംവിധായകനുമായ ദക്ഷിണ്‍ ഛാര, അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച നാടകപ്രതിഭ മായാ തങ്ബര്‍ഗ്ഗ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അക്കാദമി ചെയര്‍പേഴ്‌സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ആമുഖഭാഷണം നടത്തും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍, ബാഗ്, ടീ-ഷര്‍ട്ട് എന്നിവയുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ നിജി ജസ്റ്റിന്‍, പി ബാലചന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡണ്ട് അശോകന്‍ ചരുവില്‍, കേരള ലളിത കലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്,സംഗീത നാടക അക്കാദമി നിര്‍വ്വാഹക സമിതി അംഗം ടി.ആര്‍ അജയന്‍ എന്നിവര്‍ സംസാരിക്കും. ഇറ്റ്‌ഫോക് ആര്‍ട്ടിസ്റ്റിക് ഡയരക്ടര്‍ ഡോ.അഭിലാഷ് പിള്ള ഫെസ്റ്റിവല്‍ പരിപ്രേക്ഷ്യം അവതരിപ്പിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും നിര്‍വ്വാഹക സമിതി അംഗം സഹീര്‍ അലി നന്ദിയും പറയും. ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് നാടകോത്സവം.

ഇന്ന് അരങ്ങില്‍ ഫ്രാങ്കെന്‍സ്റ്റെന്‍ പ്രൊജക്ട്

വിഖ്യാത എഴുത്തുകാരി മേരി ഷെല്ലിയുടെ ഫ്രാങ്കെന്‍സ്റ്റൈന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി റോമാന്‍ ലമാസ് സംവിധാനം ചെയ്ത ഫ്രാങ്കെന്‍സ്റ്റൈന്‍ പ്രൊജക്ട് എന്ന നാടകമാണ് ഇറ്റ്‌ഫോക്കിലെ ഉദ്്ഘടാന നാടകം.സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ഏറ്റുമുട്ടല്‍ പ്രമേയമായുള്ള നാടകം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തോപ്പില്‍ഭാസി ബ്ലാക്ക് ബോക്‌സില്‍ ആണ് അരങ്ങേറുന്നത്. അര്‍ജന്റീനിയയില്‍ നിന്നുള്ള ലൂസിയാനോ മന്‍സൂര്‍ എന്ന നാടകസംഘമാണ് ഇത് അവതരിപ്പിക്കുന്നത്. നോവലിന്റെ കഥയിലേക്ക് പപ്പറ്റ് തിയേറ്റിന്റെ ഘടകങ്ങള്‍ കൂടി സന്നിവേശിപ്പിച്ചാണ് നാടകം രൂപകല്പന ചെയ്തിരിക്കുന്നത്. നോവലിലെ കഥയെ അര്‍ജന്റീനന്‍ സാംസ്‌കാരിക ഭൂമികയുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനം ചെയ്യുന്ന ഈ നാടകം നിരവധി മിത്തുകളുകളിലേക്കുള്ള മിഴിതുറക്കല്‍ കൂടിയാണ്. പ്രധാനമായും മുതിര്‍ന്നവര്‍ക്ക് വേണ്ടിയാണ് ഈ പപ്പറ്റ് പ്ലേ ഒരുക്കിയിരിക്കുന്നത്. ശവശരീരങ്ങളില്‍ നിന്നുള്ള ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ച രാക്ഷസനെ പുനരുജ്ജീവിപ്പിക്കാനായി ഡോ.വിക്ടര്‍ ഫ്രാങ്കന്‍സ്റ്റെന്‍ പേഗന്‍ കള്‍ട്ടുകളിലേക്ക് വഴിമാറി നടക്കുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവ പരമ്പരയിലേക്കാണ് നാടകം കാണികളെ ആനയിക്കുന്നത് . 60 മിനുട്ട് ദൈര്‍ഘ്യമുള്ള സ്പാനിഷ് നാടകമായ ഫ്രാങ്കന്‍സ്റ്റൈന്‍ പ്രൊജക്ട് മികച്ച ദൃശ്യാനുഭവം കൂടിയാണ്. . ലൂസിയാനോ മന്‍സൂര്‍ ആണ് ഡോ.വിക്ടര്‍ ഫ്രാങ്കന്‍സ്റ്റെന്‍ ആയി അരങ്ങില്‍ നിറഞ്ഞാടുന്നത

