‘ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജന്‍റ്’; എൻ.ഡി.എ പ്രവേശനത്തിൽ ട്വന്‍റി-20യിൽ പൊട്ടിത്തെറി, ഒരു വിഭാഗം കോൺഗ്രസിലേക്ക്

കൊച്ചി: എന്‍.ഡി.എ പ്രവേശനത്തിനു പിന്നാലെ ട്വന്‍റി-20യിൽ പൊട്ടിത്തെറി, ഒരുവിഭാഗം നേതാക്കൾ പാർട്ടിയിൽനിന്ന് രാജിവെച്ചു.

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോഓര്‍ഡിനേറ്റര്‍ രഞ്ജു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലിൽ എന്നിവരാണ് പാർട്ടി വിട്ടത്. കൂടുതല്‍ പേർ രാജിവെക്കുമെന്നും കോണ്‍ഗ്രസില്‍ ചേർന്ന് പ്രവർത്തിക്കുമെന്നും മൂന്നുപേരും സംയുക്തമായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ട്വന്‍റി-20 ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജൻസിയായി മാറിയെന്നും ജനങ്ങളെ വഞ്ചിച്ചെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ‘എന്‍.ഡി.എ സഖ്യത്തെ കുറിച്ച് ജനപ്രതിനിധികള്‍ക്ക് അറിവില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍ ട്വന്റി-20 പിരിച്ചുവിടുമെന്നായിരുന്നു മുന്‍ നിലപാട്. ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജന്റെന്ന പോലെയാണ് നേതാക്കള്‍ പ്രവര്‍ത്തിച്ചത്. റോയല്‍റ്റി കാര്‍ഡിന്റെ പേരില്‍ ജാതിയും മതവും ചോദിച്ചായിരുന്നു സര്‍വെ. ഇത് മുന്നണിപ്രവേശനത്തിലേക്കുള്ള മുന്നൊരുക്കമായിരുന്നോയെന്നും സംശയമുണ്ട്’ -റസീന പരീത് മാധ്യമങ്ങളോട് പറഞ്ഞു.

രാജിവെച്ച പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരും. തെരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്തത് ട്വന്റി-20ക്കാണ്. അല്ലാതെ, ട്വന്റി-20 പ്ലസ് ബി.ജെ.പി എന്ന സഖ്യത്തിനായിരുന്നില്ല. ട്വന്റി-20യില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നും എന്‍.ഡി.എയുടെ ഭാഗമായത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും റസീന കൂട്ടിച്ചേര്‍ത്തു. എൻ.ഡി.എയിൽ ചേരാനുള്ള തീരുമാനം പാർലമെന്ററി ബോർഡ് അംഗങ്ങളോ, വാർഡ് കമ്മിറ്റികളോ, ജനപ്രതിനിധികളോ അറിഞ്ഞിട്ടില്ലെന്ന് പുറത്തുപോയ നേതാക്കൾ പറഞ്ഞു.

കുറച്ചുപേർ മാത്രം എടുത്ത തീരുമാനമാണിത്. ടെലിവിഷനിലൂടെയാണ് ലയനം അറിഞ്ഞതുതന്നെ. ഇതിനായി ആറുമാസം മുന്നേ നീക്കം നടന്നു. ജനങ്ങൾക്ക് സബ്സിഡി നൽകാനെന്ന പേരിൽ നടത്തിയ സർവേ ബി.ജെ.പി പ്രവേശനത്തിനുള്ള മുന്നൊരുക്കമായിരുന്നുവെന്ന് നേതാക്കൾ ആരോപിക്കുന്നു. ജാതിയും മതവും ചോദിച്ച് സര്‍വേ നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ നടപടിയെടുത്തു. നല്‍കിവന്ന ശമ്പളം അവര്‍ വെട്ടിക്കുറച്ചു. ട്വന്റി-20യില്‍ പി.ആര്‍ വര്‍ക്കല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്നും കുന്നത്തുനാടിനെ അവര്‍ വിറ്റുവെന്നും രഞ്ജു പ്രതികരിച്ചു.

ട്വന്റി 20 എൻ.ഡി.എയുടെ ഭാഗമായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാർട്ടി ചെയർമാൻ സാബു ജേക്കബ് കൂടിക്കാഴ്ച നടത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പി തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചതിനുപിന്നാലെ തലസ്ഥാനത്തിന്‍റെ വികസന ബ്ലൂപ്രിന്‍റ് പ്രകാശനം ചെയ്ത് മോദി പങ്കെടുത്ത പുത്തരിക്കണ്ടം മൈതാനത്തെ പൊതുസമ്മേളന വേദിയിലായിരുന്നു കൂടിക്കാഴ്ച.

പൊതുസമ്മേളനത്തിൽ ബി.ജെ.പിയുടെ കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ സാബു ജേക്കബിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി സാബു ജേക്കബ് കൂടിക്കാഴ്ച നടത്തിയശേഷമാണ് ട്വന്റി 20 എൻ.ഡി.എയുടെ ഭാഗമായത്. തിരുവനന്തപുരത്ത് സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തിയെന്നും എൻ.ഡി.എ കുടുംബത്തിലേക്ക് ട്വൻറി 20യെ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നുവെന്നും ജനകേന്ദ്രീകൃത ഭരണത്തിനായുള്ള ഒരുക്കമാവട്ടെയിതെന്നും പ്രധാനമന്ത്രി പിന്നീട് സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. 

വോട്ടുവിഹിതം വർധിപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ നീക്കം. ട്വന്റി-20യുടെ സാന്നിധ്യം എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. 2015ലാണ് ട്വന്റി 20 രൂപവത്കരിച്ചത്. അക്കൊല്ലം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ മത്സരിച്ച് 19 ല്‍ 17 സീറ്റുകള്‍ നേടി അധികാരത്തിലെത്തി.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ മൂന്ന് പഞ്ചായത്തുകളിലേക്ക് കൂടി ട്വന്റി 20 സാന്നിധ്യം വ്യാപിപ്പിച്ചു. ഐക്കരനാട് പഞ്ചായത്തില്‍ 14 സീറ്റുകളും നേടി. കുന്നത്തുനാട് പഞ്ചായത്തില്‍ 18 സീറ്റുകളില്‍ 11 എണ്ണം നേടി. മഴുവണ്ണൂര്‍ പഞ്ചായത്തില്‍ 19 ല്‍ 14 സീറ്റുകളും ട്വന്റി 20 നേടി. ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ട്വന്റി 20ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ മാത്രമാണ് ഭരണം നിലനിർത്താനായത്. ഐക്കരനാട് പഞ്ചായത്തിൽ 16 സീറ്റിൽ മുഴുവൻ സീറ്റിലും വിജയിച്ചു.

Tags:    
News Summary - Split in T20 over NDA entry, a section joins Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.