വി.ഡി സതീശൻ

സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭമായെന്ന് വി.ഡി സതീശൻ

കൊച്ചി: സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പറവൂരിൽ പുനർജ്ജനി പദ്ധതിയുടെ ഭാഗമായുള്ള വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ​ങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലാണ് പരസ്യമായി ഒരു ഏരിയ സെക്രട്ടറി പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്നത്. ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ച സി.പി.എം നേതാവിന് ടി.പി ചന്ദ്രശേഖരന്റെ ഗതിവരുമോയെന്നാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന്റെ ഗുണ്ടായിസമാണ് കണ്ണൂരിൽ നടക്കുന്നത്. പാർട്ടിയെ എതിർക്കുന്ന ആർക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂരിൽ സി.പി.എം നടത്തിയ ആക്രമണത്തിൽ നടപടിയുണ്ടായില്ലെങ്കിൽ കോൺ​ഗ്രസ് പ്രതിഷേധവുമായി മുന്നോട്ടു​വരുമെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ റെയിൽ വരണമെന്ന് തന്നെയാണ് യു.ഡി.എഫ് നിലപാട്. പരിസ്ഥിതി സൗഹാർദമല്ലാത്തത് കൊണ്ടും വൻ ചെലവ് വരുന്നു എന്നതിനാലുമാണ് സിൽവർ ലൈനിനെ എതിർത്തത്. അതിനാൽ കേരളത്തിൽ അതിവേഗ പാത വേണ്ടന്നല്ല നിലപാടെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ; സംഘർഷ ഭൂമിയായി പയ്യന്നൂർ

പയ്യന്നൂർ: രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ കോടികളുടെ അഴിമതി നടത്തിയെന്ന് സി.പി.എം ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സംഘർഷ ഭൂമിയായി പയ്യന്നൂർ.

സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ തമ്മിൽ നഗരത്തിൽ ഏറ്റുമുട്ടി. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ആരോപണ വിധേയനായ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രകടനത്തിന് നേരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് പയ്യന്നൂർ സെൻട്രൽ ബസാറിൽ വെച്ച് ആക്രമണമുണ്ടായത്‌. പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽനിന്ന് ആരംഭിച്ച പ്രകടനം സെൻട്രൽ ബസാറിൽ എത്തിയപ്പോൾ ആയുധങ്ങളുമായെത്തിയ 25 ഓളം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർ ആക്രമണം നടത്തിയതായണ് പരാതി. ആക്രമണത്തിൽ നിലത്തു വീണ പലരെയും വടി കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തതായി പരാതി. ഈ സമയം പൊലീസുകാർ സ്ഥലത്തുണ്ടായെങ്കിലും കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു.

പരിക്കേറ്റ ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ (70), ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. രൂപേഷ് (49), വെള്ളൂർ മണ്ഡലം പ്രസിഡന്റ് കെ.ടി. ഹരീഷ് (48), വെള്ളൂരിലെ ടി. രാജൻ (66) എന്നിവരെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാക്കളെ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് സന്ദർശിച്ചു. ഇതിനുശേഷം നഗരത്തിൽ ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി.

Tags:    
News Summary - VD Satheesan says this is the beginning of the end for CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.