കൊടിഞ്ഞി ഫൈസൽ, യാസിർ തിരൂർ, അഷ്‌റഫ്‌ പുൽപ്പള്ളി... ഇസ്‌ലാമോഫോബിയ ഇരകളുടെ വീടുകൾ സന്ദർശിച്ച് സോളിഡാരിറ്റി​ നേതാക്കൾ

കോഴിക്കോട്: ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായ ഇന്നലെ സംസ്ഥാനത്തെ ഇസ്‍ലാമോഫോബിയ ഇരകളുടെ വീടുകൾ സോളിഡാരിറ്റി നേതാക്കൾ സന്ദർശിച്ചു. കൊടിഞ്ഞി ഫൈസൽ, ശഹീദ് യാസിർ തിരൂർ, അഷ്‌റഫ്‌ പുൽപ്പള്ളി, പരപ്പനങ്ങാടി സകരിയ്യ, യഹ്‌യ കമ്മുക്കുട്ടി, ബിയ്യുമ്മ തുടങ്ങി ഇഷ്ടമതം സ്വീകരിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ടവരുടെയും ഭരണകൂട വേട്ടയാടലിന് ഇരയായവരുടെയും വീടുകളാണ് സന്ദർശിച്ചത്.

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ, സെക്രട്ടറിമാരായ സാബിഖ് വെട്ടം, അനീസ് ആദം, അഡ്വ. റഹ്മാൻ, അഫീഫ് ഹമീദ് ജബ്ബാർ ആലങ്കോൾ, നസീം അടുക്കത്ത്, മലപ്പുറം ജില്ലാ പ്രസിഡന്റ് അസ്‌ലം താനൂർ, വയനാട് ജില്ലാ പ്രസിഡന്റ് ഹാഷിർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തതിന്റെ പേരിൽ മാത്രം സംഘപരിവാർ ക്രിമിനലുകൾ ജീവനോടെ കൊത്തിക്കീറിയ കൊടിഞ്ഞി ഫൈസലിന്റെ വീട്ടിലെത്തുമ്പോൾ ആ അന്തരീക്ഷം വല്ലാതെ വിങ്ങുന്നുണ്ടായിരുന്നുവെന്ന് തൗഫീഖ് മമ്പാട് ഫേസ്ബുക്കിൽ കുറിച്ചു. തണലായിരിക്കേണ്ടവൻ യാത്രയായിട്ടും തളരാതെ നിൽക്കുന്ന ആ ഉപ്പയും ഉമ്മയും അനാഥരാക്കപ്പെട്ട മൂന്ന് പിഞ്ചോമനകളും പ്രിയതമയും ഇസ്‌ലാമോഫോബിയയുടെ ഇരയാക്കപ്പെട്ട ഒരു ജനതയുടെ നേർചിത്രമാണ്. മൂന്ന് പതിറ്റാണ്ടോളമായി നീതിയെന്നത് ഒരു മരീചികയായി തുടരുന്ന ശഹീദ് യാസിർ തിരൂരിന്റെ വീട്ടിലും കണ്ടത് സമാനമായ പോരാട്ടവീര്യമാണ്. യാസിർ രക്തസാക്ഷിയായിട്ട് 28 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ആ മക്കളും പേരമക്കളും ഇന്ന് വളർന്നു വലുതായിരിക്കുന്നു. ഒരു കുടുംബത്തെ വേരോടെ പിഴുതെറിയാൻ ശ്രമിച്ചവർക്ക് മുൻപിൽ, ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും പൊരുതി ജീവിക്കുന്ന യാസിറിന്റെ പ്രിയ പത്നിയും മക്കളും ഇസ്‌ലാമോഫോബിയക്കെതിരായ അതിശക്തമായ പ്രതിരോധമാണ് -തൗഫീഖ് അഭിപ്രായപ്പെട്ടു​.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

കൊടിഞ്ഞി ഫൈസൽ, ശഹീദ് യാസിർ തിരൂർ, അഷ്‌റഫ്‌ പുൽപ്പള്ളി, പരപ്പനങ്ങാടി സകരിയ്യ, യഹ്‌യ കമ്മുക്കുട്ടി, ബിയ്യുമ്മ........

