ഫണ്ട് ലഭ്യമായില്ല; സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി അനിശ്ചിതത്വത്തില്‍

കോഴിക്കോട്: വിദ്യാര്‍ഥികളില്‍ സാമൂഹികാവബോധവും കര്‍മശേഷിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമിട്ട് ആരംഭിച്ച സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി) ഫണ്ട് ലഭ്യമാവാത്തുകാരണം അനിശ്ചിതത്ത്വത്തില്‍. മുന്‍വര്‍ഷങ്ങളില്‍ ഒക്ടോബറിലും നവംബര്‍ ആദ്യവാരത്തിലുമായി യൂനിറ്റുകള്‍ക്കുള്ള വാര്‍ഷിക ഫണ്ട് ലഭിച്ചിരുന്നുവെങ്കില്‍ ഇത്തവണ നവംബര്‍ കഴിയാറായിട്ടും ഫണ്ട് സംബന്ധിച്ച് സ്കൂളുകളിലെ കമ്യൂണിറ്റി പൊലീസ് ഓഫിസര്‍, അഡീഷനല്‍ കമ്യൂണിറ്റി പൊലീസ് ഓഫിസര്‍ എന്നിവര്‍ക്ക് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ആഴ്ചയില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കേഡറ്റുകളുടെ പരേഡ് ഉള്‍പ്പെടെ നിലച്ചുതുടങ്ങി.

ശനിയാഴ്ചകളില്‍ പരേഡ് രാവിലെ 7.30 മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ്. കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ കഴിയാത്തതാണ് പരേഡുതന്നെ മുടങ്ങുന്ന സ്ഥിതിയുണ്ടാക്കിയത്. ചില സ്കൂളുകള്‍ പി.ടി.എ ഫണ്ടില്‍നിന്നും മറ്റും ചെലവു തരണംചെയ്യുന്നുണ്ട്. എന്നാല്‍, ഇത് എപ്പോള്‍ തിരിച്ചു ലഭിക്കുമെന്ന വിവരമില്ല. സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിലെ 526 സ്കൂളുകളിലായി 42,000ത്തോളം എസ്.പി.സി കേഡറ്റുകളാണുള്ളത്. കേഡറ്റുകള്‍ക്ക് യൂനിഫോം തയ്പ്പിക്കുന്നതും ഫണ്ടില്ലാത്തതുകാരണം പലയിടത്തും നീളുകയാണ്.

ചില സ്കൂളുകള്‍ യൂനിഫോമിനും മറ്റും ഓര്‍ഡര്‍ നല്‍കിയെങ്കിലും ഫണ്ട് മുടങ്ങിയതോടെ കരാര്‍ റദ്ദാക്കേണ്ട അവസ്ഥയിലാണ്. പദ്ധതിയുടെ തുടക്കം മുതല്‍ പി. വിജയനാണ് നോഡല്‍ ഓഫിസര്‍. എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പ്രവര്‍ത്തന സൗകര്യത്തിന് എസ്.പി.സി പ്രോജക്ട് മാനേജ്മെന്‍റ് നോഡല്‍ കമ്മിറ്റി രൂപവത്കരിക്കുകയും എ.ഡി.ജി.പി ബി. സന്ധ്യയെ ചെയര്‍പേഴ്സനാക്കുകയും ചെയ്തു. മനോജ് എബ്രഹാമാണ് മെംമ്പര്‍ സെക്രട്ടറി.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കുപുറമെ വിദ്യാഭ്യാസം, എക്സൈസ് വകുപ്പുകളിലെ മേധാവികളും തെരഞ്ഞെടുക്കപ്പെടുന്ന ചിലരുമാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. കമ്മിറ്റി യോഗം ചേരുന്നത് നീണ്ടുപോകുന്നതും മറ്റും ഉദ്യോഗസ്ഥരില്‍   നീരസമുണ്ടാക്കി. പിന്നീട് കമ്മിറ്റി രണ്ടുതവണ യോഗം ചേര്‍ന്ന് പദ്ധതികള്‍ വിലയിരുത്തിയെങ്കിലും മുന്‍ വര്‍ഷങ്ങളില്‍ കൃത്യമായി ലഭിച്ച ഫണ്ട് അനിശ്ചിതമായി നീണ്ടു.

ഫണ്ട് മുടങ്ങിയതോടെ ചില സ്കൂള്‍ അധികൃതര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ, കെ.എസ്. ശബരീനാഥ് എം.എല്‍.എ നിയമസഭയില്‍ പ്രശ്നം ഉന്നയിച്ചപ്പോള്‍ 10.07 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയിട്ടില്ല. എസ്.പി.സിക്ക് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ളെന്ന് തിരുവനന്തപുരം എസ്.പി.സി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Tags:    
News Summary - student police programme in trabble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.