റോമിയോ ആന്റ് ജൂലിയറ്റ്

വില്യം ഷേക്‌സ്പിയറുടെ വിശ്വവിഖ്യാത നാടകമായ റോമിയോ ആന്റ് ജൂലിയറ്റിന് ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ആസ്റ്റീരിയന്‍സ് ഹസ് തിയറ്റ്‌റോ എന്ന നാടകസംഘം ഒരുക്കുന്ന പരീക്ഷണാത്മകമായ അരങ്ങുഭാഷ്യമാണ് ഈ നാടകം. ലോകപ്രശസ്ത ക്ലാസ്സിക്കല്‍ കൃതികള്‍ക്ക് പരീക്ഷണാത്മകമായ അരങ്ങുഭാഷ്യം ഒരുക്കി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ നാടകസംഘമാണ് ആസ്റ്റീരിയന്‍സ് ഹസ് തിയറ്റ്‌റോ. ഹൃദയം തൊടുന്ന പ്രണയകഥയെ ചടുലമായ ചലനങ്ങളിലൂടെയും സംഭാഷണത്തിലൂടെയും വ്യത്യസ്തമായ ദൃശ്യഭാഷയിലൂടെയും അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ നാടകം. ഇന്ന് രാത്രി ഏഴുമണിക്ക് ആക്ടര്‍ മുരളി തിയേറ്ററില്‍ ആണ് നാടകം അരങ്ങേറുന്നത്. 50 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകം ഇംഗ്ലീഷ് ഭാഷയിലാണ് ഒരുക്കിയിരിക്കുന്നത്. എമില്‍ ഹാന്‍സണും പീറ്റര്‍ കിര്‍ക്കും ചേര്‍ന്നാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. പീറ്റര്‍ കിര്‍ക്കും ചില്‍ഡ് ക്ലൂസണുമാണ് നാടകത്തിലെ അഭിനേതാക്കള്‍.

മാള്‍പ്രാക്ടീസ് ആന്റ് ദി ഷോ

പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കപ്പെട്ട നര്‍ത്തകിയുടെ മനോവ്യഥകളെ നൃത്തത്തിലൂടെയും സംഗീതത്തിലൂടെയും ആവിഷ്‌കരിക്കുന്ന നാടകമാണ് മാള്‍പ്രാക്ടീസ് ആന്റി ദി ഷോ. പ്രശസ്ത മറാത്തി സംവിധായകന്‍ അതുല്‍ പേഥേ ആണ് നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.70 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ നാടകം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഇന്ന് വൈകീട്ട് ഏഴിന് അരങ്ങേറും.മാളില്‍ നൃത്തപരിശീലനത്തിന് പോയ നര്‍ത്തകി,വസ്ത്രം മാറുന്നതിനിടെ അവരറിയാതെ മറ്റൊരാള്‍ അവരുടെ ഫോട്ടോ എടുത്ത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നു.തുടര്‍ന്ന് അവര്‍ കടന്നുപോകുന്ന മാനസികസംഘര്‍ഷങ്ങളില്‍ കല എങ്ങനെയാണ് അവര്‍ക്ക് തണലാകുന്നത് എന്നതിന്റെ ഉത്തരമാണ് ഈ നാടകം.രുജ്ജുത സോമനാണ് നര്‍ത്തകിയെ അരങ്ങില്‍ അവതരിപ്പിക്കുന്നത്.പൂനയിലെ നാടക്ഘര്‍ രുജ്ജുത സോമന്‍ കള്‍ച്ചറല്‍ അക്കാദമി ആന്റ് ദി ബോക്‌സ് ആണ് നാടകം അവതരിപ്പിക്കുന്നത്.

ഇന്നത്തെ കലാരാവില്‍ സൂഫി സംഗീതം

ഇറ്റ്‌ഫോക്കിന്റെ ഭാഗമായി ഇന്ന് (ജനുവരി 25) രാത്രി 8.30 ന് അക്കാദമി അങ്കണത്തില്‍ സൂഫി സംഗീതം അരങ്ങേറും.മെഹ്ഫില്‍ ഇ സാമ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. പ്രവേശനം സൗജന്യമാണ.്

ഇറ്റ്‌ഫോക്കിന്റെ നോവായി നാടകപാട്ടുകാരന്റെ പിന്‍മടക്കം....

