തൃക്കുളം അമ്പലപ്പടിയിൽ മകൻ വീട്ടിൽനിന്ന് പുറത്താക്കിയ അമ്മക്ക് വീട് ​കൈമാറണ​മെന്ന ഹൈകോടതി വിധി നടപ്പിലാക്കാന്‍ തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കരയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോള്‍

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മയ്ക്ക് നൽകി അധികൃതർ, പേരമകൾ അറസ്റ്റിൽ; മാതാപിതാക്കളെ പരിപാലിക്കാത്ത എല്ലാ മക്കള്‍ക്കും ഇത് പാഠമെന്ന് 78കാരിയായ അമ്മ

തിരൂരങ്ങാടി: മകൻ ഇറക്കിവിട്ട വയോധികക്ക് ഹൈകോടതി ഉത്തരവില്‍ വീട് തിരികെ ലഭിച്ചു. തൃക്കുളം അമ്പലപ്പടി സ്വദേശി പരേതനായ തണ്ടശ്ശേരി വീട്ടില്‍ കുമാരന്റെ ഭാര്യ രാധക്കാണ് (78) കോടതി ഉത്തരവ് തുണയായത്. ഇവരുടെ സ്ഥലത്ത് ഏക മകന്‍ സുരേഷ് കുമാര്‍ പണിത വീടാണ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് അദ്ദേഹത്തെയും കുടുംബത്തെയും പുറത്താക്കി അമ്മക്ക് തിരികെ ലഭ്യമാക്കിയത്.

മകന്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടതോടെ രാധ ആര്‍.ഡി.ഒയെ സമീപിക്കുകയും ആര്‍.ഡി.ഒ രാധക്ക് അനുകൂലമായി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത് മകന്‍ ജില്ല കലക്ടറെ സമീപിച്ചു. 2023ല്‍ കലക്ടറുടെ ഉത്തരവും രാധക്ക് അനുകൂലമായതോടെ മകന്‍ ഹൈകോടതിയിലെത്തി. 2025ല്‍ കോടതി ഉത്തരവും രാധക്ക് അനുകൂലമായി. കഴിഞ്ഞ മാസം 28ന് തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ. സാദിഖിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി രാധക്ക് വീട് ലഭ്യമാക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധനങ്ങള്‍ മാറ്റാന്‍ സമയം വേണമെന്ന മകന്റെ ആവശ്യം പരിഗണിച്ച് അഞ്ചു ദിവസം അനുവദിച്ചു.


ഇന്നലെ ഉച്ചക്കുശേഷം സബ് കലക്ടര്‍ ദിലീപ് കെ. കൈനിക്കരയുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും തിരൂരങ്ങാടി എസ്.ഐ ബിജുവിന്റെ നേതൃത്വത്തിൽ പൊലീസും വീട്ടിലെത്തി. തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രാധയുടെ പേരമകള്‍ വാതില്‍ തുറന്നില്ല. ഇതോടെ പൂട്ട് പൊളിച്ച് അകത്തുകയറിയാണ് ഉദ്യോഗസ്ഥർ രാധയെ വീട്ടിലേക്ക് കയറ്റിയത്.

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് വിദ്യാർഥിനിയായ 19കാരിയെ അറസ്റ്റ് ചെയ്തു. ശാരീരിക-മാനസിക പീഡനത്തെത്തുടർന്ന് ഏഴ് വര്‍ഷത്തോളമായി മകളുടെ വീട്ടിലാണ് താൻ താമസിച്ചിരുന്നതെന്നും വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കാത്ത എല്ലാ മക്കള്‍ക്കും ഇതൊരു പാഠമാണെന്നും രാധ പറഞ്ഞു.

തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖ്, എല്‍.ആര്‍ തഹസില്‍ദാര്‍ എന്‍ മോഹനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എ. സുലൈമാന്‍, കെ.പി. ഗോവിന്ദന്‍കുട്ടി തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.

Tags:    
News Summary - Son throw his mother out of house, highcourt give house to mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.