ഈ പേരുകൾ വെറും അക്ഷരക്കൂട്ടങ്ങളല്ല; ഈ രാജ്യം ശ്വസിക്കുന്ന 'ഇസ്‌ലാമോഫോബിയ' എന്ന കൊടിയ വിഷം ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകളാണ്. ഓരോ പേരിന് പിന്നിലും ഭരണകൂടം തട്ടിയെടുത്ത സുവർണ്ണ യൗവനങ്ങളുണ്ട്, വംശീയവാദികൾ നിർദ്ദയം കൊന്നൊടുക്കിയവരുണ്ട്, നിശബ്ദമാക്കിയ ഹൃദയഭേദകമായ നിലവിളികളുണ്ട്.

ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായ ഇന്നലെ (മാർച്ച് 15-ന് ) ആ വീടുകളിലേക്ക് ഞങ്ങൾ നടന്നുകയറിയത്, വേട്ടയാടപ്പെട്ടവരുടെ പക്ഷത്ത് വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിൽക്കുമെന്ന വിപ്ലവകരമായ രാഷ്ട്രീയ പ്രഖ്യാപനത്തിനാണ്.

ഇഷ്ടമുള്ള മതം തിരഞ്ഞെടുത്തതിന്റെ പേരിൽ മാത്രം സംഘപരിവാർ ക്രിമിനലുകൾ ജീവനോടെ കൊത്തിക്കീറിയ കൊടിഞ്ഞി ഫൈസലിന്റെ വീട്ടിലെത്തുമ്പോൾ ആ അന്തരീക്ഷം വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. തണലായിരിക്കേണ്ടവൻ യാത്രയായിട്ടും തളരാതെ നിൽക്കുന്ന ആ ഉപ്പയും ഉമ്മയും, അനാഥരാക്കപ്പെട്ട മൂന്ന് പിഞ്ചോമനകളും പ്രിയതമയും ഇസ്‌ലാമോഫോബിയയുടെ ഇരയാക്കപ്പെട്ട ഒരു ജനതയുടെ നേർചിത്രമാണ്.

മൂന്ന് പതിറ്റാണ്ടോളമായി നീതിയെന്നത് ഒരു മരീചികയായി തുടരുന്ന ശഹീദ് യാസിർ തിരൂരിന്റെ വീട്ടിലും കണ്ടത് സമാനമായ പോരാട്ടവീര്യമാണ്. യാസിർ രക്തസാക്ഷിയായിട്ട് 28 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ആ മക്കളും പേരമക്കളും ഇന്ന് വളർന്നു വലുതായിരിക്കുന്നു. ഒരു കുടുംബത്തെ വേരോടെ പിഴുതെറിയാൻ ശ്രമിച്ചവർക്ക് മുൻപിൽ, ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും പൊരുതി ജീവിക്കുന്ന യാസിറിന്റെ പ്രിയ പത്നിയും മക്കളും ഇസ്‌ലാമോഫോബിയക്കെതിരായ അതിശക്തമായ പ്രതിരോധമാണ്.

മംഗലാപുരത്ത് ആൾക്കൂട്ടാക്രമണത്തിനിരയായി കൊല്ലപ്പെട്ട അഷ്‌റഫ് പുൽപ്പള്ളിയുടെ വീട്ടിൽ, ആ വയസ്സായ ഉമ്മയുടെ കാത്തിരിപ്പിന് മുന്നിൽ ലോകത്തെ മുഴുവൻ അധികാര കേന്ദ്രങ്ങളും അപ്രസക്തമായിപ്പോകാറുണ്ട്.

17 വർഷമായി UAPA എന്ന കരിനിയമത്തിന്റെ ഇരുമ്പഴിക്കുള്ളിൽ ഹോമിക്കപ്പെട്ട പരപ്പനങ്ങാടി സകരിയ്യയുടെ ഉമ്മ ബിയ്യുമ്മയെ കാണുമ്പോൾ അത് കേവലമൊരു സന്ദർശനമല്ല, അതൊരു വിപ്ലവമാണ്.

വ്യാജക്കേസുകൾ പടച്ചുണ്ടാക്കി ഒരു മനുഷ്യന്റെ ആയുസ്സും യൗവനവും തടവറയിലിട്ട ശേഷം, ഒടുവിൽ നിരപരാധിയാണെന്ന് പറഞ്ഞ് വെറുതെ വിട്ട യഹ്‌യ കമ്മുക്കുട്ടിയുടെ ജീവിതം ഈ നീതിന്യായ വ്യവസ്ഥിതിയോടുള്ള കടുത്ത വിചാരണയാണ്.

