തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രോമ കെയർ ഐ.സി.യുവിൽ തുടരുമെന്ന് മെഡിക്കൽ ബോർഡ്. അപകടത്തിൽ പരിക്കേറ്റ ശ്രീറാമിെൻറ ചികിത്സ തുടരണമെന്ന് ആരോഗ്യസ്ഥിതി വിലയിരുത്തിയ മെഡിക്കൽ ബോർഡ് അറിയിച്ചു. തലവേദനയും തലകറക്കവും അനുഭവപ്പെടുന്നുണ്ടെന്ന് ശ്രീറാം മെഡിക്കൽ ബോർഡിനെ അറിയിച്ചു.
എല്ലാ പരിശോധനകളും കഴിഞ്ഞ ശേഷം ഡിസ്ചാർജ് ചെയ്താൽ മതിയെന്ന നിലപാടിലാണ് മെഡിക്കൽ ബോർഡ്. ശ്രീറാമിെൻറ ആരോഗ്യനില വിലയിരുത്താൻ അടുത്ത ദിവസവും മെഡിക്കൽ ബോർഡ് യോഗം ചേരും.
അതേസമയം, ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ ഹരജി നൽകിയത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ഹൈകോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചത്. ഹരജി കോടതി ഇന്നു തന്നെ പരിഗണിക്കും.
ചൊവ്വാഴ്ച തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീറാമിന് ജാമ്യം അനുവദിച്ചിരുന്നു.
അന്വേഷണത്തോട് സഹകരിക്കുക, കേരളം വിട്ട് പുറത്തുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ കർശന നിർദേശങ്ങളോടെയാണ് ജാമ്യം. പൊലീസ് ചുമത്തിയ മനഃപൂർവമായ നരഹത്യയെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304ാം വകുപ്പ് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് ശ്രീറാമിന് ജാമ്യം ലഭിക്കാൻ കാരണമായത്. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചെന്നും കോടതി വിലയിരുത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് മ്യൂസിയത്തിന് സമീപം സർവേ ഡയറക്ടറും െഎ.എ.എസുകാരനുമായ ശ്രീറാം വെങ്കിട്ടരാമൻ അതിവേഗത്തിൽ ഒാടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിെൻറ യൂനിറ്റ് ചീഫായ കെ.എം. ബഷീർ (35) കൊല്ലപ്പെട്ടത്. ശ്രീറാം മദ്യപിച്ചിരുന്നെന്ന് ദൃക്സാക്ഷികളുടെയും സഹയാത്രികയുടെയെല്ലാം മൊഴിയുണ്ടായിരുന്നിട്ടും പൊലീസ് കൃത്യസമയത്ത് രക്തപരിശോധന നടത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.