എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ സ്ഥാനാർഥി പട്ടിക പൂർത്തിയാക്കി എൻ.സി.പി (ശരത് പവാർ) നേതൃത്വം. കോഴിക്കോട് എലത്തൂരിൽ ഇത്തവണയും സിറ്റിങ് എം.എൽ.എയായ എ.കെ. ശശീന്ദ്രൻ മത്സരിക്കും. തോമസ് കെ. തോമസ് കുട്ടനാടും കെ.ടി മുജീബ് മലപ്പുറത്തും സീറ്റുറപ്പിച്ചു. പാർട്ടി ദേശീയ നേതൃത്വമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തുടർച്ചയായ നാലാം തവണയാണ് ശശീന്ദ്രൻ എലത്തൂർ മണ്ഡലത്തിൽ ജനവിധി തേടുന്നത്. ഓരോ തവണ വിജയം തുടർന്നപ്പോഴും ഭൂരിപക്ഷം കൂട്ടാൻ ശശീന്ദ്രന് സാധിച്ചിട്ടുണ്ട്. 2011ൽ 14,651 വോട്ടും 2016ൽ 29,057 വോട്ടും ലീഡ് നേടിയ എ.കെ. ശശീന്ദ്രൻ 2021ൽ മത്സരിച്ചപ്പോൾ 38,502 വോട്ടെന്ന കൂറ്റൻ ലീഡിലാണ് വിജയിച്ചത്. നിലവിൽ ഏഴ് തെരഞ്ഞെടുപ്പിൽ എ.കെ. ശശീന്ദ്രൻ വിജയിച്ചിട്ടുണ്ട്.
അതേസമയം എലത്തൂരിൽ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ ജില്ല കമ്മിറ്റി രംഗത്തെത്തിയിരുന്നു. ജില്ല പ്രസിഡന്റും എൽ.ഡി.എഫ് കൺവീനറുമായ മുക്കം മുഹമ്മദിനെയാണ് ജില്ല കമ്മിറ്റി സ്ഥാനാർഥിയാക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇന്ന് കോഴിക്കോട് ടൗൺഹാളിൽ നടന്ന എൻ.സി.പി ജില്ല പ്രവർത്തക കൺവെൻഷനിലും ശശീന്ദ്രനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഇതിനെയെല്ലാം തരണം ചെയ്താണ് സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.