അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം: പ്രത്യേക സംഘത്തെ നിയോഗിക്കണം-മുഖ്യമന്ത്രി

തൃശൂർ: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകിയത്. അട്ടപ്പാടി വട്ടലക്കി ഫാമിലെ ടി.ആർ. ചന്ദ്രനും എം. സുകുമാരനും നൽകിയ പരാതിയെ തുടർന്നാണ് രാജമാണിക്യം അട്ടപ്പാടിയിലെ വെച്ചപ്പതി, വെള്ളകുളം, മൂലഗംഗൽ തുടങ്ങിയ ഊരുകൾ സന്ദർശിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. മാധ്യമം ഓൺലൈനിൽ നൽകിയ വാർത്തകളാണ് ആദിവാസികൾ പരാതിയിൽ ചൂണ്ടിക്കാണിച്ചത്

അട്ടപ്പാടിയിലെ മുഴുവൻ ഭൂമിയും സ്പെഷ്യൽ സർവെ ടീമിനെ ഉപയോഗിച്ച് ഡിജിറ്റൽ സർവെ പൂർത്തീകരിക്കറുന്നതിനും ഒരു ഉദ്യോഗസ്ഥനെ സ്പെഷ്യൽ ഓഫീസറായി നിയമിക്കണം. ഈ ഉദ്യോഗസ്ഥൻ ഒറ്റപ്പാലം റവന്യൂ ഡിവിഷന് കീഴിൽ അട്ടപ്പാടിയിൽ നിന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണം. അട്ടപ്പാടിയിൽ റവന്യൂ സർവെ/രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു സ്പെഷ്യൽ ഓഫീസ് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

വനാവകാശനിയമ പ്രകാരം ആദിവാസികൾക്ക് ലഭിച്ച ഭൂമി പാരമ്പര്യമായി മാത്രം കൈമാറ്റം ചെയ്യപ്പെടുന്നതായതിനാൽ, കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണം. ആദിവാസി ഭൂമി വ്യാജരേഖ ചമച്ച് കൈയടക്കുന്നതിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ഇത് സംബന്ധിച്ച് പാലക്കാട് കലക്ടർ സൂചിപ്പിച്ചതു പോലെ വ്യക്തമായ അന്വേഷണം നടത്തിയ ശേഷം കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ പട്ടിക ജാതി -പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.

മറ്റ് തീരുമാനങ്ങൾ

* 1961-64 കാലഘട്ടത്തിലെ സർവേ സെറ്റിൽമെൻറ് രജിസ്റ്റർ പ്രായം ചെന്ന ഉന്നതി നിവാസികളുടെ വാമൊഴി 1982 ൽ ഐ.ടി.ഡി പി മുഖേന നടത്തിയ സർവേ സർക്കാർ രേഖകൾ, കോടതി ഉത്തരവുകൾ, പട്ടികവർഗക്കാരുടെ നിർമിതികൾ എന്നിവ കണക്കാക്കി പ്രത്യേക സർവേ ടീമിനെ നിയോഗിച്ച് സർവേ നടത്തണം.

*ഭൂമിക്ക് രേഖയില്ലാത്തതിനാൽ ആദിവാസികൾക്ക് ബാങ്ക്/കാർഷിക വായ്പയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. അവർക്ക് അനുവദിച്ച ഭൂമിക്ക് അതിനാവശ്യമായ രേഖ നൽകുന്നതിനുള്ള നടപടികൾ റവന്യൂ സെക്രട്ടറി സ്വീകരിക്കണം.

