രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം: കുഞ്ഞിക്കൃഷ്ണനെതിരെ നടപടി ഇന്ന് ഉണ്ടായേക്കും

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയം​ഗം വി. കുഞ്ഞികൃഷ്ണനെതിരെ പാർട്ടി നടപടി ഇന്നുണ്ടായേക്കും. കുഞ്ഞിക്കൃഷ്ണന്‍റെ ആരോപണത്തോടെ സി.പി.എം അക്ഷരാർഥത്തിൽ വെട്ടിലായിരിക്കുകയാണ്. അച്ചടക്ക ലംഘനത്തിന്റെ പേരിൽ കുഞ്ഞികൃഷ്ണനെ പുറത്താക്കിയാലും ഫണ്ട് തട്ടിപ്പ് ആരോപണത്തെ പൊതുസമൂഹത്തിന് വിശദീകരിക്കുന്നത് ബുദ്ധിമുട്ടാകും. ഇന്ന് ജില്ലാ സെക്രട്ടേറിയേറ്റ് യോഗം കണ്ണൂരിൽ ചേരുന്നുണ്ട്. ഈ യോഗത്തിൽ കുഞ്ഞുക്കൃഷ്ണനെതിരെ നടപടി ഉണ്ടാകുമെന്നാണ് കരുതുന്നത്.

പയ്യന്നൂരിലെ സി.പി.എമ്മിന്‍റെ മുഖമാണ് ടി.ഐ മധുസൂദനൻ എം.എൽ.എ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം വീണ്ടും സ്ഥാനാർഥിയാകുമെന്ന് കരുതുന്നതിനിടെയാണ് ആരോപണം ഉണ്ടായിരിക്കുന്നത്. എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു.

ആരോപണത്തിൽ മധുസൂദനൻ എം.എൽ.എ ഇതുവരെ പ്രതികരിച്ചിട്ടില്ല. കുഞ്ഞക്കൃഷ്ണനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നാണ് സൂചന. മധുസൂദനനും ഇത് പ്രതീക്ഷിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങളുടെയും രാഷ്ട്രീയശത്രുക്കളുടെയും കോടാലിക്കൈയായി മാറുന്നതരത്തിലാണ് കുഞ്ഞിക്കൃഷ്ണന്റെ ഇപ്പോഴത്തെ പ്രവൃത്തിയെന്നും പാര്‍ടിയെ ബഹുജനമധ്യത്തില്‍ ഇകഴ്ത്തിക്കാട്ടുന്ന ഈ നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നുമാണ് സി.പി.എമ്മിന്‍റെ നിലപാട്. ബഹുജനമധ്യത്തില്‍ പാര്‍ടിക്കെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ച് എതിരാളികള്‍ക്ക് കടന്നാക്രമിക്കാന്‍ ആയുധം നല്‍കുന്നതാണ്‌ കുഞ്ഞിക്കൃഷ്ണന്റെ പ്രവൃത്തി. അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങള്‍ പാര്‍ടി തള്ളിക്കളയുന്നതായും വാർത്താക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Martyr fund embezzlement controversy: Action against Kunjikrishnan may be taken today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.