പെൻഷൻപറ്റിയവരെ ആശങ്കപ്പെടുത്തരുതെന്ന് പ്രതിപക്ഷത്തോട് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹികക്ഷേമ പെന്‍ഷന്‍ നല്‍കുന്ന ഉത്തരവാദിത്തത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറില്ലെന്നും പെൻഷൻപറ്റിയ വൃദ്ധജനങ്ങളെ ആശങ്കപ്പെടുത്താൻ പ്രതിപക്ഷം നിയമസഭാവേദി ഉപയോഗിക്കരുതെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍. സാമൂഹികക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിന് രൂപവത്കരിച്ച കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ ഉത്തരവാദിത്തങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നെന്ന് ആരോപിച്ച് മാത്യു കുഴൽനാടൻ അവതരണാനുമതിതേടിയ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സര്‍ക്കാറിന്റെ ധനകാര്യ മാനേജ്‌മെന്റിലെ പാളിച്ച സംസ്ഥാനത്തിന്റെ ധനസ്ഥിതി ഗുരുതരമാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്നും ഇറങ്ങിപ്പോയി.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡിന്റെ ഉത്തരവാദിത്തത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറില്ലെന്ന് മന്ത്രി ബാലഗോപാല്‍ വ്യക്തമാക്കി. ബജറ്റില്‍ ഉള്‍പ്പെടുത്തിയ തുകതന്നെയാണ് പെന്‍ഷനായി നല്‍കുന്നത്. അതിനുള്ള ഫണ്ട് പരിപാലിക്കുന്നതിനാണ് പ്രത്യേക കമ്പനി രൂപവത്കരിച്ചത്.

കേന്ദ്രത്തില്‍നിന്നുള്ള വിഹിതങ്ങള്‍ വരുന്നതില്‍ ചിലപ്പോള്‍ കാലതാമസം ഉണ്ടാകും. അതിനാൽ മാസംതോറും മുടക്കംകൂടാതെ പെന്‍ഷന്‍ നല്‍കുന്നതിനാണ് കമ്പനി രൂപവത്കരിച്ചത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിന് കേന്ദ്രസർക്കാർ പലതരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിനായി ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു.

കമ്പനിയുടെ ബാധ്യതകളുടെ ഗാരന്‍റി ഏറ്റെടുക്കില്ലെന്നാണ് പുതുക്കിയ ഉത്തരവിലുള്ളതെന്ന് ഇറങ്ങിപ്പോക്ക് പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം നൽകുന്ന നഷ്ടപരിഹാരം 2022ല്‍ അവസാനിക്കുമെന്ന് ജി.എസ്.ടി തുടങ്ങുമ്പോള്‍ത്തന്നെ വ്യക്തമായിരുന്നു. എന്നിട്ടും അതു പരിഷ്‌കരിക്കുന്നതിനോ നികുതി വർധിപ്പിക്കുന്നതിനോ സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

Tags:    
News Summary - Social welfare pension will continue - Finance Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.