ഇറ്റ്‌ഫോക്കിന്റെ ഭാഗമായി ചിത്രപ്രദര്‍ശനം ഒരുക്കുകയെന്നത് വിജേഷിന്റെ സ്വപ്നമായിരുന്നു.അതിനുള്ള എല്ലാ ഒരുങ്ങളും പൂര്‍ത്തിയാക്കി കാത്തിരിക്കുമ്പോഴാണ് മരണം വിജേഷിനെ തട്ടിയെടുക്കുന്നത്.അതും ഇറ്റ്‌ഫോക് ആരംഭിക്കുന്നതിന് തൊട്ട് തലേ ദിവസം. ഇറ്റ്‌ഫോക്കിന്റെ ഭാഗമായി ഇന്ന് ആരംഭിക്കുന്ന നാടക സ്‌കെച്ചുകളുടെയും വരകളുടെയും പ്രദര്‍ശനത്തില്‍ നാടക പ്രതിഭകളായ ഗോപാലന്‍ അടാട്ട്,സജീവ് കീഴരിയൂര്‍ എന്നിവരുടെ വരകള്‍ക്കൊപ്പമാണ് വിജേഷ് കെ.വിയുടെ വരകളുടെയും പ്രദര്‍ശനം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പ്രദര്‍ശനം കാണാന്‍ കാത്തുനില്‍ക്കാതെ അദ്ദേഹം അകാലത്തില്‍ മടങ്ങി.കോഴിക്കോട് പുതിയറ സ്വദേശിയായ അദ്ദേഹം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് നാടകപഠനം പൂര്‍ത്തിയാക്കിയത്.ഈ ഭൂമിന്റെ പേരാണ് നാടകം, നിങ്ങള് നിങ്ങെളെമാത്രം ഇഷ്ടപ്പെടല്ലപ്പാ തുടങ്ങി അദ്ദേഹം രചിച്ച നാടകഗാനങ്ങള്‍ എല്ലാം വളരെ പ്രശസ്തമായിരുന്നു

സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്ക് നാടകവണ്ടി

ഇറ്റ്‌ഫോകിന്റെ ഭാഗമായി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അരങ്ങേറുന്ന നാടകങ്ങള്‍ കാണുന്നതിന് പ്രേക്ഷകര്‍ക്ക് സഹായകമായി അക്കാദമിയില്‍ നിന്ന് നാടകവണ്ടി പുറപ്പെടും.സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നാടകം കാണാന്‍ പോകുന്നവര്‍ക്ക് യാത്ര സൗജന്യമായിരിക്കും.നാടകം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പേയാണ് അക്കാദമിയില്‍ നിന്നും സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്ക് വണ്ടി പുറപ്പെടുക.നാടകശേഷം കാണികള്‍ക്ക് തിരിച്ച് അക്കാദമിയിലേക്ക് ഇതേ വണ്ടിയില്‍ തന്നെ മടങ്ങാം

ഫാവോസ്; ഇന്ത്യന്‍ നാട്യവേദിക്ക് ഒരാമുഖം

ഇറ്റ്‌ഫോക്കിന്റെ വേദികളില്‍ ഒന്നായ ഫാവോസ് (രാമനിലയം ക്യാമ്പസ്) ഇത്തവണത്തെ ഇറ്റ്‌ഫോക്കിന്റെ സജീവമായ ഹൃദയമിടിപ്പാണ്. നാടകോത്സവത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് നാടകങ്ങള്‍ക്ക് അരങ്ങായും സംവാദങ്ങള്‍ക്ക് വേദിയായും ഡോക്യൂമെന്ററി പ്രദര്‍ശനത്തിന് തിയേറ്ററായും ഫാവോസ് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മാറി കഴിഞ്ഞു. ഈ വേദിതന്നെ വിഭിന്ന കലാവിഷ്‌കാരങ്ങള്‍ക്ക് ഇടമാകുന്നുവെന്ന് ഇതിന്റെ നാമധേയത്തിന് പൂര്‍ണ്ണത നല്‍കുന്നു. രാമനിലയം ക്യാമ്പസ്സിലെ കത്തിക്കരിഞ്ഞ കൂത്തമ്പലത്തെയാണ് ഫാവോസ് (ഫ്രം ആഷസ് റ്റു ഓപ്പണ്‍ സ്‌കൈ) എന്ന വേദിയാക്കി പരിവര്‍ത്തനം ചെയ്തത്.ചാരത്തില്‍ നിന്നും ആകാശമെന്ന തുറസ്സിലേക്കുള്ള കുതിച്ചുയരലിനെയാണ് ഈ നാമം പ്രതിനിധാനം ചെയ്യുന്നത്.2011 ഡിസംബര്‍ 11 പുലര്‍ച്ചെ അഗ്നിക്കിരയായ കൂത്തമ്പലത്തെ കലാവിഷ്‌കാരത്തിനുള്ള വേദിയാക്കി മാറ്റിയതിലൂടെ കലാപരമായ വിനിമയങ്ങള്‍ക്കും ബൗദ്ധികമായ ചര്‍ച്ചകള്‍ക്കുമുള്ള ജീവസ്സുറ്റ വേദി ഇത്തരം ജൈവ ഇടം തന്നെയാണ് എന്ന സന്ദേശമാണ് അക്കാദമി നല്‍കുന്നത് നാടകപ്രേമികളെയും വിദ്യാര്‍ത്ഥികളെയുംം പൊതുജനങ്ങളെയും ഈ സര്‍ഗ്ഗാത്മക ഊര്‍ജ്ജത്തിന്റെ ഭാഗമാകാന്‍ ഫാവോസ് സ്വാഗതമോതുകയാണ്.

