തൃശൂർ: സി.പി.ഐ നേതാവും നാട്ടികയിലെ സിറ്റിങ് എം.എൽ.എയുമായ സി.സി. മുകുന്ദൻ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി തൃശൂർ ജില്ലാ ആസ്ഥാനമായ നമോഭവനിൽ എത്തിയാണ് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നത്. ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണൻ അടക്കമുള്ളവർ മുകുന്ദനെ സ്വീകരിച്ചു. ബി.ജെ.പി നേതാക്കളോടൊപ്പം നമോഭവനിൽ മാധ്യമങ്ങളെ കാണുകയാണ് അദ്ദേഹം.
നാട്ടികയിൽ രണ്ടാംവട്ടവും മത്സരിക്കാൻ സീറ്റ് നൽകാത്തതാണ് മുകുന്ദനെ പ്രകോപിപ്പിച്ചത്. ഇത്തവണ ഗീതാ ഗോപിയെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചിരുന്നത്. ഇവരുടേത് പേയ്മെന്റ് സീറ്റാണെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാർട്ടി പ്രവർത്തകനെന്ന നിലയിൽ സീറ്റ് നിഷേധിച്ച കാര്യം നേരത്തെ പറഞ്ഞില്ല. കഴിഞ്ഞ പ്രാവശ്യം ഈ സ്ഥാനാർഥിയെ കുറിച്ച് ദോഷം ഉണ്ടായപ്പോഴാണ് എന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ അവർക്ക് എന്താണ് പ്രത്യേകത എന്ന് മനസ്സിലാകുന്നില്ല. പേയ്മെന്റ് സീറ്റ് ആണോ എന്നത് പരിശോധിക്കണം. ഗീതയുടെ സീറ്റിന്റെ കാര്യത്തിൽ സാമ്പത്തിക ഇടപാട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം. ഞാൻ പൈസ പിരിച്ചു കൊടുക്കാൻ പറ്റാത്ത ഒരാളാണ്. പലപ്പോഴും ആവശ്യപ്പെട്ടിട്ട് പോലും പത്ത് രൂപ പോലും കൃത്യമായി പിരിക്കാൻ കഴിഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പൈസ പിരിച്ചു കൊടുക്കൽ ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഇങ്ങനെയുള്ളവർക്ക് മാത്രമേ ഇതിന്റകത്ത് സ്ഥാനമുള്ളൂ എന്നും മുകുന്ദൻ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ ഇദ്ദേഹത്തെ പാർട്ടി പുറത്താക്കി. സ്ഥാനാർഥിയാകാൻ കോൺഗ്രസും ബിജെപിയും ഒക്കെ തന്നെ സമീപിച്ചിരുന്നതായി മുകുന്ദൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെത്തി കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പ്രദേശിക എതിർപ്പിനെ തുടർന്ന് കോൺഗ്രസ് സീറ്റ് നൽകാൻ തയാറായില്ല. മുകുന്ദൻ നാട്ടികയിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയാകുന്നതിനോട് താന്ന്യം മണ്ഡലം പ്രസിഡന്റ് അടക്കം കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത് വന്നതാണ് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയത്. താൻ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് മുകുന്ദൻ സ്വയം പ്രഖ്യാപിച്ചതാണ് പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് ബി.ജെ.പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.