സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്
കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനും മുസ്ലിം വംശഹത്യ പദ്ധതികൾക്കുമെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ആഗസ്റ്റ് 10ന് കോഴിക്കോട് നഗരത്തിൽ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2006ൽ നടന്ന മുംബൈ ട്രെയിൻ സ്ഫോടന പരമ്പരകളെ തുടർന്ന് വ്യാജകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ഒമ്പത് വർഷത്തെ ജയിൽവാസത്തിനു ശേഷം നിരപരാധിയെന്ന് കണ്ടു വിട്ടയക്കപ്പെടുകയും ചെയ്ത മുംബൈ സ്വദേശിയും അധ്യാപകനുമായ ഡോ. അബ്ദുൽ വാഹിദ് ശൈഖ് മുഖ്യാതിഥിയാവും. നാഷനൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ചെയർമാൻ മസീഹുസ്സമാൻ അൻസാരി (ഡൽഹി) പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലി, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, ചിന്തകനും എഴുത്തുകാരനുമായ കെ.കെ. ബാബുരാജ്, ശ്രീനാരായണ ഗുരുധർമം ട്രസ്റ്റ് ചെയർമാൻ പി.കെ. സുധീഷ് ബാബു, ദ്രാവിഡ വിചാരകേന്ദ്രം ഡയറക്ടർ ഗാർഗ്യൻ സുധീരൻ, എം.ഇ.എസ് നേതാവ് ഡോ. ഹമീദ് ഫസൽ, ഗവേഷകനും എഴുത്തുകാരനുമായ റിയാസ് മോൻ തുടങ്ങിയവർ പങ്കെടുക്കും.
സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം മുതലക്കുളത്ത് സമാപിക്കും. വാർത്തസമ്മേളനത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജന. സെക്രട്ടറി ടി. ഇസ്മായിൽ, സെക്രട്ടറി സജീദ് പി.എം, അസി. സെക്രട്ടറി നസീം അടുക്കത്ത്, സെക്രട്ടേറിയറ്റ് അംഗം അസ്ലം അലി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.