യു.ഡി.എഫിന് സാഹോദ്യര്യ സമത്വ സംഘത്തിന്‍റെ പിന്തുണ

എറണാകുളം: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളെ പിന്തുണക്കുമെന്ന് സാഹോദ്യര്യ സമത്വ സംഘം (എസ്.എസ്.എസ്). മതേതരത്വം, സാമൂഹ്യനീതി, സാമ്പത്തിക പുരോഗതി, സുരക്ഷ, മതന്യൂനപക്ഷ സംരക്ഷണം, ആദിവാസി-ദലിത് സമൂഹങ്ങൾക്കുമേലുള്ള അതിക്രമം, എസ്.സി/എസ്.ടി/ഒ.ബി.സി സംവരണ പ്രതിനിധാനാവകാശം തുടങ്ങിയവ മുമ്പെങ്ങുമില്ലാത്ത വിധം രാജ്യത്ത് വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് സംജാതമായിരിക്കുന്നത്. ഈ ഘട്ടത്തിൽ രാജ്യത്തിന്റെ ഭാവിയെ ലക്ഷ്യംവക്കുന്ന ഇൻഡ്യ സഖ്യത്തിന്‍റെ വിജയം ഏറെ പ്രധാനപ്പെട്ടതാണ്.

രാജ്യത്ത് സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് നടത്തുക, എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം 50 ശതമാനത്തിൽ കുട്ടാൻ ഭരണഘടന ഭേദഗതി കൊണ്ടുവരിക, കാർഷിക കടം എഴുതിത്തള്ളുക, കരാർ നിയമനങ്ങൾക്കു പകരം സ്ഥിരനിയമനം, ജോലിയിൽ 50 ശതമാനം വനിത സംവരണം, വിദ്യാർഥികളുടെ വായ്‌പ എഴുതിത്തള്ളൽ ഉൾപ്പെടുന്ന ന്യായ് പ്രകടനപത്രിക രാജ്യം ഇന്നുനേരിടുന്ന വെല്ലുവിളിക്ക് വലിയ അളവോളം ആശ്വാസമാകും.

അതോടൊപ്പം ഇ.ഡബ്ല്യു.എസ് മുന്നോട്ടു വക്കുന്ന സാമ്പത്തിക മാനദണ്ഡത്തിന്‍റെയും എസ്.സി/എസ്.ടി സാമ്പത്തിക മാനദണ്ഡത്തിന്‍റെയും അന്തരം ഒഴിവാക്കുക, വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് തടസമായി നിൽക്കുന്ന 2.5 ലക്ഷം രൂപയുടെ സീലിങ് എടുത്തുമാറ്റുക, വിദ്യാഭ്യാസ അവകാശത്തെ തുരങ്കം വക്കുന്ന എൻ.ഇ.പി എടുത്തുമാറ്റുക, ഗവൺമെന്‍റ് സെക്ടറുകൾ സ്വകാര്യവൽകരിക്കാതെ സംരക്ഷിക്കുക, ഭൂരഹിതർക്ക് ഭൂമി നൽകുക ഉൾപ്പെടുന്ന കാര്യങ്ങൾ ഇൻഡ്യ മുന്നണി സഖ്യം പ്രധാന്യത്തോടെ കാണണമെന്നും അഭ്യർഥിക്കുന്നതായി പ്രസ്താവനയിൽ സംസ്ഥാന അധ്യക്ഷൻ കെ. ശശിധരൻ മാസ്റ്റർ അറിയിച്ചു.

Tags:    
News Summary - Support of Sahodyarya Samathva Sangham to UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.