ചാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ; കൊലപാതകം പിതാവിന്‍റെ സ്വര്‍ണമാലക്ക് വേണ്ടി

മണ്ണുത്തി: തൃശ്ശൂർ കൂട്ടാലയില്‍ ചാക്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മരിച്ച കൂട്ടാലയില്‍ മുത്തേടത്ത് സുന്ദരന്റെ മകന്‍ സുമേഷിനെ (48) മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് സുന്ദരന്റെ മൃതദേഹം ചാക്കിലാക്കിയ നിലയിൽ സമീപത്തെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. തുടർന്ന് മണ്ണുത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുമേഷ് പിടിയിലായത്.

സുന്ദരന്റെ വീട്ടില്‍ രക്തം പറ്റിപ്പിടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സുന്ദരൻ അണിഞ്ഞിരുന്ന സ്വര്‍ണമാലയും മോതിരവും മൃതദേഹത്തിലുണ്ടായിരുന്നില്ല. മൃതദേഹം കണ്ടെത്തിയതോടെ വീട്ടിലേക്ക് പോയ സുമേഷിനെ പൊലീസ് ചോദ്യംചെയ്തപ്പോൾ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

സുന്ദരന്‍ അണിഞ്ഞിരുന്ന സ്വര്‍ണമാല ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടില്‍ വഴക്ക് നടന്നിരുന്നു. ചൊവ്വാഴ്ച വീട്ടിലെ എല്ലാവരും പുറത്തുപോയ സമയത്ത് സുമേഷ് എത്തി സുന്ദരനോട് മാല ആവശ്യപ്പെടുകയും നല്‍കാതായപ്പോള്‍ ബലപ്രയോഗത്തിലൂടെ പൊട്ടിച്ചെടുക്കന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ സുമേഷിനെ സുന്ദരന്‍ തള്ളിയിട്ടു. ഈ ദേഷ്യത്തിന് വീട്ടില്‍ കരുതിവെച്ചിരുന്ന വടി ഉപയോഗിച്ച് സുന്ദരനെ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് സുമേഷ് പൊലീസിനോട് പറഞ്ഞു.

പിന്നീട് മൃതദേഹം ചാക്കിലാക്കി വെള്ളക്കെട്ടിൽ തള്ളുകയായിരുന്നു. സ്വര്‍ണമാലയും മോതിരവും പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തി 80,000 രൂപ വാങ്ങിയതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സുമേഷ് സ്ഥിരം മദ്യപാനിയാണ് എന്നാണ് പറയുന്നത്. മദ്യപിക്കുന്നതിനുള്ള പണത്തിനു വേണ്ടിയാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്.

ഉച്ചകഴിഞ്ഞ് രണ്ടോടെ പ്രതിയായ സുമേഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ചയും മാല കിട്ടിയില്ലെങ്കില്‍ സുന്ദരനെ അടിക്കാനുള്ള വടി കരുതിവെച്ചാണ് എത്തിയത് എന്ന് ഇയാൾ പറഞ്ഞു. കൊലപാതകത്തിനുശേഷം ബാറില്‍ പോയി മദ്യപിച്ച് പുത്തൂര്‍ പുഴമ്പള്ളത്തുള്ള വീട്ടിലേക്കു പോയി. പൊലീസ് ഇയാളെ തേടി വീട്ടിലെത്തിയപ്പോള്‍ പിന്നിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. സുന്ദരന്റെ മൃതദേഹം കൊഴുക്കുള്ളി ഓർമക്കൂട് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Tags:    
News Summary - Son arrested in connection with body found in sack in Thrissur Koottala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.