കോഴിക്കോട് : മുസ്ലിം ലീഗിലെ സീറ്റ് ചർച്ചകൾക്കിടെ എം.കെ മുനീറിന് പിന്തുണയുമായി എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ്. തെരഞ്ഞെടുപ്പിൽ എം.കെ മുനീർ വീണ്ടും സ്ഥാനാർഥിയായേക്കുമെന്ന വാർത്തക്ക് പിന്നാലെ പാർട്ടിക്ക് അകത്ത് നിന്നും പുറത്തുമായി നിരവധി എതിർപ്പുകൾ വന്നിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് മുനീർ മത്സരിക്കാതെ മാറി നിൽക്കണമെന്നായിരുന്നു വലിയൊരു വിഭാഗം അണികൾ ആവിശ്യപ്പെട്ടത്. എന്നാൽ താൻ മത്സരിക്കാൻ യോഗ്യനാണെന്നായിരുന്നു മുനീറിന്‍റെ അവകാശം. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിലും തമ്മിൽ തല്ല് രൂക്ഷമായിരിന്നു. ഇതിനിടെയിലാണ് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് മുനീറിന് പരസ്യ പിന്തുണയുമായി രംഗത്ത് വന്നത്.
തന്‍റെ ഫേസ്ബുക്ക് പേജിൽ നജാഫ് പങ്കുവെച്ച കുറിപ്പിൽ നൈമിഷമായ അനാരോഗ്യം കൊണ്ട് മുനീർ എന്ന പ്രതിഭാധരനായ ഒരു വിളക്കുമാടത്തെ അറുത്തിടരുതെന്നാണ് പറഞ്ഞത്. മുനീറിന്‍റെ പ്രൗഢിയെ പ്രചരണങ്ങൾ കൊണ്ട് തളർത്തിയിടാൻ നോക്കരുതെന്നും തലയെടുപ്പോടെ അല്ലാതെ ആ അതുല്യ പ്രതിഭയെ കേരളത്തിന് കാണാനാവില്ലെന്നും നജാഫ് ഫേസ്ബുക്കിൽ കുറിച്ചു. ഡോ.എം.കെ മുനീർ എന്ന പൊളിറ്റിക്കൽ ബ്രാൻറ് എന്ന തലക്കെട്ടോടെ പങ്കുവെച്ച കുറിപ്പിൽ ആസൂത്രിതമായ കോണുകളിൽ നിന്നും വരുന്ന പ്രചരണങ്ങൾ അവഗണിക്കേണ്ടതാണെന്നും നജാഫ് പറഞ്ഞുവെക്കുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ മുഴുവൻ രൂപം
ഡോ.എം.കെ മുനീർ എന്ന പൊളിറ്റിക്കൽ ബ്രാൻറ്.
പാരമ്പര്യത്തിന്റെ ഗരിമ കൊണ്ടുമാത്രം കേരളരാഷ്ട്രീയത്തിൽ അടയാളപ്പെടുത്തപ്പെട്ട നേതാവല്ല ഡോ:എം.കെ മുനീർ.
ലീഗ് രാഷ്ട്രീയത്തിൽ തലയെടുപ്പും സി.എച്ചിന്റെ ദാർശനിക വ്യക്തതയും കാഴ്ചപ്പാടുമുള്ള മറ്റൊരു നേതാവായി തന്നെയാണ് മുനീർ സാഹിബിന്റെ വളർച്ച.
കുറ്റിച്ചിറയിലെ കൗൺസിലറായി തുടങ്ങിയ പൊതുപ്രവർത്തനം.അഴിമതിയുടെ കറപുരളാതെ, മതേതര മനസ്സിന് കളങ്കമേൽക്കാതെ നിഷ്ഠയോടെ കൊണ്ടു നടന്ന രാഷ്ട്രീയ തപസ്യ.
നടക്കാവിലെ ഓഫീസ് റൂമിൽ തുറന്നിട്ടിരിക്കുന്ന വാതിലുകൾ ആർക്കും എപ്പോഴും ആശ്രയമാണ്.
രാഷ്ട്രീയത്തിനുപരി സാംസ്കാരിക രംഗത്തും സജീവം. ഡോക്ടർ, എഴുത്തുകാരൻ , ബുദ്ധിജീവി എന്നീ നിലകളിലും സജീവം.
നിയമസഭാംഗമായും മന്ത്രിയായും മുനീർ സാഹിബ് ട്രാക്ക് ആർക്കും തിരുത്താനാകില്ല.
കേരള രാഷ്ട്രീയത്തിൽ ഇത്രമാത്രം മേൽവിലാസമുള്ള ഒരാളെ ചൂണ്ടിക്കാണിക്കാൻ വേറെ ആരുണ്ട് ?
എന്നാൽ ആ പ്രൗഢിയെ
പ്രചരണങ്ങൾ കൊണ്ട് തളർത്തിയിടാൻ നോക്കരുത്.
തലയെടുപ്പോടെ അല്ലാതെ ആ അതുല്യ പ്രതിഭയെ കേരളത്തിന് കാണാനാവില്ല.
ആസൂത്രിതമായ കോണുകളിൽ നിന്നും വരുന്ന പ്രചരണങ്ങൾ അവഗണിക്കേണ്ട ഒന്നാണ്.
നൈമിഷമായ അനാരോഗ്യം കൊണ്ട് പ്രതിഭാധരനായ ഒരു വിളക്കുമാടത്തെ അറുത്തിടരുത്.
നവമാധ്യമങ്ങളിലെ കൂലിയെഴുത്തിൽ
അപമാനിക്കപ്പെട്ട് ഇറങ്ങിപ്പോവേണ്ടവരല്ല കേരളത്തിൻ്റെ മുനീർ സാഹിബ്.
നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് നൽകുന്നതും നൽകാതിരിക്കുന്നതും പാർട്ടി തീരുമാനമാണ്.
അത് ശിരസ്സാവഹിക്കുന്ന രാഷ്ട്രീയ പാരമ്പര്യത്തിൽ നിന്നാണ് മുനീർ സാഹിബ് ഉദിച്ചുയർന്നു വന്നത്.
പാർട്ടി എടുക്കുന്ന ഉചിതമായ തീരുമാനങ്ങളിലാണ് പൊതുജനം വിശ്വസിക്കുന്നത്.
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനത്തിനായി നാട് കാതോർത്തിരിക്കുന്നു.
CK Najaf
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.