പ്രണയം നിരസിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്നു; യുവാവും ജീവനൊടുക്കി

ഗാന്ധിനഗര്‍ (കോട്ടയം): ആര്‍പ്പൂക്കര സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനില്‍ (എസ്.എം.ഇ) വിദ്യാര്‍ഥിനിയെ പൂര്‍വവിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. കൊലപ്പെടുത്തിയ യുവാവും മരിച്ചു. ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണകുമാറിന്‍െറ മകള്‍ കെ. ലക്ഷ്മി (21), കൊല്ലം നീണ്ടകര പുത്തന്‍തുറ കൈലാസമംഗലത്ത് സുനീതന്‍െറ മകന്‍ ആദര്‍ശ് (25) എന്നിവരാണ് മരിച്ചത്. ബുധന്‍ ഉച്ചക്ക് 1.15ന് എസ്.എം.ഇ കാമ്പസിലായിരുന്നു സംഭവം. 80 ശതമാനം പൊള്ളലേറ്റ ആദര്‍ശ് വൈകീട്ട് ഏഴിനും 65 ശതമാനം പൊള്ളലേറ്റ ലക്ഷ്മി രാത്രി ഏഴരക്കും മരിക്കുകയായിരുന്നു.

ലക്ഷ്മി എസ്.എം.ഇയിലെ നാലാംവര്‍ഷം ഫിസിയോ തെറാപ്പി വിദ്യാര്‍ഥിയും ആദര്‍ശ് ഇവിടെനിന്ന് പഠനം പൂര്‍ത്തിയാക്കിയ മുന്‍ വിദ്യാര്‍ഥിയുമായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ രണ്ട് വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദര്‍ശിന്‍െറ മാതാവ്: കുമാരി.സഹോദരങ്ങള്‍: സുജിത്, അഖില്‍, സുനിത്. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍.

ലക്ഷമിയുടെ പിതാവ്  ആലപ്പുഴയില്‍ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ടുമെന്‍റില്‍ അസി. ഓഫിസറാണ്.മാതാവ് ഉഷാറാണി  ഹരിപ്പാട് ഗവ. ഗേള്‍സ് എച്ച്.എസ്.എസ് യു.പി സ്കൂള്‍ അധ്യാപികയാണ്.സഹോദരന്‍: ശങ്കരനാരായണന്‍.

കൊലയിലേക്ക് നയിച്ചത് പ്രണയനൈരാശ്യം
കോട്ടയം: ആര്‍പ്പൂക്കര സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ (എസ്.എം.ഇ) വിദ്യാര്‍ഥിനി ലക്ഷ്മിയെ കൊലപ്പെടുത്താന്‍ പൂര്‍വവിദ്യാര്‍ഥി ആദര്‍ശിനെ പ്രേരിപ്പിച്ചത് പ്രണയനൈരാശ്യം.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: ആദര്‍ശും ലക്ഷ്മിയും പ്രണയത്തിലായിരുന്നു. ഇവിടെനിന്ന് പഠനം പൂര്‍ത്തീകരിച്ചുപോയ ആദര്‍ശ് ലക്ഷ്മിയില്‍ സംശയിക്കുകയും അതിന്‍െറ പേരില്‍ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പ്രണയത്തില്‍നിന്ന് പിന്മാറുകയും വിവരം വീട്ടില്‍ ധരിപ്പിക്കുകയും ചെയ്തു.
ഇതറിഞ്ഞ് ആദര്‍ശ് പെണ്‍കുട്ടിയുടെ വീട്ടിലത്തെി ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കായംകുളം സി.ഐ ഓഫിസില്‍ പരാതിനല്‍കി. സി.ഐ ഓഫിസില്‍ വിളിപ്പിച്ച ആദര്‍ശിനെ പൊലീസ് താക്കീതുനല്‍കി വിട്ടയച്ചു. കോളജില്‍ സമരമായതിനാല്‍ ബുധനാഴ്ച ക്ളാസുണ്ടായിരുന്നില്ല. സപ്ളിമെന്‍ററി പരീക്ഷ എഴുതുന്നതിനായി ബുധനാഴ്ച ആദര്‍ശ് വീണ്ടും എസ്.എം.ഇയില്‍ എത്തി. പരീക്ഷക്ക് ശേഷം ഉച്ചയോടെ ലക്ഷ്മിയുടെ ക്ളാസില്‍ കയറി ഇയാളുടെ കൈവശമുണ്ടായിരുന്ന പെട്രോള്‍ ലക്ഷ്മിയുടെ ദേഹത്തേക്ക് ഒഴിച്ചു. നിലവിളിച്ചുകൊണ്ട് ലൈബ്രറിയിലേക്ക് ഓടിയ ലക്ഷ്മിയുടെ പിന്നാലെ ആദര്‍ശും ഓടി ലൈബ്രറി ഹാളില്‍ എത്തി. ഇയാളുടെ ദേഹത്തും പെട്രോള്‍ ഒഴിക്കുകയും തുടര്‍ന്ന് ലൈറ്റര്‍ കത്തിച്ച് ദേഹത്ത് തീ പിടിപ്പിച്ചശേഷം ലക്ഷ്മിയെ കെട്ടിപ്പിടിക്കുകയായിരുന്നു. ഈസമയം ലൈബ്രറിയില്‍ എത്തിയ അശ്വിനും അജ്മലും തടസ്സംപിടിച്ചെങ്കിലും ആദര്‍ശ് പിടിവിട്ടില്ല.
സംഭവസ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ എം.എല്‍.ടി മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ മുണ്ടക്കയം വണ്ടംപതാല്‍ പഴാശ്ശേരി ഷാഹുല്‍ ഹമീദ് മകന്‍ അജ്മല്‍ (21),  മുണ്ടക്കയം പറത്താനം കുളത്തിങ്കല്‍ ഷിബു മകന്‍ അശ്വിന്‍ (21) എന്നിവര്‍ക്കും പൊള്ളലേറ്റു.  ഇരുവരുടെയും മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സംഘവും ആശുപത്രി പരിസരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരന്ത പശ്ചാത്തലത്തില്‍ കോളജ് രണ്ടുദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതായി ഗാന്ധിനഗര്‍ എസ്.ഐ അറിയിച്ചു.

Tags:    
News Summary - suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT