കുറ്റ്യാടിയിൽ മാണി കോൺഗ്രസ് കടുംപിടുത്തം, എൽ.ഡി.എഫ് സീറ്റുവിഭജനത്തിൽ കല്ലുകടി

തിരുവനന്തപുരം: കുറ്റ്യാടി സീറ്റിൽ കേരള കോൺഗ്രസ് (എം) കടുംപിടുത്തം തുടരുന്നതോടെ ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ചകളിൽ അനിശ്ചിതത്വവും കല്ലുകടിയും. കഴിഞ്ഞ തവണ 13 സീറ്റാണ് കേരള കോൺഗ്രസിന് അനുവദിച്ചതെങ്കിലും സി.പി.എമ്മിൽ പ്രാദേശികമായുണ്ടായ പരസ്യപ്രതിഷേധങ്ങളെയും സവിശേഷ രാഷ്ട്രീയ സാഹചര്യത്തെയും തുടർന്ന് കുറ്റ്യാടി സി.പി.എം തിരിച്ചെടുത്തിരുന്നു.

എന്നാൽ, ഇത് തങ്ങളുടെ സിറ്റിങ് സീറ്റാണെന്ന നിലപാടിൽ ഇക്കുറി മാണി കോൺഗ്രസ് നിലയുറപ്പിച്ചതാണ് ഇടതുമുന്നണയിലെ സീറ്റ് വിഭജന ചർച്ചകളെ വഴിമുട്ടിക്കുന്നത്. അതേസമയം, കുറ്റ്യാടി തങ്ങളുടെ സീറ്റാണെന്നും വിട്ടുനൽകാനാവില്ലെന്നുമുള്ള നിലപാടിലാണ് സി.പി.എം. ഇക്കാര്യം തിങ്കളാഴ്ച ചർച്ചയിൽ ജോസ് കെ. മാണിയെ അറിയിക്കുകയും ചെയ്തു. പക്ഷേ, ചർച്ചക്കുശേഷം 13 സീറ്റ് കിട്ടുമെന്ന പ്രതീക്ഷയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘‘13 കിട്ടണമല്ലോ’’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിൽനിന്ന് ചർച്ചയുടെ സ്വഭാവും കേരള കോൺഗ്രസ് നിലപാടും വ്യക്തം.

മലബാർ മേഖലയിൽ സ്വാധീനമുറപ്പിക്കാൻ കുറ്റ്യാടി പോലുള്ള ഉറച്ച മണ്ഡലം അത്യാവശ്യമാണെന്നാണ് മാണി കോൺഗ്രസ് വാദം. കുറ്റ്യാടിയില്ലെങ്കിൽ പകരം മറ്റൊരു സീറ്റ് വേണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സി.പി.എം കൃത്യമായ മറുപടി പറഞ്ഞിട്ടില്ല. ഇതോടെയാണ് തിങ്കളാഴ്ചയിലെ ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്.

ഇതിനുപുറമെ ആർ.ജെ.ഡിയുമായും ഉഭയകക്ഷി ചർച്ച നടന്നു. നിലവിൽ മൂന്ന് സീറ്റുകൾക്ക് പുറമെ അധിക മൂന്നുസീറ്റുകൾ കൂടി ആർ.ജെ.ഡി ആവശ്യപ്പെട്ടു. എന്നാൽ, കൂടുതൽ സീറ്റ് ഒരു പാർട്ടിക്കും നൽകാനാകില്ലെന്നാണ് സി.പി.എം നിലപാട്. തിങ്കളാഴ്ച വൈകിട്ട് സി.പി.ഐയുമായും ചർച്ച നടന്നു.

Tags:    
News Summary - Mani Congress stands firm in Kuttiyadi; friction in LDF seat-sharing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.