തിരുവനന്തപുരം: പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന പരിപാടികളിൽ നടക്കുന്ന ചിത്രം പൊക്കിപിടിക്കുന്ന പരിപാടി നാടകമാണെന്ന് പരിഹാസം. സി.എൻ ജയദേവനാണ് ഫേസ്ബുക്കിലൂടെ വഇതേക്കുറിച്ച് കടുത്ത വിമർശനം നടത്തിയത്. മോദിയുടെ പരിപാടികളിൽ സ്ഥിരമായി കാണികളിൽ ആരെങ്കിലും മോദിയുട ചിത്രം പൊക്കിപ്പിടിക്കുകയും ഇത് പ്രധാനമന്ത്രി സ്വീകരിക്കുകയും ചിത്രം നൽകിയ ആൾ വികാര ഭരിതനാകുകയും ചെയ്യുന്ന നാടകം അരങ്ങേറുന്നുണ്ടെന്നാണ് സി.എൻ ജയദേവന്‍റെ പരിഹാസം.
ബംഗാളിലെ ഹൌറയിൽ നടന്ന ലോക സഭാ റാലിയിലും ഗുജറാത്തിലെ ഭവനഗറിൽ നടന്ന റാലിക്കിടയിലും സൂറത്തിൽ നടക്കുന്ന റാലിക്കിടയിലും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും ഇതേ നാടകം ആവർത്തിക്കപ്പെട്ടെന്ന് കുറിപ്പിൽ പറയുന്നു. ചിത്രം പൊക്കിപ്പിടിക്കൽ പരിപാടി മോദി വൻ വിജയമാക്കിയാൽ അത് മറ്റുള്ളവരും അനുകരിക്കാൻ സാധ്യതയുണ്ടെന്നും പരിഹസിക്കുന്നുണ്ട്.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
മോദിയുടെ നാടകം തിരുവനന്തപുരത്തും അരങ്ങേറിയപ്പോൾ ചില കാര്യങ്ങൾ വായനക്കാരുടെ മുന്നിലേക്ക് വെയ്ക്കണമെന്ന് തോന്നി...
ഒന്നാമത്തെ ചിത്രം 2024ൽ ബംഗാളിലെ ഹൌറയിൽ നടന്ന ലോക സഭാ റാലിയിൽ നിന്നാണ്.. പെൺകുട്ടികൾ ചിത്രം ഉയർത്തിപ്പിടിച്ചിരിക്കുന്നു... സുരക്ഷാ ഭടന്മാർ വഴി മോദി ചിത്രം സ്വീകരിക്കുമ്പോൾ പെൺകുട്ടി വികാര ഭരിതയാവുന്നു..
രണ്ടാമത്തെ ചിത്രം 2025 സെപ്റ്റംബറിലേതാണ്. ഗുജറാത്തിലെ ഭവനഗറിൽ നടന്ന റാലിക്കിടയിൽ ഒരു പതിമൂന്നുകാരൻ പയ്യൻ മോദിയുടെ ചിത്രം ഉയർത്തിപ്പിടിക്കുന്നു. പതിവു പോലെ സെക്യൂരിറ്റി വന്നത് മേടിക്കുന്നു. പയ്യൻ പൊട്ടിക്കരയുന്നു..
മൂന്നാമത്തേത് , വളരെ പേര് കേട്ട അഭിനയ മുഹൂർത്തമായിരുന്നു. സൂറത്തിൽ നടക്കുന്ന റാലിയാണത്... ഇതിൽ അഭിനയിക്കുന്ന പയ്യൻ തനിക്കാവുന്ന വിധമൊക്കെ വികാര ഭരിതനാവുന്നുണ്ട്... കൈകളും ചുണ്ടുകളും വിറയ്ക്കുന്നു.. ഒടുവിൽ പതിവു പോലെ കരുണാമയൻ മോദി ആ ചിത്രം കയ്യിൽ നിന്ന് മേടിക്കുന്നു, അതിൽ ഒപ്പിട്ട് തിരിച്ചു കൊടുത്ത് അനുഗ്രഹിക്കുന്നു...
നാലാമത്തേത് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നതാണ്. കേരളത്തിൽ താമര വിരിയിക്കാൻ വന്ന മോദിയുടെ റാലിയിൽ പതിവു പോലെ ആസൂത്രണം ചെയ്തതനുസരിച്ച് ഒരു പയ്യൻ ചിത്രം പൊക്കിപ്പിടിക്കുന്നു. മോദി തുടർന്നു കാണിക്കുന്ന അഭിനയം കഥകളി കണ്ട് പരിചയമുള്ള, കഥയറിഞ്ഞ് ആട്ടം കണ്ട് ശീലമുള്ള മലയാളി വെറുതേ കണ്ടു കൊണ്ടിരിക്കുന്നു.....
ചിത്രം പൊക്കിപ്പിടിക്കൽ പരിപാടി മോദി വൻ വിജയമാക്കിയാൽ അത് മറ്റുള്ളവരും അനുകരിക്കാൻ സാദ്ധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.