തെരുവ് നായ; ജനകീയ പ്രശ്നങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരുമ്പോള്‍ മന്ത്രിമാര്‍ക്ക് പുച്ഛം -വി.ഡി സതീശൻ

സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം പെരുകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കേണ്ട എ.ബി.സി പദ്ധതി നടപ്പാക്കാത്തതും മാലിന്യ സംസ്‌ക്കരണത്തിന് സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് ഇതിന് കാരണം. പേവിഷ ബാധക്ക് എതിരെ ഉപയോഗിക്കുന്ന വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ചും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതിന് ശേഷമാണ് വാക്സിന്റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായത്. കുഞ്ഞുങ്ങള്‍ക്കും വയോധികര്‍ക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം അപകടകരമായ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. തെരുവ് നായയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ കുട്ടിയുടെ കുടുംബത്തിന്റെ സങ്കടം എങ്ങനെ പരിഹരിക്കും? ജനകീയ പ്രശ്നങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരുമ്പോള്‍ മന്ത്രിമാര്‍ക്ക് പുച്ഛവും പരിഹാസവുമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്തെ സുരക്ഷാ സംവിധാനങ്ങളുടെ അപാകത കോടതികള്‍ ഉള്‍പ്പെടെ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. വള്ളിക്കോട് ഓടനിര്‍മ്മാണത്തിന്റെ ഭാഗമയി റോഡില്‍ അലക്ഷ്യമായി ഇട്ടിരുന്ന സ്ലാബിലെ കമ്പി തലയില്‍ തുളച്ച് കയറിയാണ് വിവാഹനിശ്ചയ തലേന്ന് യദുകൃഷ്ണന് ഗുരുതരമായി പരിക്കേറ്റത്. ഇപ്പോഴും അബോധാവസ്ഥയിലാണ്. പൊതുമരാമത്ത് വകുപ്പോ സര്‍ക്കാരോ ഒരു സഹായവും നല്‍കിയിട്ടില്ല. ചികിത്സക്ക് വേണ്ടി വീട് വില്‍ക്കേണ്ട അവസ്ഥയിലാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കുമെന്നും സഹായം ഉറപ്പാക്കുമെന്നും യദുകൃഷ്ണന്റെ കുടുംബത്തിന് ഉറപ്പ് നല്‍കി.

വിഴിഞ്ഞം അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണം. മുഖ്യമന്ത്രി ഇപ്പോള്‍ ചര്‍ച്ചക്കായി മന്ത്രിമാരെ വിടുകയാണ്. മന്ത്രിമാര്‍ സമരക്കാരോട് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. സമരം ചെയ്യുന്ന ആളുകളോടുള്ള ശത്രുതാ മനോഭാവം വെടിയാന്‍ മുഖ്യമന്ത്രി തയാറാകണം. സമരം ചെയ്താല്‍ ഗൂഡാലോചനയാണെന്നും നക്സലൈറ്റാണെന്നും മാവോയിസ്റ്റാണെന്നുമൊക്കെ പറയുന്നത് ശരിയല്ല. ബിഷപ്പ്മാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി തയാറാകണം.

മുതലപ്പൊഴി ഹാര്‍ബര്‍ നിര്‍മ്മാണത്തിലെ അപകതയെ തുടര്‍ന്ന് 58 പേര്‍ മരിച്ച സാഹചര്യം കഴിഞ്ഞ വര്‍ഷം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. അന്ന് ഫിഷറീസ് മന്ത്രി നിയമസഭയില്‍ നല്‍കിയ ഒരു ഉറപ്പും ഇതുവരെ പാലിച്ചിട്ടില്ല. പിതാവ് മരിച്ച് മൂന്നാമത്തെ ദിവസം കടലില്‍ പോകേണ്ട സങ്കടകരമായ അവസ്ഥയാണ് അവിടെ നിലനില്‍ക്കുന്നത്. മറൈന്‍ ആംബുലന്‍സ് വാങ്ങിയെന്നാണ് മന്ത്രി പറയുന്നത്. ഇന്നേവരെ ആരെയും രക്ഷിക്കാന്‍ ഈ ആംബുലന്‍സ് കൊണ്ട് സാധിച്ചിട്ടില്ല. ഓടിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. ആംബുലന്‍സ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആക്ഷേപവും ശക്തമാണ്. തീരപ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാണെന്നും സതീശൻ പറഞ്ഞു. 

Tags:    
News Summary - stray dog; Ministers are disdainful when people's issues are brought to the Assembly -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.