സോളാറിലെ പുതിയ ചട്ടങ്ങൾ: നിർവഹണ നിരീക്ഷണത്തിന് ഏജൻസി

തിരുവനന്തപുരം: സൗരോർജ ഉൽപാദനരംഗത്ത് മാറ്റങ്ങൾ നിർദേശിക്കുന്ന പുനുരുപയോഗ ഊർജ ചട്ടഭേദഗതിയുടെ നിർവഹണ നിരീക്ഷണത്തിന് പ്രത്യേക ഏജൻസിയെ നിയോഗിക്കുന്നു. നിർവഹണ നിരീക്ഷണം, അവലോകനം, റിപ്പോർട്ട് സമർപ്പിക്കൽ, സൗരോർജ ഉൽപാദകർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൽ തുടങ്ങിയവ ഏജൻസിയുടെ പരിധിയിൽ വരും.

നിലവിലുള്ള ഏതെങ്കിലും സർക്കാർ ഏജൻസിയെ ചുമതലകൾ നിർണയിച്ച് ഇതിനായി നിയോഗിക്കും. റെഗുലേറ്ററി കമീഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയ ചട്ടഭേദഗതി ഉത്തരവിൽ ഏജൻസിയുടെ അനിവാര്യത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2030ഓടെ കേരളത്തിന്‍റെ വൈദ്യുതോർജ ആവശ്യകതയുടെ 50 ശതമാനം പുനരുപയോഗ ഊർജത്തിൽ നിന്നാകണമെന്നാണ് ലക്ഷ്യം.

സംസ്ഥാനത്തെ ജലവൈദ്യുത ഉൽപാദനശേഷിയെ സോളാർ വൈദ്യുതി മറികടക്കുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ഏജൻസി രൂപവത്കരണം. പുനരുപയോഗ ഊർജത്തെ കുറിച്ചുള്ള എല്ലാ വിവരവും ലഭ്യമാക്കുന്ന ‘ആർ.ഇ വെബ്പോർട്ടലും’ ഏജൻസിയുടെ നിയന്ത്രണത്തിൽ തുടങ്ങും.

വെബ്പോർട്ടലിന്‍റെ പരിപാലനം ഏജൻസിക്കായിരിക്കും. പുതുതായി സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള മാർഗനിർദേശങ്ങൾ, സാധനസാമഗ്രികൾക്കുള്ള ചെലവ്, മറ്റ് നടപടികൾ തുടങ്ങിയവ ഉപഭോക്താക്കൾക്ക് മനസ്സിലാവുന്ന രീതിയിൽ പോർട്ടലിൽ ഉണ്ടാവും. ഒരോ ജോലിക്കും ഉൽപന്നങ്ങൾക്കും പ്രതീക്ഷിക്കുന്ന വില പോർട്ടലിലൂടെ പ്രസിദ്ധപ്പെടുത്തും.

കെ.എസ്.ഇ.ബിയടക്കം അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭ്യമാകും. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററും (എസ്.എൽ.ഡി.സി) ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറും സംസ്ഥാന ഏജൻസിക്ക് ആവശ്യമായ മാർഗ്നിർദ്ദേശങ്ങളും ഡാറ്റ പിന്തുണയും നൽകാൻ റഗുലേറ്ററി കമീഷൻ നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - solar energy production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.