കോട്ടയം: ഹാട്രിക് ഭരണം സ്വപ്നം കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഇടതു മുന്നണി കൈമെയ് മറന്ന് അധ്വാനിക്കുമ്പോൾ, ജനപ്രിയ സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ജനക്ഷേമ പരിപാടികൾ വീട്ടകങ്ങളിലേക്ക് നേരിട്ട് അവതരിപ്പിച്ച് സർക്കാർ വ്യത്യസ്തമായ പ്രചാരണ മുഖം തുറക്കുന്നു. പ്രമുഖ ടി.വി ചാനലുകളുടെ ജനപ്രിയ സിറ്റ്കോമുകളും റിയാലിറ്റി ഷോകളുമാണ് പ്രചാരണമെന്ന് പ്രത്യക്ഷത്തിൽ തോന്നാത്ത വിധത്തിൽ ഉപയോഗപ്പെടുത്തുന്നത്.
സിറ്റ്കോമുകളിൽ കഥാപാത്രങ്ങൾ തമ്മിലെ സംഭാഷണത്തിൽ തികച്ചും സ്വാഭാവികമെന്ന മട്ടിലാണ് സർക്കാർ പദ്ധതികളെ കുറിച്ച പരാമർശങ്ങൾ കടന്നുവരുന്നത്. റിയാലിറ്റി ഷോകളിൽ വിധികർത്താക്കളും മത്സരാർഥിയും തമ്മിലെ സംസാരത്തിനിടക്കും ജനക്ഷേമ പരിപാടികൾ ഇങ്ങനെ ഇടംപിടിക്കും.
സർക്കാർ സ്കൂളുകളുടെ ഗുണമേന്മ ഉയർത്തിയതും സാമൂഹിക ക്ഷേമ പെൻഷനും ആശുപത്രി സൗകര്യങ്ങളും മറ്റു ക്ഷേമ പദ്ധതികളുമൊക്കെ ഇങ്ങനെ ചാനലുകളുടെ വിനോദ പരിപാടികളിൽ പരസ്യമല്ലാതെ കഥയുടെ ഭാഗമായി അടിക്കടി കടന്നുവരുന്നുണ്ട്. അസ്വാഭാവികത തോന്നാത്ത വിധം വഴക്കത്തോടെയാണ് ഇവയുടെ തിരക്കഥാ നിർമിതി. പബ്ലിക് റിലേഷൻസ് വിഭാഗത്തിന്‍റെ നേരിട്ടുള്ള ഉപദേശത്തിലും ഇടപെടലിലുമാണ് ഇങ്ങനെ സമന്വയ പരസ്യ (integrated advertisement) ത്തിന്‍റെ തിരക്കഥ ചിട്ടപ്പെടുത്തുന്നത്. ചാനൽ റേറ്റിങ്ങും പരിപാടിയുടെ സ്ലോട്ടും അനുസരിച്ചാണ് പ്രതിഫലം.
ഫാമിലി പെൻഷൻ തുക വരാത്തതിൽ വിഷമിക്കുന്ന അമ്മയെ, 65 ലക്ഷം പേർ പെൻഷൻ വാങ്ങുന്നതും 18നും 35നുമിടയിലെ അഞ്ചു ലക്ഷത്തിലേറെ യുവാക്കൾക്ക് നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക് സ്കോളർഷിപ്പുമൊക്കെ വിവരിച്ച് മക്കൾ ആശ്വസിപ്പിക്കുന്നതു പോലെ തീർത്തും സ്വാഭാവികമായാണ് അവതരണം.
തെരഞ്ഞെടുപ്പിൽ കടുത്ത മത്സരമാണു നടക്കുകയെന്നും യു.ഡി.എഫിനുള്ള ചെറിയ മുൻതൂക്കം ആഞ്ഞുപിടിച്ചാൽ മറികടക്കാമെന്ന ഇന്‍റലിജന്‍റ്സ് റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഏതു വിധേനയും ജനങ്ങളെ സ്വാധീനിക്കാനുള്ള തീവ്ര പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.