* ഊര് അടിസ്ഥാനത്തിൽ കൂട്ടുകുടുംബ വ്യവസ്ഥയിലുള്ള ഭൂമി കൈവശം വച്ചിട്ടുള്ള നിർദ്ധന പട്ടികവർഗവിഭാഗക്കാർക്ക് ഭാഗാധാരം തയാറാക്കുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി സർവേ/രജിസ്ട്രേഷൻ /എഴുത്ത് കൂലി മുതലായ ചിലവുകൾ എസ്.സി.എസ്.ടി വകുപ്പ് വഹിച്ച് ഭാഗപത്രം ചെയ്യാം. ഗുണഭോക്താക്കളുടെ അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഫണ്ട് രജിസ്ട്രേഷൻ വകുപ്പിന് നേരിട്ട് നൽകണം.

* അട്ടപ്പാടി മേഖലയിൽ വീട് നിർമാണം ഒഴിച്ച് ബാക്കി നിർമാണ പ്രവർത്തനങ്ങൾക്കും മണ്ണെടുക്കുന്നതിനും ഭൂമി നിരപ്പാക്കുന്നതിനുമുള്ള അനുമതി കലക്ടറിൽ നിക്ഷിപ്തമാക്കണം.

*പാലക്കാട് ജില്ലയിലെ സിവിൽ കോടതികളിലും ഹൈകോടതികളിലും പട്ടിക വർഗക്കാർക്ക് വേണ്ടി കേസുകൾ നടത്തുന്നതിന് പ്രത്യേക അഡ്വക്കേറ്റുമാരെ നിയോഗിക്കുന്നത് പരിശോധിക്കണം.

*പട്ടിക വർഗ ഭൂമി സംബന്ധമായ കേസുകളിൽ നിലവിൽ 70 കി.മി അകലെയുള്ള ഒറ്റപ്പാലം സബ്കലക്ടറുടെ ഓഫീസിലാണ് നടക്കുന്നത്. ഹിയറിങ് അട്ടപ്പാടിയിൽ നടത്തുന്നതിന് നടപടി സ്വീകരിക്കണം.

* അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് കെ.എസ്‌.ടി നിയമം ഉൾപ്പെടെയുള്ള ഭൂമി സംബന്ധമായ നിയമങ്ങളിൽ റവന്യൂ വകുപ്പ് പ്രത്യേക പരിശീലനം നൽകണം.

* വനാവകാശ നിയമ പ്രകാരം വ്യക്തിഗത/ സാമൂഹിക വനാവകാശം അനുവദിച്ച ഭൂമിയിൽ കൈയേറ്റവും നടത്തിയിട്ടുണ്ടെന്നുള്ള പരാതി വനം വകുപ്പ് അന്വേഷി‌ക്കണം. മറ്റ് കൈയേറ്റങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് റവന്യൂ വനം/പട്ടികവർഗം നിയമം തദ്ദേശസ്വയംഭരണം ആഭ്യന്തരം വകുപ്പ് സെക്രട്ടറിമാർ ഉൾപ്പെട്ട ഉന്നതതല സംഘത്തെ നിയോഗിക്കണം.

* പട്ടികവർഗക്കാരിൽ നിന്ന് മറ്റ് വിഭാഗത്തിൽപ്പെട്ടവർക്ക് നിയമവ്യവസ്ഥകൾക്കെതിരായി കൈമാറ്റം ചെയ്ത ഭൂമി പുനസ്ഥാപിച്ച് കിട്ടുന്നതിനുള്ള അപേക്ഷകളിൽ ആവശ്യമായ നടപടി സ്വീകരിക്കണം. ഇതിന് കാർഷിക/കാർഷികേതര ഭൂമി വ്യത്യാസമില്ലാതെ 1975 ലെ ആക്ട് ബാധകമാക്കുന്ന കാര്യം പരിശോധിക്കണം

* മൂപ്പിൽ നായർക്കെതിരെ സീലിങ് കേസ് എടുക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി നടപടികളുമായി മുന്നോട്ട് പോകാൻ ലാൻഡ് ബോർഡിന് അടിയന്തര നിർദേശം നൽകണം. മൂപ്പിൽ നായരുടെ വാക്കാൽ പാട്ടം അനുവദിച്ചവർക്ക് എൽ.ടി അനുവദിച്ചിട്ടുണ്ടോ എന്ന വിഷയം, മൂപ്പിൽ നായരുടെ അവകാശികൾ എന്നവകാശപ്പെടുന്നവർ നൂറ് കണക്കിന് ഏക്കർ ഭൂമി കൈമാറ്റം ചെയ്തത് സംബന്ധിച്ച വിഷയം എന്നിവ ലാൻഡ് ബോർഡ് പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കണം.

