ആലപ്പുഴ: രണ്ടാഴ്ചയിലേറെയായി വാതിൽപ്പടി വിതരണകരാറുകാരുടെ പണിമുടക്കിൽ റേഷൻകടകളിൽ ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമം. പലയിടത്തും കാർഡ് ഉടമകൾ സാധനംകിട്ടാതെ മടങ്ങുകയാണ്. ഈ മാസം 27 മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ റേഷൻ വിതരണത്തിന്റെ പ്രതിസന്ധി കൂടും. ഓരോ കാർഡ് ഉടമക്കും പൂർണവിഹിതം നൽകാനുള്ള അരിയും ഗോതമ്പും ആട്ടയും പലയിടത്തും ഇല്ല. പച്ചരി, പുഴുക്കലരി, മട്ട അരി എന്നിവ വിവിധ അളവിലാണ് ഓരോ കാർഡ് ഉടമക്കും നൽകേണ്ടത്. മുൻഗണന വിഭാഗത്തിലെ മഞ്ഞക്കാർഡ് ഉടമകൾക്ക് 30 കിലോ വരെ അരി ഇങ്ങനെ നൽകണം. ഇതിന് സാധനങ്ങൾ തികയാത്ത സ്ഥിതിയുണ്ട്.
ഓരോ മാസവും ആദ്യത്തെ 10 ദിവസമാണ് ഗോഡൗണിൽനിന്ന് റേഷൻകടയിലേക്ക് സാധനങ്ങൾ എത്തിക്കുക. സാധനങ്ങൾ ഗോഡൗണുകളിൽ നിന്നെടുത്ത് റേഷൻകടകളിൽ ‘വാതിൽപ്പടി’ വിതരണം നടത്തുന്ന കേരള ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എൻ.എഫ്.എസ്.എ) ജനുവരി ഒന്ന് മുതലാണ് പണിമുടക്ക് ആരംഭിച്ചത്. സെപ്റ്റംബർ മുതലുള്ള ബിൽതുക കുടിശ്ശികയായതോടെയാണ് സമരം തുടങ്ങിയത്.
ഡിസംബർ ആദ്യവാരം എത്തിച്ച സ്റ്റോക്കാണ് റേഷൻകടയിലുള്ളത്. ഇത് മിക്കതും തീർന്ന സ്ഥിതിയാണ്. പച്ചരിക്കാണ് കൂടുതൽ ക്ഷാമം.
സമരംമൂലം ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കനുസരിച്ച് ഭക്ഷ്യവിതരണം ക്രമീകരിക്കണമെന്നാണ് (കോംപോ) വകുപ്പിന്റെ ഉത്തരവ്. നീല, വെള്ള കാർഡുകൾക്ക് പച്ചരി, പുഴുക്കലരി, കുത്തരി എന്നിവ നിശ്ചിത അളവിൽ വിതരണം ചെയ്യേണ്ടതിന് പകരം സാധനങ്ങളുടെ ലഭ്യത കണക്കാക്കി നൽകാനാണ് റേഷൻ വ്യാപാരികൾക്ക് ലഭിച്ച നിർദേശം.
ആലപ്പുഴ: വിതരണക്കരാറുകാരുടെ സമരം മൂലം പ്രതിസന്ധിയിലായ റേഷൻവിതരണം സാധാരണ നിലയിലെത്തിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ഓരോ റേഷൻ കടകളിലും സ്റ്റോക്കുള്ള ഇനം അരി കാർഡുടമകൾക്ക് നൽകാൻ അവസരമൊരുക്കുന്ന കോമ്പിനേഷൻ സംവിധാനം പുനഃസ്ഥാപിച്ചു.
റേഷൻ വിതരണത്തിന് കുത്തരി, പുഴുക്കലരി, പച്ചരി എന്നിവയാണ് വിവിധ വിഭാഗം കാർഡുടമകൾക്ക് അനുവദിച്ചിരുന്നത്. ഇവയിലേതെങ്കിലും ഇനം അരിയില്ലെങ്കിൽ കാർഡുടമകൾക്ക് മുഴുവൻ വിഹിതവും കിട്ടാത്ത സ്ഥിതിയായിരുന്നു. കോമ്പിനേഷൻ സംവിധാനം വന്നതോടെയാണ് ആ പ്രശ്നം പരിഹരിച്ചത്. ഏതെങ്കിലും ഇനം ഇല്ലെങ്കിൽ ഉള്ളയിനം ഓരോ വിഭാഗം കാർഡുടമകൾക്കും വാങ്ങാനാകും. ജില്ലയിൽ 6.22 ലക്ഷം കാർഡുടമകളാണ് നിലവിലുള്ളത്. മാസം പകുതി കഴിഞ്ഞിട്ടും നാലുലക്ഷത്തോളം പേർക്ക് ഇനിയും അരി കിട്ടാനുണ്ട്.
സമരം നീണ്ടുപോയതിന് പിന്നാലെ റേഷൻ വാതിൽപ്പടി വിതരണക്കാർക്ക് സെപ്റ്റംബറിലെ 40 ശതമാനം തുക സപ്ലൈകോ അനുവദിച്ചു. ഏഴരക്കോടിയോളം വരുന്ന തുക തൊഴിലാളികളുടെ കൂലിയും ലോറിവാടകയും നൽകാൻപോലും തികയില്ലെന്നാണ് കരാറുകാരുടെ വാദം. അതിനാൽ നവംബർവരെയുള്ള തുക നൽകണമെന്നാണ് അവരുടെ ആവശ്യം. വെള്ളിയാഴ്ചയും ഇതുസംബന്ധിച്ച ചർച്ച നടന്നു. എഫ്.സി.ഐ. ഗോഡൗണിൽനിന്ന് സപ്ലൈകോയിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കുമുള്ള വിതരണമാണ് കരാറുകാർ ഈ മാസം ആദ്യം മുതൽ നിർത്തിവെച്ചത്. സർക്കാറിന്റെ സാമ്പത്തികസ്ഥിതിയാണ് ബിൽത്തുക വൈകുന്നതെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.