നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം; പി.പി ദിവ്യയുടെ ഔദ്യോഗിക നമ്പറിലെ മുഴുവൻ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നാല് കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്താനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നവീൻ ബാബുവിന്‍റെ ഭാര്യയുടെ ഹരജിയിലാണ് സുപ്രധാന ഉത്തരവ്. പലതവണ കോടതിയുടെ ഇടപെടലുകൾ ആവശ്യപ്പെട്ടിട്ടും പൊലീസിന് അനുകൂലമായ ഉത്തരവുകളാണ് ഇതുവരെ നവീൻ ബാബുവിന്‍റെ കേസിൽ ഉണ്ടായത്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ നിരന്തര പ്രയത്നങ്ങൾക്ക് പിന്നാലെയാണ് തുടരന്വേഷണത്തിനുള്ള ഉത്തരവ് വരുന്നത്.

അന്വേഷണത്തിലെ വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. കുറ്റപത്രത്തിൽ 13 വീഴ്ച്ചകളുണ്ട്. കുറ്റാരോപിതരുടെ രാഷ്ട്രീയ ബന്ധം ഉൾപ്പെടെ ആരോപണ വിഷയമാണ്. നാല് കാര്യങ്ങളിൽ ഭാഗികമായാണ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചത്.

പ്രതിയായ പി.പി ദിവ്യയുടെ പേഴ്സണൽ നമ്പറിലെ വിവരങ്ങൾ മാത്രമാണ് പൊലീസ് ശേഖരിച്ചത് ഔദ്യോഗിക നമ്പറിലെ മുഴുവൻ വിവരങ്ങൾ കൂടി ശേഖരിക്കണം, പ്രശാന്തൻ ഗോൾഡ് ലോൺ എടുത്താണ് കൈക്കൂലി നൽകിയതെന്ന ആരോപണത്തിൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം, നവീൻ ബാബു കൈക്കൂലിക്കാരനാണെന്ന് പറഞ്ഞ് വിജിലൻസിന് ലഭിച്ച പരാതി വിജിലൻസ് ഉദ്യോഗസ്ഥർ എങ്ങനെ കൈകാര്യ ചെയതു എന്നതിൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം, പ്രശാന്തനും നവീൻ ബാബുവും കൂടിക്കഴ്ച്ച നടത്തി എന്ന് പറയുന്നതിലും തെളിവ് ശേഖരിക്കണം എന്നീ നാല് കാര്യങ്ങളിലാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മേയ് 30നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

2024 ഒക്ടോബര്‍ 15നായിരുന്നു കണ്ണൂർ എ.ഡി.എം ആയിരുന്ന കെ. നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കിയിരിക്കെ ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബു താമസസ്ഥലത്ത് ജീവനൊടുക്കിയത്. സ്ഥലംമാറിപ്പോകുന്നതിന് മുമ്പ് കഴിഞ്ഞവർഷം ഒക്ടോബർ 14ന് വൈകീട്ട് നാലിന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ പി.പി. ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം.

ജില്ലയിലെ പെട്രോൾപമ്പിന്റെ എൻ.ഒ.സിക്ക് എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന നിലക്കായിരുന്നു സഹപ്രവർത്തകർക്ക് മുമ്പിൽ ദിവ്യ നടത്തിയ ആ പ്രസംഗം. ഇതിൽ മനംനൊന്ത് ഒക്ടോബർ 15ന് രാവിലെ താമസസ്ഥലത്ത് എ.ഡി.എമ്മിനെ മരിച്ചനിലയിൽ കണ്ടതോടെ വൻ സമരങ്ങൾക്ക് കണ്ണൂർ വേദിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം ജില്ല കമ്മിറ്റിയംഗം എന്നീ സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കി. മരണവുമായി ബന്ധപ്പെട്ട കേസിലെ ഏക പ്രതിയായ പി.പി. ദിവ്യ കുറച്ചുകാലം ജയിലിലുമായിരുന്നു ദിവ്യ.

എ.ഡി.എം കൈക്കൂലി വാങ്ങിയില്ലെന്നാണ് റവന്യു, വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലും കൈക്കൂലിക്ക് തെളിവില്ല. പമ്പിന്റെ എൻ.ഒ.സിക്ക് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് പമ്പുടമ ടി.വി. ​പ്രശാന്തിന്റെ പേരിൽ മുഖ്യമ​ന്ത്രിക്ക് നൽകിയ വ്യാജ കത്ത്, പമ്പുടമയുടെ ബിനാമി ഇടപാട് തുടങ്ങിയ കാര്യങ്ങളൊന്നും കാര്യമായി അന്വേഷിച്ചില്ല. ആത്മഹത്യയാണോ അല്ലയോ എന്നത് മാത്രമാണ് അന്വേഷിച്ചതെന്നാണ് ഇതിന് പൊലീസ് നൽകുന്ന മറുപടി. 

Tags:    
News Summary - Further investigation in Naveen Babu's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.