ഈ യാത്രയിൽ ഞങ്ങളോടൊപ്പം സാമൂഹ്യ പ്രവർത്തകൻ റാസിഖ് റഹീമുമുണ്ടായിരുന്നു. കേരളത്തിലെ ആദ്യ UAPA കേസിൽ (പാനായിക്കുളം കേസ് ) അന്യായമായി തടവറയിൽ കിടന്ന ശേഷം നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിട്ട പോരാളി.

ഭരണകൂടം വേട്ടയാടിയവർ ഒത്തുചേർന്ന് നടത്തുന്ന ഈ മുന്നേറ്റം അപരവൽക്കരണത്തിനെതിരായ വലിയൊരു രാഷ്ട്രീയ മുന്നേറ്റം തന്നെയാണ്.

ഭരണകൂടം തന്നെ ആസൂത്രണം ചെയ്യുന്ന ഇസ്‌ലാമോഫോബിക് വേട്ടയാടലുകൾക്ക് വിടുപണി ചെയ്യുന്ന കാവി പുതക്കുന്ന അധികാര - പോലീസ്-ഉദ്യോഗസ്ഥ - കൂട്ടങ്ങളെ നമുക്ക് ചോദ്യം ചെയ്യേണ്ടതുണ്ട്.

വംശീയ രാഷ്ട്രീയത്തിന്റെ ആയുധമായി മാറിയ കരിനിയമങ്ങളും, ക്രൂരതയ്ക്ക് പരവതാനി വിരിക്കുന്ന ഭരണകൂട നിലപാടുകളും ഈ ജനാധിപത്യ രാജ്യത്തിന് കളങ്കമാണ്. മുസ്‌ലിം വിരുദ്ധമായ വംശീയ പ്രസ്താവനകളെയും അപരവിദ്വേഷം പടർത്തുന്ന സർക്കാർ സംവിധാനങ്ങളെയും സോളിഡാരിറ്റി ഇനിയും വിചാരണ ചെയ്യും.

ശഹീദ് യാസിറിന്റെ കുടുംബത്തോടൊപ്പം ആ നോമ്പ് വിരിയിലിരിക്കുമ്പോൾ ഞങ്ങൾ തിരിച്ചറിഞ്ഞ ഒന്നുണ്ട്; ഈ പോരാട്ടം അവസാനിക്കില്ല. ഇസ്‌ലാമോഫോബിയ ഒരു കൊടിയ കുറ്റകൃത്യമായി പ്രഖ്യാപിക്കപ്പെടണം. വെറുപ്പിന്റെ രാഷ്ട്രീയത്തെയും വംശീയ പ്രസംഗങ്ങളെയും നിയമപരമായി നേരിടാൻ ഞങ്ങൾ മുൻപന്തിയിലുണ്ടാകും. നിശബ്ദത കൊണ്ട് നീതി നിഷേധിക്കുന്നവർക്കുള്ള മറുപടി തെരുവിലെ ഈ കരുത്തുറ്റ പ്രതിരോധം തന്നെയാണ്.

ഇനിയും ഞങ്ങൾക്ക് ഒരുപാട് വീടുകളിൽ എത്താനുണ്ട്. അന്യായമായി തടവറയിൽ ആക്കപ്പെട്ട ഓരോരുത്തരുടെയും വീടുകളിൽ സോളിഡാരിറ്റിയുടെ കത്തുന്ന സാന്നിധ്യമുണ്ടാകും.

നിശബ്ദമാക്കപ്പെട്ടവരുടെ ശബ്ദമായി, മുറിവേറ്റവരുടെ കാവലായി ഞങ്ങൾ കടന്നുവരും. ഇത് കേവലം അതിജീവനമല്ല, ഈ മണ്ണിലെ അഭിമാനത്തോടെയുള്ള ഞങ്ങളുടെ അസ്തിത്വത്തിനായുള്ള പോരാട്ടമാണ്. ഈ വിപ്ലവം തുടരും!

(സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ, സെക്രട്ടറിമാരായ സാബിഖ് വെട്ടം, അനീസ് ആദം, അഡ്വ. റഹ്മാൻ, അഫീഫ് ഹമീദ് ജബ്ബാർ ആലങ്കോൾ, നസീം അടുക്കത്ത്, മലപ്പുറം ജില്ലാ പ്രസിഡന്റ് അസ്‌ലം താനൂർ, വയനാട് ജില്ലാ പ്രസിഡന്റ് ഹാഷിർ എന്നിവരും ഈ ചരിത യാത്രയിൽ പങ്കാളികളായി.)

- തൗഫീഖ് മമ്പാട്.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.