ഈ നിശബ്ദതയിലെ ശബ്ദങ്ങള്‍ പ്രയാണം ആരംഭിച്ചു

കേരളത്തിന്റെ സാംസ്‌കാരിക നഗരം പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം അതിന്റെ പ്രമേയവും ജനമനസ്സുകളിലേക്ക് പ്രയാണം ആരംഭിച്ചു. ജനുവരി 25 മുതല്‍ ഫെബ്രുവരി 1 വരെയുള്ള ഈ നാടകോത്സവത്തിന്റെ പ്രമേയം വിവിധ മാനങ്ങളുള്ള ഈ നിശബ്ദതയിലെ ശബ്ദങ്ങള്‍ എന്നതാണ് .ഭാവിയെ പ്രതീക്ഷനിര്‍ഭരമായി നോക്കികാണാനുള്ള ഒരു ആഹ്വാനം കൂടിയാണ്ഈ പ്രമേയം.ലോകത്തിന്റെ വിവിധ കോണുകളില്‍ നടമാടുന്ന അനീതിയ്‌ക്കെതിരെ കലയിലൂടെയുള്ള പ്രതിഷേധത്തിന്റെ സ്വരമാണ് പ്രമേയം

കഴിഞ്ഞ വര്‍ഷം ഇറ്റ്‌ഫോക്ക് പ്രമേയം പ്രതിരോധത്തിന്റെ സംസ്‌കാരത്തെ കുറിച്ചാണ് പറഞ്ഞിരുന്നതെങ്കില്‍ ഇത്തവണ ഇറ്റ്‌ഫോക് ഓരോ മനുഷ്യനും നടത്തേണ്ട ആത്മപരിശോധനയെ കുറിച്ച് കൂടിയാണ് പറയുന്നത്. കഴിഞ്ഞ തവണത്തെ ഇറ്റ്‌ഫോക്ക് പ്രമേയത്തിന് പശ്ചാത്തലമായി പുതുമയുടെയും പോരാട്ടത്തിന്റെയും അടയാളമായിരുന്ന ഇളം പച്ച നിറമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത്തവണ ക്രീം, തവിട്ട് നിറങ്ങളാണ് ഇറ്റ്‌ഫോക്കിന് പശ്ചാത്തലമാകുന്നത്. മണ്ണിനോട് ചേര്‍ത്തുവെക്കാവുന്ന, ഗൗരവകരമായ ചിന്തകള്‍ക്ക് ഇടം നല്‍കുന്ന നിറക്കൂട്ടുകളാണിവ.

തൃശൂര്‍ വീണ്ടും നാടകങ്ങളുടെയും സംവാദങ്ങളുടെയും ലോകത്തേക്ക് ഉണരുമ്പോള്‍ ഒന്ന് ഉറപ്പാണ്: ഇറ്റ്‌ഫോക്ക് വെറുതെയൊരു നാടകോത്സവം മാത്രമല്ല. മറിച്ച് അതിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിച്ച് നിശ്ശബ്ദമായ ഇടങ്ങളിലേക്ക് ശബ്ദമായി ഇറങ്ങിച്ചെല്ലാനുള്ള ആഹ്വാനം കൂടിയാണ്

Tags:    
News Summary - The stage of the 16th International Drama Festival will open today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.