രക്ഷിക്കാനാകാത്തതിന്‍െറ വേദനയും ഭയവുമായി അശ്വിനും അജ്മലും

ഗാന്ധിനഗര്‍ (കോട്ടയം): ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം വിദ്യാര്‍ഥിനിയോടൊപ്പം ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെയും വിദ്യാര്‍ഥിനിയെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട ദു:ഖത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍.  എസ്.എം.ഇയിലെ എം.എല്‍.ടി മൂന്നാംവര്‍ഷ വിദ്യാര്‍ഥി മുണ്ടക്കയം വണ്ടംപതാല്‍ പഴാശ്ശേരി ഷാഹുല്‍ഹമീദിന്‍െറ മകന്‍ അജ്മല്‍ (21), മുണ്ടക്കയം പറത്താനം കുളത്തിങ്കല്‍ ഷിബുവിന്‍െറ മകന്‍ അശ്വിന്‍ (21) എന്നിവര്‍ക്കാണ് രക്ഷാശ്രമത്തിനിടെ സാരമായി പൊള്ളലേറ്റത്.

സംഭവത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരമാണ് അശ്വിനും അജ്മലിനും പറയാനുള്ളത്. ബുധനാഴ്ച കോളജില്‍ കെ.എസ്.യു സമരമായിരുന്നതിനാല്‍ ആണ്‍കുട്ടികള്‍ ഭൂരിപക്ഷവും ക്ളാസിനു പുറത്തായിരുന്നു.  ഉച്ചക്ക് ഒരു മണിയോടെ ലക്ഷ്മിയുടെ ക്ളാസ് മുറിയുടെ മുന്നില്‍ എത്തിയ ആദര്‍ശ് ബാഗില്‍നിന്ന് കാനില്‍ കരുതിയ പെട്രോള്‍ സ്വന്തം ദേഹത്ത് ഒഴിച്ചശേഷം ക്ളാസില്‍ കയറി ലക്ഷ്മിയുടെ ദേഹത്തേക്കും ഒഴിച്ചു. ഈ സമയം ക്ളാസില്‍ ഉണ്ടായിരുന്ന മറ്റ് കുട്ടികളെല്ലാം ചിതറിയോടി. ലക്ഷ്മി കരഞ്ഞുകൊണ്ട് ഗ്രൗണ്ട് ഫ്ളോറിലുള്ള ലൈബ്രറിയിലേക്ക് ഓടി. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ലൈബ്രറിയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ എല്ലാവരും പുറത്തേക്ക് ഓടി.

ലൈബ്രറിക്കുള്ളില്‍ ഈ സമയം അജ്മലും അശ്വിനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നാലെ ഒരു കൈയില്‍ പെട്രോള്‍ അടങ്ങിയ കാനും മറ്റൊരു കൈയില്‍ ലൈറ്ററുമായി ഓടിക്കയറി വന്ന ആദര്‍ശ് ലക്ഷ്മിയെ കെട്ടിപ്പിടിച്ചശേഷം ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ലൈറ്റര്‍ കത്തിക്കുന്നത് തടയാന്‍ അശ്വിനും അജ്മലും ശ്രമിച്ചെങ്കിലും ഇവരുടെ കൈക്ക് പൊള്ളലേല്‍ക്കുകയും ശ്രമം പരാജയപ്പെടുകയുമായിരുന്നു.

ലക്ഷ്മിയുടെ ശരീരത്തിലും തീപടര്‍ന്നുവെന്ന് മനസ്സിലാക്കിയ ആദര്‍ശ് ലക്ഷ്മിയുടെ പിടിവിട്ടു. ശരീരമാകെ തീ ആളിപ്പടര്‍ന്ന നിലയില്‍ മുറ്റത്തേക്ക് ഓടിയ ലക്ഷ്മിയുടെ ദേഹത്ത് സഹപാഠികള്‍ വെള്ളമൊഴിച്ച് തീയണച്ചു. ഉടന്‍ അധ്യാപകനായ ആല്‍ബിന്‍െറ കാറില്‍ ലക്ഷ്മിയെയും ആംബുലന്‍സില്‍ ആദര്‍ശിനെയും മെഡിക്കല്‍ കോളജിലത്തെിച്ചു. രണ്ടുപേരുടെയും ദേഹത്ത് തീപടര്‍ന്നതുകണ്ട ഭയം വിട്ടുമാറാതെ ചികിത്സയിലാണ് ഈ വിദ്യാര്‍ഥികള്‍.

Tags:    
News Summary - suicide in kottyam centre for medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.