* നേരത്തെ നൽകിയ 80 ഓളം പട്ടയങ്ങൾ അർഹരായവർക്കല്ല നൽകിയതെന്ന മണ്ണാർക്കാട് മുൻ തഹസിൽദാരുടെ റിപ്പോർട്ട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

*അട്ടപ്പാടി മേഖലയിൽ വിവിധ കാലയളവുകളിൽ അനുവദിച്ച ജലസേചന പദ്ധതികൾ വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജലവിഭവ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്താം.

* കള്ളമല വില്ലേജിൽ ഓന്തൻമല പ്രദേശത്ത് താമസിക്കുന്ന ആദിവാസികളിൽ നിന്ന് വനഭൂമിയാണെന്ന നിലപാടിൽ നികുതി സ്വീകരിക്കാതിരിക്കുന്നതിനാൽ അവർ പ്രതിസന്ധിയിലാണ്. ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ട പ്രശ്നങ്ങൾ ചീഫ് സെക്രട്ടറി/റവന്യൂ /വനം സെക്രട്ടറിമാർ സംയുക്തമായി പരിശോധിച്ച് പരിഹരിക്കണം.

* പട്ടിക വർഗക്കാർക്ക് തർക്ക ഭൂമിയിലെ ആധാരങ്ങൾ പട്ടയങ്ങളുടെ ആധികാരികത, വിശ്വസ്തത എന്നിവ പരിശോധിച്ച് വ്യക്തത വരുത്തണം.

*ചാലക്കുടി സനാതന ചാരിറ്റബിൾ സൊസൈറ്റി, കോട്ടത്തറ അഗ്രി ഫാം സൊസൈറ്റി എന്ന പേരിലുള്ള സ്ഥാപനങ്ങൾ എന്തടിസ്ഥാനത്തിലാണ് 100 കണക്കിന് ഏക്കർ ഭൂമി കൈവശം വെച്ച് വരുന്നതെന്നത് സംബന്ധിച്ച പരാതിയിന്മേൽ സമഗ്ര അന്വേഷണം നടത്തുന്നതിന് എസ്.സി എസ്.റ്റി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തണമെന്നും ംുഖ്യമന്ത്രിയുടെ അഢ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

വനം പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം , റവന്യൂ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം, പട്ടികജാതി പട്ടികവർഗ്ഗ സെക്രട്ടറി

ഡോ. എ. കൗശികൻ, ലാൻഡ് റവന്യൂ കമ്മീഷണർ ജീവൻ ബാബു, അഡീഷണൽ പ്രിൻസിപ്പൽ ഡോ. ജെ. ജസ്റ്റിൻ മോഹൻ, പാലക്കാട് കലക്ടർ

എം എസ്. മാധവിക്കുട്ടി , പട്ടികവർഗ്ഗ ഡയറക്ടർ, ഡോ. മിഥുൻ പ്രേംരാജ്, ലാൻഡ് റവന്യൂ അസി. കമ്മീഷണർ, ജേക്കബ് സഞ്ജയ് ജോൺ, ഡെപ്യൂട്ടി കലക്ടർ എസ്. ശ്രീജിത്ത്, ടി.ആർ. ഡി.എം ഡെപ്യൂട്ടി ഡയറക്ടർ സുനിൽ എസ് .ബാബു തിടങ്ങിയവർ ഉന്നതതലയോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Tribal land encroachment in Attappadi: A special team should be appointed - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.